എറണാകുളം: ആലുവയിലെ വീട്ടിൽ നിന്ന് ആദായനികുതി ഉദ്യോഗസ്ഥർ ചമഞ്ഞ് റെയ്ഡ് നടത്തി സ്വര്‍ണ്ണം മോഷ്ടിച്ച കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ചു. അന്വേഷണം ഊർജിതമാക്കാൻ ആലുവ റൂറൽ എസ്പി കെ കാർത്തിക്കിന്റെ നേതൃത്വത്തിൽ 23 അംഗ സംഘത്തെയാണ് രൂപീകരിച്ചിരിക്കുന്നത്. ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് ആലുവ ബാങ്ക് ജംഗ്ഷനു സമീപം മഹാരാഷ്ട്ര സ്വദേശിയായ സഞ്ജയ് കുമാറിന്റെ വീട്ടില്‍ മോഷണം നടത്തിയത്.
അനധികൃത സാമ്പത്തിക ഇടപാടുകൾ ഉള്ളതായി വിവരം ലഭിച്ചിട്ടുണ്ടെന്നും, വീട് പരിശോധിക്കണമെന്നും മോഷ്ടാക്കൾ ആവശ്യപ്പെടുകയായിരുന്നു എന്ന് സഞ്ജയ് കുമാര്‍ പറഞ്ഞു. ഇൻകം ടാക്സ് ഉദ്യോഗസ്ഥരുടെ വ്യാജ തിരിച്ചറിയൽ കാർഡും ഇവർ കാണിച്ചിരുന്നു. വീട് പരിശോധിച്ച ശേഷം വീട്ടിൽ നിന്ന് ലഭിച്ച 300 ഗ്രാം സ്വർണവും ഒരു ലക്ഷത്തി എൺപതിനായിരം രൂപയുമായാണ് സംഘം രക്ഷപ്പെട്ടത്.
സഞ്ജയ് കുമാറിനെ വിശ്വസിപ്പിക്കാൻ കൈക്കലാക്കിയ സ്വര്‍ണ്ണത്തിന്റെയും പണത്തിന്റെയും വിവരങ്ങൾ എഴുതി വെള്ള പേപ്പറിൽ ഒപ്പും വെപ്പിച്ചിരുന്നു. സഞ്ജയ്‌യുടെ ബാങ്ക് അക്കൗണ്ടുകളുടെ നാല് പാസ്ബുക്കുകളും, പാൻകാർഡും, മറ്റ് രേഖകളും തട്ടിപ്പ് സംഘം പിടിച്ചെടുത്തിരുന്നു. പ്രതികളുടെ, സിസിടിവി. ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.
ഉദ്യോഗസ്ഥരെന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ വസ്ത്രം ധരിച്ചെത്തിയ മധ്യവയസ്‌കരായ നാല് പേരായിരുന്നു തട്ടിപ്പ് സംഘത്തിലുണ്ടായിരുന്നത്. മൊബൈൽ സിഗ്നൽ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. ആലുവ ഡിവൈ എസ്.പി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ മൂന്ന് സി.ഐമാരും ആറ് എസ്.ഐമാരും അന്വേഷണം ആരംഭിച്ചതായി റൂറൽ എസ്.പി കെ കാർത്തിക് അറിയിച്ചു. മോഷണം നടന്ന ആലുവയിലെ വീട് എസ്.പി സന്ദർശിച്ചു.