കൊച്ചി: നാൽപതാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി ‘ഇസ്‌ലാം: വിമോചനത്തിന്റെ പുതുലോക ഭാവന’ എന്ന പ്രമേയത്തിൽ എസ്.ഐ.ഒ സംസ്ഥാന വ്യാപകമായി ഏരിയാ സമ്മേളനങ്ങൾ പ്രഖ്യാപിച്ചു. കൊച്ചി ഗ്രാൻഡ് സ്ക്വയറിൽ നടന്ന നേതൃസംഗമത്തിൽ എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് അംജദ് അലി ഇ.എം സമ്മേളന പ്രഖ്യാപനം നിർവഹിച്ചു. സെപ്റ്റംബർ ഒന്ന് മുതൽ 30 വരെയുള്ള കാലയളവിൽ നടക്കുന്ന സമ്മേളനങ്ങൾ ഹിന്ദുത്വ വംശീയതക്കും ഇസ്‌ലാമോഫോബിയക്കും എതിരായ ശക്തമായ ചുവടുവെപ്പായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വംശീയതയെ മുറിച്ചുകടന്ന് വിമോചനത്തിന്റെ വാതിലുകൾ തുറക്കപ്പെടുന്ന, അനീതിയിലധിഷ്ഠിതമായ സാമൂഹിക ഘടനയെ മറികടന്ന് നീതിയുടെ സാമൂഹികക്രമം പുലരുന്ന ഒരു പുതുലോകത്തെക്കുറിച്ച ഭാവനയെ നെഞ്ചേറ്റി കൂടുതൽ കരുത്തോടെ മുസ്‌ലിം ചെറുപ്പത്തിന് മുന്നേറാൻ ഏരിയ സമ്മേളനങ്ങൾ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമ്മേളനങ്ങളുടെ ഭാഗമായി പ്രാദേശിക തലങ്ങളിൽ വ്യത്യസ്തങ്ങളായ പരിപാടികൾ നടക്കും.
സംസ്ഥാന ജനറൽ സെക്രട്ടറി അൻവർ സലാഹുദ്ദീൻ പരിപാടിയിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറിമാരായ സഈദ് കടമേരി, റഷാദ് വി.പി, അഡ്വ. അബ്ദുൽ വാഹിദ്, ഷറഫുദ്ദീൻ നദ് വി, അബ്ദുൽ ജബ്ബാർ, വാഹിദ് ചുള്ളിപ്പാറ, തഷ് രീഫ് കെ.പി, നിയാസ് വേളം തുടങ്ങിയവർ പങ്കെടുത്തു.