കേതുഗ്രാം (പശ്ചിമ ബംഗാൾ): നഴ്സായി സർക്കാർ ജോലിയിൽ പ്രവേശിച്ച ഭാര്യ തന്നെ ഉപേക്ഷിച്ച് പോകുമെന്ന് ഭയന്ന് രോഷാകുലനായ ഭര്‍ത്താവ് ഭാര്യയുടെ അവളുടെ വലതു കൈത്തണ്ട വെട്ടി മാറ്റി. പശ്ചിമ ബംഗാളിലെ പുർബ ബർധമാൻ ജില്ലയിലെ കേതുഗ്രാമിലെ കോജൽസ ഗ്രാമത്തിൽ തിങ്കളാഴ്ചയാണ് ക്രൂരമായ സംഭവം നടന്നത്.
പരിക്കേറ്റ രേണു ഖാത്തൂണിനെ ഗുരുതരാവസ്ഥയിൽ ദുർഗാപൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയായ ഭർത്താവ് ഷേർ മുഹമ്മദും കുടുംബവും അന്നുമുതൽ ഒളിവിലാണ്. പ്രാദേശിക വൃത്തങ്ങൾ പറയുന്നതനുസരിച്ച്, ദുർഗാപൂരിലെ ഒരു സ്വകാര്യ നഴ്സിംഗ് ഹോമിൽ ജോലി ചെയ്യുന്ന രേണു പരിശീലനം നേടിയ നഴ്സാണ്. അടുത്തിടെ സർക്കാർ ജോലിക്കുള്ള പരീക്ഷ പാസായ അവര്‍ ഒരു സർക്കാർ ആശുപത്രിയിൽ നഴ്സായി ചേരേണ്ടതായിരുന്നു. എന്നാൽ, രേണുവിന്റെ തീരുമാനത്തിൽ ഭർത്താവ് ഷേർ മുഹമ്മദ് ഷെയ്ഖ് അതൃപ്തനായിരുന്നു.
ഷേർമുഹമ്മദ് തൊഴിൽരഹിതനായതിനാൽ പുതിയ ജോലിയിൽ പ്രവേശിച്ചാൽ ഭാര്യ ഉപേക്ഷിച്ചു പോകുമെന്ന് കരുതി. ഇത് ദമ്പതികൾക്കിടയിൽ വഴക്കുണ്ടാക്കുകയും സംഭവ ദിവസം വഴക്ക് മൂത്ത് മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് ഷേർ മുഹമ്മദ് ഭാര്യയെ ആക്രമിക്കുകയും കൈത്തണ്ട മുറിക്കുകയും ചെയ്തു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയിൽ രേണുവിന് ധാരാളം രക്തം നഷ്ടപ്പെട്ടിരുന്നു. ശസ്ത്രക്രിയയ്ക്കിടെ ഡോക്ടർമാർക്ക് അവരുടെ കൈ പൂർണ്ണമായും മുറിച്ചുമാറ്റേണ്ടി വന്നു.
പഠനകാലത്താണ് ഷെർ മുഹമ്മദിനെ രേണുവിനെ പരിചയപ്പെട്ടത്. പിന്നീട് ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചു. ഒരു ലക്ഷം രൂപ പണവും സ്വർണാഭരണങ്ങളും മറ്റ് സാധന സാമഗ്രികളും സ്ത്രീധനമായി നൽകിയതായി രേണുവിന്റെ മുത്തച്ഛൻ റിപ്പൺ ഷെയ്ഖ് പറഞ്ഞു.