ഹൂസ്റ്റൺ: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസിന് ലഭിച്ച ഉജ്ജ്വല വിജയം ധാർഷ്ട്യത്തിന്റെയും അഹന്കാരത്തിന്റയും മുഖമുദ്രയായി മാറിയ കേരളാ മുഖ്യമന്ത്രി പിണറായി വിജയന്റെ സർക്കാരിനെതിരെയുള്ള വിധിയെഴുത്തായിരുന്നുവെന്ന് ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യുഎസ്‌എ) യോഗം വിലയിരുത്തി.
മുഖ്യമന്ത്രിയും 20 മന്ത്രിമാരും 60 എംഎൽഎമാരും ഒരു മാസത്തോളം തൃക്കാക്കരയിൽ ക്യാമ്പ് ചെയ്ത് , വർഗീയ പ്രീണനം നടത്തി, വികസനത്തിന്റെ ഇല്ലാക്കഥകൾ അഴിച്ചു വിട്ട്, സെഞ്ച്വറി അടിക്കാൻ ഇറങ്ങി പുറപ്പെട്ടപ്പോൾ രാഷ്ട്രീയ പ്രബുദ്ധരും, വിദ്യാഭ്യാസവും ഉള്ള തൃക്കാക്കരയിലെ വോട്ടർമാർ ‘കിറ്റ്’ കൊടുത്ത് ജനത്തെ പറ്റിച്ച് അധികാരത്തിൽ കയറിയ പിണറായി സർക്കാരിന്റെ വികസന വിരുദ്ധതയെയും പൊള്ള വാക്കുകളെയും തിരിച്ചറിഞ്ഞു 25000 ൽ പരം വോട്ടുകളുടെ ഭൂരിപക്ഷത്തിനു ഉമാ തോമസിനെ വിജയിപ്പിച്ച്, കേരളത്തിലെ കോൺഗ്രസ് പ്രസ്ഥാനത്തിന്റെ തിരിച്ചു വരവ് വിളിച്ചു പറഞ്ഞു.
മെയ് 5 നു വൈകുന്നേരം 4.30 യ്ക്ക് സ്റ്റാഫോർഡിലെ ഡെലിഷിയസ് കേരളാ കിച്ചൻ റെസ്റ്റോറന്റിൽ കൂടിയ പ്രത്യേക സമ്മേളനത്തിൽ ഒഐസിസിയുഎസ്എ നാഷണൽ ചെയർമാൻ ബേബി മണക്കുന്നേൽ അധ്യക്ഷത വഹിച്ചു.
ചടയമംഗലം മുൻ എംഎൽഎയും ദേവസ്വം ബോർഡ് മുൻ പ്രസിഡണ്ടും ദീർഘകാലം ‘മിൽമ’ യുടെ ചെയർമാനും കോൺഗ്രസിന്റെ കരുത്തുറ്റ നേതാവുമായിരുന്ന പ്രയാർ ഗോപാലകൃഷ്ണന്റെയും അമേരിക്കയിലെ സാമൂഹ്യ സംസ്കാരിക വേദികളിലെ നിറസാന്നിധ്യവും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അമേരിക്കയിലെ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യവും കാരുണ്യത്തിന്റെ പര്യായവുമായിരുന്ന മറിയാമ്മ പിള്ളയുടെയും അകാല വേർപാടിൽ നാഷണൽ ജനറൽ സെക്രട്ടറി ജീമോൻ റാന്നി അനുശോചനം രേഖപ്പെടുത്തി ആദരസൂചകമായി യോഗം ഒരു മിനിറ്റ് മൗനമാചരിച്ചു.
ഹൂസ്റ്റൺ ചാപ്റ്റർ നിയുക്ത പ്രസിഡണ്ട് വാവച്ചൻ മത്തായി സ്വാഗതം ആശംസിച്ചു.
ഇടതുപക്ഷ സർക്കാരിന്റെ പൊയ്മുഖം അഴിഞ്ഞുവീണ തെരഞ്ഞെടുപ്പ്, കാപട്യത്തിന്റെ മുഖമായിരുന്ന പിണറായി സര്ക്കാരിന്റെ ജനദ്രോഹ നടപടികൾകെതിരെയുള്ള വിധിയെഴുത്തായിരുന്നു തൃക്കാക്കരെയെന്ന് ബേബി മണക്കുന്നേൽ അദ്ധ്യക്ഷ പ്രസംഗത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ചു പറഞ്ഞു. അടുക്കളകളിൽ മൈൽ കുറ്റികൾ അടിച്ചു രസിച്ചു കളിച്ച സർക്കാറിന്റെ മുമ്പിൽ സമരരംഗത്തേക്കു ഇറങ്ങിയ ആയിരകണക്കിന് അമ്മമാരുടെ, പോലീസിന്റെ ക്രൂരമർദ്ദനമേറ്റ സ്ത്രീകളുടെ, കുഞ്ഞുങ്ങളുടെ കണ്ണുനീരിന്റെ ഫലമാണ് ഈ തിരഞ്ഞെടുപ്പു വിജയമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
തുടർന്ന് നാഷണൽ ചെയർമാൻ ജെയിംസ് കൂടൽ തന്റെ പ്രസംഗത്തിൽ ഒഐസിസി യുഎസ്‌എയ്ക്കും തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഉമാ തോമസിന്റെ വിജയത്തിനായി സജീവമായി പ്രവർത്തിക്കുവാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് പറഞ്ഞു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സമയം മുതൽ ഉമ തോമസിന്റെ വിജയത്തിനുവേണ്ടി വിവിധ രീതികളിൽ സഹായിക്കുന്നതിന്ന് ഒഐസിസി യുഎസ്എ പ്രവർത്തകർ സജീവമായി മുന്നിട്ടിറങ്ങി. കെപിസിസി ഇലെക്ഷൻ ഫണ്ടിലേക്ക് ധന സഹായം നൽകിയതു കൂടാതെ, 24 മണിക്കൂറും ഒഐസിസി യുഎസ്എ സൈബർ മീഡിയയും സജീവമായി പ്രവർത്തിച്ചിരുന്നു. കെപിസിസി ഇലക്ഷൻ ഫണ്ടിലേക്ക് 5 ലക്ഷത്തി ഇരുപത്തയ്യായിരം രൂപ നൽകി സഹായിച്ച എല്ലാ പ്രവർത്തകരെയും നേതാക്കൾ അഭിനന്ദിച്ചു. 100 കണക്കിന് ആളുകളെ പങ്കെടുപ്പിച്ചു ഒരു ഇലെക്ഷൻ സ്പെഷ്യൽ സമ്മേളനവും ക്രമീകരിയ്ക്കുവാൻ കഴിഞ്ഞുവെന്നത് ചാരിതാർഥ്യം നൽകുന്നു.
സ്റ്റാഫോർഡ് സിറ്റി പ്രോടെം മേയറും മലയാളിയുമായ കെൻ മാത്യു സമ്മേളനം ഉത്‌ഘാടനം ചെയ്തു. ഒരു കാലത്ത് ബോംബയിൽ യൂത്ത് കോൺഗ്രസ്സിന്റെ നേതൃസ്ഥാനത്തു പ്രവർത്തിച്ചിരുന്ന അദ്ദേഹം തന്റെ കോൺഗ്രസ് ബന്ധങ്ങളും പങ്കു വെച്ചു. കേരളത്തിൽ മാത്രമല്ല ഇന്ത്യയിൽ ഒന്നാകെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് തിരിച്ചു വരണമെന്നും, വന്നേ മതിയാകൂ എന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു. ജനാധിപത്യത്തിനും മതേതരത്വത്തിനും കോൺഗ്രസ് ഭരണം അത്യാവശ്യമാണ്. കോൺഗ്രസിൽ ഗ്രൂപ്പുകളുടെ കാലം കഴിഞ്ഞുവെന്ന് താൻ വിശ്വസിക്കുന്നു. അമേരിക്കയിലെ “പ്രൈമറി” തിരഞ്ഞെടുപ്പുകൾ പോലെ നേതാക്കളെ താഴെ തട്ടിൽ തന്നെ തെരഞ്ഞെടുക്കുവാൻ കഴിഞ്ഞിരുന്നെവെങ്കിൽ എന്ന് അദ്ദേഹം പ്രത്യാശ പ്ര കടിപ്പിച്ചു.
“സെഞ്ച്വറി” അടിക്കാൻ വന്നവർ “ഇഞ്ചുറി” യുമായി പോയി, ‘ഇടതുപക്ഷം മൈൽ കുറ്റിയിൽ ഇടിച്ചുവീണു”, കെ.സുധാകരൻ – വീഡി സതീശൻ ഗ്രൂപ്പിന്റെ ഒത്തൊരുമ, കൂട്ടായ്മ, 2024 ലെ പൊതു തെരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസ് പ്രവർത്തകർക്ക് കിട്ടിയ ആവേശകരമായ വിജയസമ്മാനം ആയിരുന്നു ഉമാ തോമസ്. പങ്കെടുത്ത പ്രവർത്തകരും നേതാക്കളുമെല്ലാം വലിയ ആവേശത്തിലാണ് സംസാരിച്ചത്. നിലപാടുകളുടെ രാജകുമാരനായിരുന്ന പി.ടി.തോമസിന്റെ ജ്വലിക്കുന്ന ഓർമകളും പങ്കുവയ്ക്കപ്പെട്ടു.
സതേൺ റീജിയൺ വൈസ് പ്രസിഡന്റുമാരായ ജോമോൻ ഇടയാടി, പൊന്നു പിള്ള, ബാബു കൂടത്തിനാലിൽ, സെക്രട്ടറി ബിബി പാറയിൽ, വനിതാ വിഭാഗം ചെയർ പേഴ്സൺ ഷീല ചെറു, റീജിയണൽ ജോയിന്റ് ട്രഷറർ അലക്സ് എം തെക്കേതിൽ, റീജിയണൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സജി ഇലഞ്ഞിക്കൽ, റോയ് വെട്ടുകുഴി മറ്റു നേതാക്കളായ ടോം വിരിപ്പൻ, ജോസ് മാത്യു, ജോജി ജോസഫ്, ഡാനിയേൽ ചാക്കോ, ബിനു തോമസ്, മാത്യൂസ് പൂവത്തിങ്കൽ, വർഗീസ് ചെറു, ആലിസ് മാത്യു തുടങ്ങിവർ ഉമാ തോമസിനു ആശംസകൾ അറിയിച്ചു സംസാരിച്ചു.
സതേൺ റീജിയൻ ട്രഷറർ സഖറിയാ കോശി നന്ദി പ്രകാശിപ്പിച്ചു.
വന്നു കൂടിയ എല്ലാവർക്കും ലഡ്ഡു വിതരണം ചെയ്തു. സമ്മേളനത്തിന് ശേഷം നാടൻ ഭക്ഷണവും ഉണ്ടായിരുന്നു.