നുണകള്‍ പ്രചരിപ്പിച്ച് സർക്കാരിന്റെ ഇച്ഛാശക്തിയെ ആര്‍ക്കും തകർക്കാനാകില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേസിലെ പ്രതികളുമായി ചിലർ പഴയ കാര്യങ്ങൾ കുത്തിപ്പൊക്കുകയാണെന്നും മുഖ്യമന്ത്രി വാർത്താക്കുറിപ്പിൽ ആരോപിച്ചു. സ്വപ്ന സുരേഷിന്റെ പേര് പരാമർശിക്കാതെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

ജനക്ഷേമം ലക്ഷ്യമിട്ട് മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സർക്കാരിനെ അപകീർത്തിപ്പെടുത്തുകയാണ് ഇക്കൂട്ടരുടെ ലക്ഷ്യം. എന്നാൽ, നുണകൾ പ്രചരിപ്പിച്ച് സർക്കാരിന്റെ ഇച്ഛാശക്തി തകർക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നതും ഏറ്റെടുക്കുന്നതും ഗൂഢപദ്ധതിയുടെ ഭാഗമായാണ്. അടിസ്ഥാനരഹിതമായ പ്രചരണങ്ങള്‍ ജനങ്ങള്‍ തിരിച്ചറിഞ്ഞ് തള്ളിക്കളയും. ഈ പ്രചാരണങ്ങള്‍ക്ക് പിന്നില്‍ സങ്കുചിത രാഷ്ട്രീയ താത്പര്യമാണെന്നും പിണറായി വിജയന്‍ ആരോപിക്കുന്നു.

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഗുരുതര വെളിപ്പെടുത്തലാണ് സ്വപ്‌ന സുരേഷ് നടത്തിയത്. 2016ല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശത്തായിരുന്നപ്പോള്‍ ബാഗേജ് ക്ലിയറന്‍സിന് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ തന്നെ വിളിച്ചെന്നും മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് യുഎഇ കോണ്‍സുല്‍ ജനറല്‍ സാധനങ്ങള്‍ കൊടുത്തയച്ചു എന്നുമാണ് സ്വപ്‌ന സുരേഷിന്റെ ആരോപണം. സ്വർണക്കടത്ത് കേസിൽ കോടതിയിൽ രഹസ്യമൊഴി നൽകിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സ്വപ്ന സുരേഷ്.

 

Print Friendly, PDF & Email

Leave a Comment

More News