തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പിന് കീഴിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ മുതിർന്ന പൗരന്മാർക്ക് 50 ശതമാനം ഫീസിളവ് നൽകാൻ തീരുമാനിച്ചതായി ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ്. വിനോദസഞ്ചാര കേന്ദ്രങ്ങളിൽ എത്തുന്ന മുതിർന്ന പൗരന്മാർക്ക് ഇത് വലിയ ആശ്വാസമാകുമെന്നും മന്ത്രി പറഞ്ഞു.
മുതിർന്ന പൗരന്മാരും അവരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സംഘടനകളും ഉൾപ്പെടെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ മുതിർന്ന പൗരന്മാർക്ക് ഇളവ് അനുവദിക്കണമെന്ന് നേരത്തെ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. നിയമസഭയുടെ കീഴിലുള്ള മുതിർന്ന പൗരന്മാരുടെ ക്ഷേമം സംബന്ധിച്ച സമിതിക്ക് മുമ്പാകെ കോഴിക്കോട് ഹ്യൂമൻ റൈറ്റ്‌സ് ഫോറം നൽകിയ നിവേദനത്തിലും ഈ ആവശ്യമുയർന്നിരുന്നു. ടൂറിസം വകുപ്പ് ഇക്കാര്യം പരിശോധിച്ച് വിശദമായ റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ട്. നിയമസഭാ സമിതിക്ക് മുമ്പാകെ റിപ്പോർട്ടും സമർപ്പിച്ചു. വിശദമായ പരിശോധനകൾക്ക് ശേഷം 50 ശതമാനം ഫീസിളവ് നൽകാൻ ടൂറിസം വകുപ്പ് തീരുമാനിച്ചു.