ഒട്ടാവ: ഒരു മുസ്ലീം കുടുംബത്തിലെ നാല് പേർ തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ട് ഒരു വർഷത്തിന് ശേഷം കാനഡയിലെ മുസ്ലീം കമ്മ്യൂണിറ്റി നേതാക്കൾ ഇസ്ലാമോഫോബിയ കൈകാര്യം ചെയ്യണമെന്ന് സർക്കാരിനോട് വീണ്ടും ആവശ്യങ്ങൾ ഉന്നയിച്ചു.
കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുമായും തലസ്ഥാനമായ ഒട്ടാവയിൽ നിയമനിർമ്മാതാക്കളുമായും അവർ തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തി, ബ്രിട്ടീഷ് കോമൺവെൽത്ത് രാജ്യത്ത് നിലനിൽക്കുന്ന ഇസ്‌ലാമോഫോബിയയും വിദ്വേഷ കുറ്റകൃത്യങ്ങളും പരിഹരിക്കുന്നതിനുള്ള അർത്ഥവത്തായ നടപടികൾക്ക് ആഹ്വാനം ചെയ്തു.
ലണ്ടനിലെ ഒന്റാറിയോയിൽ അഫ്‌സൽ കുടുംബത്തിലെ നാല് പേർ ഹീനമായ തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ട് ഒരു വർഷം തികയുന്ന സാഹചര്യത്തിലാണ് ഈ ആവശ്യം ഉയർന്നത്. ആയിരക്കണക്കിന് പ്രദേശവാസികൾ ഞായറാഴ്ച പ്രതിഷേധ റാലിയുമായി തെരുവിലിറങ്ങിയതിന് തൊട്ടുപിന്നാലെയാണിത്.
സൽമാൻ അഫ്‌സൽ (46), ഭാര്യ മദിഹ (44), 74കാരിയായ അമ്മ തലത്, 15 വയസ്സുള്ള മകൾ യുംന എന്നിവർക്ക് നേരെ 20 കാരനായ നഥാനിയേൽ വെൽറ്റ്മാൻ തന്റെ പിക്ക്-അപ്പ് ട്രക്ക് ബോധപൂർവം ഇടിച്ചാണ് കൊലപ്പെടുത്തിയത്. റോഡ് മുറിച്ചുകടക്കാൻ കാത്തുനിൽക്കുമ്പോഴായിരുന്നു സംഭവം. അവരുടെ 9 വയസ്സുള്ള മകൻ ഫെയ്‌സും കൂട്ടത്തിലുണ്ടായിരുന്നെങ്കിലും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
വെൽറ്റ്മാൻ നാല് ഫസ്റ്റ് ഡിഗ്രി കൊലപാതകം, ഒരു കൊലപാതകശ്രമം, തീവ്രവാദ കുറ്റങ്ങൾ എന്നിവ നേരിടുന്നു. പ്രാദേശിക പത്ര റിപ്പോർട്ടുകൾ പ്രകാരം അയാളുടെ വിചാരണ 2023 സെപ്റ്റംബറിൽ ആരംഭിക്കും.
ഇരകളെ “അവരുടെ ഇസ്ലാമിക വിശ്വാസത്തിന്റെ പേരിലാണ്” ലക്ഷ്യം വെച്ചതെന്ന് ടൊറന്റോ പോലീസ് മേധാവി ആ സമയത്ത് സ്ഥിരീകരിച്ചിരുന്നു.
ഞായറാഴ്ച നടന്ന ലണ്ടന്‍ മാര്‍ച്ചില്‍ ജസ്റ്റിന്‍ ട്രൂഡോയും പങ്കെടുത്തു. “ഇന്ന് ഉച്ചകഴിഞ്ഞ് ലണ്ടനിൽ ആയിരക്കണക്കിന് ആളുകൾ അഫ്‌സൽ കുടുംബത്തെ ആദരിക്കുന്നതിനും അതിജീവിച്ച ഫയസിന് ഒപ്പം ഉണ്ടായിരിക്കുന്നതിനും ഇസ്‌ലാമോഫോബിയയ്‌ക്കെതിരെ മാർച്ച് ചെയ്യുന്നതിനും വേണ്ടി വന്നു,” അദ്ദേഹം ട്വീറ്റ് ചെയ്തു.
“#OurLondonFamilyയുടെ സ്മരണയ്ക്കായി, ഈ വിദ്വേഷത്തെ ചെറുക്കാൻ ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുകയും എല്ലാ ഉപകരണങ്ങളും ഉപയോഗിക്കുകയും വേണം,” ട്രൂഡോ കൂട്ടിച്ചേർത്തു.
പിന്നീട് തിങ്കളാഴ്ച, നാഷണൽ കൗൺസിൽ ഓഫ് കനേഡിയൻ മുസ്ലീങ്ങളുടെ (എൻസിസിഎം) പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയുടെ ഫോട്ടോ അദ്ദേഹം ട്വീറ്റ് ചെയ്തു.
കഴിഞ്ഞ വർഷത്തെ ഭീകരാക്രമണം കാനഡയിലെ മുസ്‌ലിം സമൂഹത്തെ ഭയത്തിന്റെയും ദുഃഖത്തിന്റെയും ഉത്കണ്ഠയുടെയും അവസ്ഥയിലാക്കി. 2017-ൽ ക്യൂബെക്കിലെ ഒരു മസ്ജിദിന് നേരെയുണ്ടായ മാരകമായ ആക്രമണത്തില്‍ ആറ് വിശ്വാസികൾ മരിക്കുകയും, 2020 ൽ ടൊറന്റോയിലെ മസ്ജിദ് ആക്രമണത്തില്‍ മാരകമായ കുത്തേറ്റു ഒരാള്‍ മരിക്കുകയും ചെയ്‌ത ഓര്‍മ്മ പുതുക്കുകയും ചെയ്തു.
മുസ്ലീം സമുദായ നേതാക്കളുടെ ആവശ്യങ്ങളോട് പ്രതികരിച്ചുകൊണ്ട് കനേഡിയൻ ഗവൺമെന്റ് ഇസ്ലാമോഫോബിയയെ ചെറുക്കുന്നതിന് ഒരു പ്രതിനിധിയെ നിയമിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി പറയുന്നു. കാനഡയിലെ മുസ്‌ലിംകൾക്കെതിരായ വിദ്വേഷ കുറ്റകൃത്യങ്ങൾക്കെതിരെ പോരാടുന്നതിനുള്ള മികച്ച മാർഗങ്ങളെക്കുറിച്ച് കമ്മ്യൂണിറ്റികളിലേക്ക് എത്തിച്ചേരുകയും പ്രധാനമന്ത്രിയെയും സർക്കാരിനെയും ഉപദേശിക്കുകയും ചെയ്യുന്ന ഉത്തരവാദിത്വം ഈ പ്രതിനിധിക്കുണ്ടായിരിക്കും.
ഇത് രാജ്യത്തുടനീളമുള്ള മുസ്ലീം കനേഡിയൻമാരെ ബാധിക്കുന്നു എന്ന് മിനിസ്റ്റര്‍ ഫോര്‍ ഡൈവെഴ്സിറ്റി ആന്റ് ഇന്‍ക്ലൂഷന്‍ മന്ത്രി അഹമ്മദ് ഹുസൻ പറഞ്ഞു.
കടമ നിറവേറ്റാൻ താൽപ്പര്യമുള്ള ആർക്കും അപേക്ഷിക്കാം എന്നും അദ്ദേഹം പറഞ്ഞു. അവർ സര്‍ക്കാരിന് ശുപാർശകൾ നൽകും, ഇസ്ലാമോഫോബിയയെ ചെറുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് അവർ അശ്രാന്തമായി പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രഖ്യാപനം ശരിയായ ദിശയിലേക്കുള്ള ഒരു ചുവടുവയ്പാണെങ്കിലും, മുസ്ലീം സമുദായങ്ങളുടെ മികച്ച സംരക്ഷണം ഉറപ്പാക്കാൻ കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടതുണ്ടെന്ന് എൻസിസിഎമ്മിലെ ഫാത്തിമ അബ്ദല്ല പറഞ്ഞു.
ഇസ്‌ലാമോഫോബിയയെക്കുറിച്ചുള്ള ഓൺലൈൻ വിദ്വേഷത്തെ നേരിടാനും, ക്രിമിനല്‍ കോഡിലെ മാറ്റങ്ങള്‍ക്കും കൂടുതൽ നടപടികൾ വേണമെന്ന് എൻസിസിഎം ആവശ്യപ്പെടുന്നു.