റായ്പൂർ: 1000 കോടി രൂപ കബളിപ്പിച്ച ദമ്പതികളെ ഡൽഹിയിൽ നിന്ന് ഛത്തീസ്ഗഡ് പോലീസ് അറസ്റ്റ് ചെയ്തു. ഭിലായ് സ്റ്റീൽ പ്ലാന്റിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനിൽ നിന്ന് 1 കോടി 22 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. ഭിലായ് സ്റ്റീൽ പ്ലാന്റിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനായ ദുലാർ സിംഗ് തനിക്ക് സംഭവിച്ച തട്ടിപ്പിനെക്കുറിച്ച് പരാതി നല്‍കിയതായി പോലീസ് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് കുറ്റവാളികളായ ഭർത്താവിനെയും ഭാര്യയെയും അറസ്റ്റ് ചെയ്തത്.
2012ൽ മനീഷ ശർമ സിഎസ് ഇന്നവേഷൻ ഇൻഷുറൻസ് ബ്രോക്കർ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നിരവധി ഇൻഷുറൻസ് പ്ലാനുകളെ കുറിച്ച് അറിയാമായിരുന്ന ശര്‍മ്മ 2013ൽ ഭിലായ് സ്വദേശി ദുലാർ സിംഗുമായി ഫോണിൽ ബന്ധപ്പെട്ടു. തുടർന്ന് എല്ലാ കമ്പനികളുടേയും പ്ലാനുകൾ പറഞ്ഞ് 2014 മുതൽ 2021 വരെ ഒരു കോടി 22 ലക്ഷം രൂപ തട്ടിയെടുത്തു.
ആദ്യം 8 ലക്ഷം രൂപ നിക്ഷേപിക്കാൻ ദുലാര്‍ സിംഗിനെ പ്രേരിപ്പിച്ചു. പിന്നീട് ക്രമേണ വിശ്വാസത്തിലെടുത്ത് കൂടുതൽ നിക്ഷേപങ്ങൾ ആവശ്യപ്പെടുകയും ദുലാര്‍ സിംഗ് അതുപോലെ ചെയ്യുകയും ചെയ്തു. എന്നാല്‍, നിക്ഷേപങ്ങളുടെ രേഖകള്‍ ആവശ്യപ്പെട്ടപ്പോള്‍ ദുലാര്‍ സിംഗുമായി വഴക്കിട്ടു. അങ്ങനെ സംശയം തോന്നിയാണ് പോലീസിൽ പരാതിപ്പെട്ടത്.
പരാതിയെത്തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ മനീഷ ശര്‍മ്മയുടെ ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങൾ ശേഖരിച്ചു. ഇതിൽ കോടിക്കണക്കിനു രൂപയുടെ ഇടപാടുകള്‍ കണ്ടെത്തി. തുടർന്ന് തട്ടിപ്പ് നടത്തിയ മനീഷ ശർമ്മയ്ക്കുവേണ്ടി പോലീസ് തിരച്ചിൽ ആരംഭിച്ചെങ്കിലും കണ്ടെത്താനായില്ല. മനീഷ ഡൽഹിയിൽ ഉണ്ടെന്നും അവിടെയിരുന്നുകൊണ്ട് മൊബൈൽ ഫോണിലൂടെ ആളുകളെ വലയിൽ വീഴ്ത്തുന്നുവെന്നുമുള്ള വിവരമാണ് പോലീസിന് ലഭിച്ചത്.
തുടര്‍ന്നാണ് ദുർഗ് പൊലീസിലെ പ്രത്യേക അന്വേഷണ സംഘം ഡല്‍ഹിയിലെത്തി കുറ്റവാളികളായ ദമ്പതികളെ ഉത്തം നഗറിൽ നിന്ന് അറസ്റ്റ് ചെയ്തത്.