കൊൽക്കത്ത : വെള്ളിയാഴ്ച കൊൽക്കത്തയിലെ ബംഗ്ലാദേശ് ഡെപ്യൂട്ടി ഹൈക്കമ്മീഷന് മുന്നിൽ ഒരു പോലീസുകാരൻ വിവേചനരഹിതമായി വെടിയുതിർത്തതിനെത്തുടര്‍ന്ന് ഒരു സ്ത്രീ കൊല്ലപ്പെട്ടതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. പിന്നീട് പോലീസ് ഉദ്യോഗസ്ഥന് സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തതായും അധികൃതര്‍ വെളിപ്പെടുത്തി.
ബംഗ്ലാദേശ് ഡെപ്യൂട്ടി ഹൈക്കമ്മീഷനിൽ നിയോഗിക്കപ്പെട്ട സി ലെപ്ച എന്ന പോലീസുകാരനാണ് തന്റെ സർവീസ് റൈഫിളിൽ നിന്ന് വിവേചനരഹിതമായി വെടിയുതിർത്തത്. ആ സമയം ആപ്പ്-ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഒരു സ്ത്രീക്ക് വെടിയേല്‍ക്കുകയും സംഭവസ്ഥലത്ത് വെച്ചു തന്നെ മരിക്കുകയും ചെയ്തു.
ബംഗ്ലാദേശ് ഡെപ്യൂട്ടി ഹൈക്കമ്മീഷനിൽ നിന്ന് 50 മീറ്റർ അകലെയാണ് സംഭവം നടന്നതെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. വെള്ളിയാഴ്ചയാണ് ലെപ്ച ഗാർഡ് ഔട്ട്പോസ്റ്റിൽ ജോലിയിൽ പ്രവേശിച്ചതെന്നും അവർ വെളിപ്പെടുത്തി.
അഡീഷണൽ പോലീസ് കമ്മീഷണർ പ്രവീൺ കുമാർ ത്രിപാഠി, ജോയിന്റ് കമ്മീഷണർ (ട്രാഫിക്) സന്തോഷ് പാണ്ഡെ എന്നിവരുൾപ്പെടെയുള്ള മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി ലെപ്ചയുടെയും കൊല്ലപ്പെട്ട സ്ത്രീയുടെയും മൃതദേഹങ്ങൾ സംഭവസ്ഥലത്ത് നിന്ന് നീക്കം ചെയ്തു. സംഭവ സ്ഥലത്ത് നിന്ന് ലെപ്ചയുടെ സർവീസ് റൈഫിൾ പോലീസ് കണ്ടെടുത്തു. ലെപ്ചയുടെ നടപടിക്ക് പിന്നിലെ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.