തിരുവനന്തപുരം: ആ അമ്മയുടെ കഠിനാധ്വാനത്തിനും വിയർപ്പിനും അർഹതപ്പെട്ട ഫലം മകള്‍ ഡോക്ടറായതോടെ ലഭിച്ച സന്തോഷത്തിലാണ് തിരുവനന്തപുരം സ്വദേശിനി വിനീത. ഇപ്പോള്‍ വിവരാവകാശ കമ്മീഷനില്‍ ടൈപ്പിസ്റ്റ്/ക്ലാര്‍ക്കായി ജോലി ചെയ്യുന്ന അഞ്ജനയുടെ അമ്മ വിനീത വീട്ടു ജോലികള്‍ ചെയ്‌താണ് രണ്ട് മക്കളെയും പഠിപ്പിച്ചത്. ഇളയമകള്‍ക്ക് ഒരു വയസ് പ്രായമുള്ളപ്പോള്‍ ഭര്‍ത്താവ് ഉപേക്ഷിച്ചു പോയ അവര്‍ വീട്ടു ജോലിക്കിടയിലും ഡിസിഎ പഠിച്ച് ഡിറ്റിപി സെൻ്ററുകളിലും ജോലി ചെയ്‌താണ് വിവരാവകാശ കമ്മീഷനില്‍ ജോലിക്ക് കയറിയത്.
തിരുവനന്തപുരം ലോ കോളേജിന് സമീപം ബാർട്ടൺ ഹിൽ കോളനിയിലെ താമസക്കാരിയാണ് അഞ്ജന വേണു. ഇതാദ്യമായാണ് പ്രദേശത്ത് നിന്ന് ഒരാൾ ഡോക്ടറാകുന്നത്. അഞ്ജനയുടെ നേട്ടത്തിൽ കുടുംബത്തോടൊപ്പം നാട്ടുകാരും ഏറെ സന്തോഷത്തിലാണ്.
പഠനത്തിൽ മിടുക്കിയായ അഞ്ജന പ്ലസ് ടുവിൽ 92 ശതമാനം മാർക്ക് നേടിയിരുന്നു. പ്രവേശന പരീക്ഷ പാസായതോടെ അമ്മയുടെ സ്വപ്നത്തിലേക്ക് ഒരടി കൂടി അടുക്കാൻ അഞ്ജനയ്ക്ക് കഴിഞ്ഞു. സെഞ്ച്വറി ഡെന്റൽ കോളേജിൽ നിന്ന് ബിഡിഎസ് പൂർത്തിയാക്കിയ അഞ്ജനയ്ക്ക് തുടർപഠനത്തിനാണ് താൽപര്യം.
ഭർത്താവിന്റെ വീട്ടിലാണ് വിനിതയും മക്കളും താമസിച്ചിരുന്നത്. എന്നാല്‍, കുടുംബ പ്രശ്‌നങ്ങളെ തുടർന്ന് വാടക വീട്ടിലേക്ക് മാറേണ്ടി വന്നു. സ്വന്തമായി ഒരു വീടുണ്ടാക്കി മകളുടെ ഇഷ്ടത്തിനനുസരിച്ച് പഠിപ്പിക്കാനുള്ള ശ്രമത്തിലാണ് വിനിത ഇപ്പോൾ.