കൊച്ചി: മനുഷ്യർക്ക് സ്വന്തം കാലിൽ നിലനിൽക്കാനുള്ള അവസരങ്ങളൊരുക്കുകയാണ് എൻ.ജി.ഒകൾ ചെയ്യേണ്ടതെന്ന് പി.വി അബ്ദുൽ വഹാബ് എം.പി. ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷൻ സംഘടിപ്പിച്ച പ്രൊഫ. കെ.എ സിദ്ദീഖ് ഹസൻ അനുസ്മരണ പ്രഭാഷണവും പി.ജി. സ്കോളർഷിപ്പ് വിതരണ ചടങ്ങും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജീവിത സാഹചര്യം മോശമായ ഒരാൾക്ക് പണം കൊടുത്തിട്ട് കാര്യമില്ല. അവരെ സ്വന്തം കാലിൽ നിർത്താനുള്ള ശ്രമമാണുണ്ടാകേണ്ടത്. ന്യൂനപക്ഷങ്ങൾക്കും സമൂഹത്തിൽ പിന്നോക്കം നിൽക്കുന്നവർക്കുമായി സർക്കാറുകൾ വിവിധ പദ്ധതികൾ ആവിഷകരിച്ചിട്ടുണ്ട്. കോടികളാണ് മാറ്റിവെച്ചിരിക്കുന്നത്. എന്നാൽ, പലപ്പോഴും അവയുടെ 40 ശതമാനമൊക്കെയാണ് ചെലവഴിക്കുന്നത്.
സർക്കാറിന്‍റെ ഇത്തരം പദ്ധതികൾ കണ്ടെത്തി അർഹരിലേക്കെത്തിക്കാനുള്ള ശ്രമങ്ങൾ ഉണ്ടാകണം. സസ്റ്റയിനബിളായ ഡവലപ്മെന്‍റിനാണ് ശ്രമിക്കേണ്ടത്. ഇത്തരം കാര്യങ്ങളിൽ വഴികാട്ടിയ മനുഷ്യനാണ് സിദ്ദീഖ് ഹസൻ. അദ്ദേഹത്തെ പരിചയപ്പെട്ടതാണ് ജീവിതത്തിൽ വഴിത്തിരിവായതെന്നും വഹാബ് കൂട്ടിച്ചേർത്തു.
പ്രൊ. കെ.എ സിദ്ദീഖ് ഹസൻ വിഷൻ പദ്ധതികളുടെ ചീഫ് ആർകിടെക്റ്റ് ആയിരുന്നുവെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച വിഷൻ ഗവേർണിംഗ് കൗൺസിൽ ചെയർമാനും ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ സെക്രട്ടറി ജനറലുമായ ടി. ആരിഫലി പറഞ്ഞു. പദ്ധതികളുടെ മുന്നിൽ നിന്ന് നയിക്കുന്നതിനൊപ്പം പിന്നിൽ നിന്ന് തള്ളിയതും അദ്ദേഹമായിരുന്നു. വിദ്യാഭ്യാസ നവോത്ഥാനരംഗത്ത് അദ്ദേഹം നടത്തിയ ഇടപെടലുകളുടെ തുടർച്ചയായിരുന്നു വിഷൻ പദ്ധതി. സസ്റ്റയിനബിൾ ഡവലപ്മെന്റിലൂന്നി നിന്നുകൊണ്ടായിരുന്നു അദ്ദേഹം പദ്ധതികൾ ആവിഷ്കരിച്ചതെന്നും അദ്ദേഹം പറഞ്ഞു. സിദ്ദീഖ് ഹസന്‍റെ ഓർമകൾ നിലനിർത്താനായി വിവിധ പദ്ധതികൾ വിവിധ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വലിയ ദ്വീർഘ വീക്ഷണമുള്ള ആളായിരുന്നു സിദ്ദീഖ് ഹസനെന്ന് പി.ജി. സ്കോളർഷിപ്പ് വിതരണോദ്ഘാടനം നിർവഹിച്ച കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ചെയർമാൻ ജസ്റ്റിസ് സി.കെ അബ്ദുൽ റഹീം പറഞ്ഞു. അദ്ദേഹം കാണിച്ചു തന്ന മാതൃക ഏറ്റെടുക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു.
സ്വതന്ത്ര ഇന്ത്യ 75 വർഷം പിന്നിടുമ്പോൾ ചരിത്രത്തിൽ തുല്യതയില്ലാത്ത പ്രതിസന്ധികളാണ് നേരിടുന്നതെന്ന് മാധ്യമം ചീഫ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ പറഞ്ഞു. രാജ്യത്തിന്‍റെ നവശില്പിപികൾ മുന്നോട്ട് വെച്ച മ്യൂല്യങ്ങൾ വെല്ലുവിളിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷൻ ട്രഷറർ മുഹമ്മദ് ജഅ്ഫർ, ജമാഅത്തെ ഇസ്ലാമി അസി. അമീര്‍ പി. മുജീബ് റഹ്മാന്, ജമാഅത്തെ ഇസ്ലാമി കൊച്ചി സിറ്റി പ്രസിഡന്‍റ് എം.പി ഫൈസൽ, ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷൻ സി.ഇ.ഒ നൗഫൽ പി.കെ എന്നിവർ സംബന്ധിച്ചു. പി.ജി വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പുകൾ പി.വി അബ്ദുൽ വഹാബ് എം.പി,ജസ്റ്റിസ് സി.കെ അബ്ദുൽ റഹീം ,ടി. ആരിഫലി എന്നിവർ വിതരണം ചെയ്തു. രാജ്യത്തെ ഉന്നതകലാലയങ്ങളിൽ പഠിക്കുന്ന 100 വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പ് ലഭിച്ചത്.
കേരളത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 27 പേർക്കാണ് ചടങ്ങിൽ സ്കോളർഷിപ്പ് വിതരണം ചെയ്തത്.