ആഗോള മലയാളി സമൂഹത്തെ ഒന്നിച്ചണിനിരത്തിക്കൊണ്ട് മൂന്നാം ലോക കേരളസഭയുടെ പ്രൗഢഗംഭീരമായ സമ്മേളനത്തിന് അരങ്ങൊരുങ്ങുകയാണ് അനന്തപുരിയില്‍.
ജൂണ്‍ 16,17,18 തീയതികളില്‍ തിരുവനന്തപുരത്ത് നടക്കുന്ന മൂന്നാമത് ലോക കേരള സഭയില്‍ കേരളത്തില്‍നിന്നുള്ള ജനപ്രതിനിധികള്‍ക്കൊപ്പം നൂറ്റിഎഴുപതോളം രാജ്യങ്ങളില്‍നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് പങ്കെടുക്കുന്നത്.
വിദേശ മലയാളികളുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട് വിവിധ വിഷയങ്ങളിലുള്ള ചര്‍ച്ചകള്‍ക്കും സെമിനാറുകള്‍ക്കുമൊക്കെ ഇത്തവണ തിരുവനന്തപുരത്ത് വേദി ഉയരും. ഇതുസംബന്ധിച്ച അന്തിമ ഘട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയായിവരികയാണ്.
മൂന്നാം ലോക കേരള സഭയില്‍ പങ്കെടുക്കാന്‍ അമേരിക്കയില്‍നിന്ന് എത്തുന്നവര്‍ ഫോമാ പ്രസിഡന്‍റ് അനിയന്‍ ജോര്‍ജ്, ഫൊക്കാന പ്രസിഡന്‍റ് ജോര്‍ജി വര്‍ഗീസ്, ശാസ്ത്രജ്ഞനായ ഡോ. രാമദാസ് പിള്ള, ആഴ്ചവട്ടം ചീഫ്എഡിറ്റര്‍ ഡോ. ജോര്‍ജ് എം. കാക്കനാട്ട് എന്നിവരടക്കം 17 പേരാണ്. കഴി ഞ്ഞ തവണയും 17 പേരായിരുന്നു അമേരിക്കയെ പ്രതിനിധീകരിച്ച് എത്തിയത്.
മൂന്നാം ലോക കേരള സഭയില്‍ പങ്കെടുക്കാന്‍ അമേരിക്കയില്‍നിന്ന് എത്തുന്ന മറ്റുള്ളവര്‍ ഇവരാണ്: ഡോ. എം.അനിരുദ്ധന്‍, സജിമോന്‍ ആന്‍റണി, ജോയ് ഇട്ടന്‍, ആനി ജോണ്‍ ലിബു, അനുപമ വെങ്കിടേഷ് റോയ് മുളകുന്നം, യുഎ നസീര്‍, ഷിബു പിള്ള ടെന്നസി, ലിഷാര്‍ ടിപി വാഷിംഗ്ടണ്‍, വര്‍ക്കി എബ്രഹാം, പോള്‍ കറുകപ്പള്ളി, ഡോ. പുളിക്കല്‍ അജയന്‍ ടെക്സസ്, അഭിഷേക് സുരേഷ് മെരിലാന്‍ഡ്, ജെയിംസ് കൂടല്‍, ഫിലിപ്പോസ് ഫിലിപ്പ്.
വിദേശമലയാളികളെ നാടുമായി കോര്‍ത്തിണക്കുന്ന കേരളത്തിന്‍റെ മാതൃക മറ്റൊരു സംസ്ഥാനത്തും ഇതുവരെ പരീക്ഷിച്ച് വിജയിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ലോക കേരളസഭയെപ്പറ്റി പഠിക്കാന്‍ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ക്കൊപ്പം ഇതര വിദേശ രാജ്യങ്ങളും ഇക്കുറി താല്പര്യം പ്രകടിപ്പിച്ചട്ടുണ്ട്.
വിദേശ മലയാളികളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് രൂപീകരിച്ച നോണ്‍ റസിഡന്‍റ്സ് കേരളൈറ്റ്സ് അഫയേഴ്സ് (നോര്‍ക്ക) വകുപ്പാണ് ലോക കേരള സഭയുടെ ചുക്കാന്‍ പിടിക്കുന്നത്. 2018ലും 2020ലും നടന്ന ഒന്നും രണ്ടും സഭകളുടെ സാരഥ്യം വഹിച്ച മുന്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍തന്നെ നോര്‍ക്കയുടെ സാരഥ്യം വഹിക്കുന്നുവെന്നതും ഇത്തവണത്തെ സമ്മേളനത്തിന്‍റെ മുഖ്യ പ്രത്യേകതകളിലൊന്ന്.