കൃഷ്ണ (ആന്ധ്രാപ്രദേശ്) : ഓൺലൈൻ ഗെയിമായ പബ്ജിയിൽ തോറ്റതിന് സുഹൃത്തുക്കൾ കളിയാക്കിയതിൽ മനംനൊന്ത് 16 വയസുകാരൻ ആത്മഹത്യ ചെയ്തു. കൃഷ്ണ ജില്ലയിലെ മച്ചിലിപട്ടണം ടൗണിൽ ഞായറാഴ്ചയാണ് സംഭവം.
ഒരു പ്രാദേശിക കോൺഗ്രസ് നേതാവിന്റെ മകനായ ഈ പതിനാറുകാരന് PUBG കളിയുടെ അടിമയായിരുന്നു എന്ന് പറയപ്പെടുന്നു. കളിയിൽ തോറ്റതിന് ശേഷം സുഹൃത്തുക്കളുടെ പരിഹാസം സഹിക്കവയ്യാതെയായപ്പോള്‍ ജീവനൊടുക്കിയതായി കുടുംബാംഗങ്ങൾ പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചതായും അന്വേഷണം ആരംഭിച്ചതായും പോലീസ് വൃത്തങ്ങൾ അറിയിച്ചു.
PUBG പോലുള്ള ഗെയിമുകൾ ജീവഹാനിക്ക് കാരണമാകുന്നതിനാൽ കേന്ദ്രവും സംസ്ഥാന സർക്കാരും നിരോധിക്കണമെന്ന് മരിച്ച കുട്ടിയുടെ കുടുംബത്തെ സന്ദർശിച്ച കോൺഗ്രസ് ജില്ലാ പ്രസിഡന്റ് താന്തിയ കുമാരി പറഞ്ഞു. 2019-ൽ രാജ്യത്ത് ഗെയിം നിരോധിച്ചിരുന്നു. എന്നാൽ, അടുത്തിടെ ഇത് മറ്റൊരു പേരിൽ തിരിച്ചെത്തി.
കഴിഞ്ഞ ആഴ്ച, ലഖ്നൗവിൽ, PUBG പോലുള്ള ഓൺലൈൻ ഗെയിമുകൾ കളിക്കുന്നതിൽ നിന്ന് അമ്മ തടഞ്ഞതിന് ആർമിയിലുള്ള പിതാവിന്റെ ലൈസൻസുള്ള പിസ്റ്റൾ ഉപയോഗിച്ച് 16 വയസ്സുള്ള ആൺകുട്ടി അമ്മയെ വെടിവച്ചു കൊന്നിരുന്നു. ദുർഗന്ധം മറയ്ക്കാൻ റൂം ഫ്രഷ്നർ ഉപയോഗിച്ച് അമ്മയുടെ മൃതദേഹം മൂന്ന് ദിവസത്തോളം വീട്ടിനുള്ളിൽ ഒളിപ്പിച്ചതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. കൊലപാതക വിവരം ആരോടെങ്കിലും പറഞ്ഞാൽ കൊന്നുകളയുമെന്ന് പത്തുവയസ്സുള്ള സഹോദരിയെ ഭീഷണിപ്പെടുത്തിയതായും അവർ വെളിപ്പെടുത്തി.