തിരുവനന്തപുരം: റഷ്യ-ഉക്രെയ്ൻ സംഘർഷത്തെ തുടർന്ന് പാതിവഴിയിൽ പഠനം ഉപേക്ഷിക്കേണ്ടി വന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് അവരുടെ മുൻ അദ്ദ്യയന വർഷം നഷ്ടപ്പെടാതെ റഷ്യൻ സർവകലാശാലകളിൽ പ്രവേശനം നൽകുമെന്ന് ന്യൂഡൽഹിയിലെ റഷ്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ റോമൻ ബാബുഷ്കിൻ പറഞ്ഞു. വിദ്യാർത്ഥികൾക്ക് റഷ്യൻ സർവ്വകലാശാലകളിൽ പ്രവേശനം നൽകുമെന്നും, അവിടെ അവർക്ക് അവരുടെ മുൻവർഷങ്ങളിലെ പഠനം നഷ്ടപ്പെടാതെ അവർ നിർത്തിയ കോഴ്സുകളിൽ തുടരാമെന്നും അദ്ദേഹം പറഞ്ഞു.
ഈ വർഷം ഫെബ്രുവരിയിൽ റഷ്യ ഉക്രെയ്ൻ ആക്രമിച്ചതിനെത്തുടർന്ന് അവിടെ നിന്ന് പലായനം ചെയ്ത 20,000-ത്തിലധികം വിദ്യാർത്ഥികളുടെ ഗതിയെക്കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് പ്രസ്താവന. വിദ്യാർത്ഥികൾ സ്കോളർഷിപ്പ് ലഭ്യമായിരിക്കുന്ന സാഹചര്യത്തിൽ റഷ്യൻ സർവ്വകലാശാലകളിലും അത് സ്വീകരിക്കാൻ സാധ്യതയുണ്ടെന്ന് റഷ്യൻ ഫെഡറേഷന്റെ ഓണററി കോൺസലും തിരുവനന്തപുരത്തെ റഷ്യൻ ഹൗസ് ഡയറക്ടറുമായ രതീഷ് സി നായർ പറഞ്ഞു. എന്നാല്‍, ഉക്രെയ്നിൽ അടച്ചിരുന്ന ഫീസ് റഷ്യയിൽ മതിയാകില്ല, അദ്ദേഹം സൂചിപ്പിച്ചു.
കേരളത്തിലെ വിദ്യാർത്ഥികൾക്ക് അവരുടെ മാർക്ക് ഷീറ്റുകളും മറ്റ് അക്കാദമിക് റെക്കോർഡുകളും സഹിതം ഇവിടെയുള്ള റഷ്യൻ ഹൗസുമായി ബന്ധപ്പെടാമെന്നും, വിദ്യാർത്ഥികളുമായും അവരുടെ രക്ഷിതാക്കളുമായും ബന്ധപ്പെടുന്ന റഷ്യൻ സർവ്വകലാശാലകൾക്ക് ഇത് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.