തിരുവനന്തപുരം: കോണ്‍ഗ്രസിനെ ആക്രമിച്ച് കീഴ്പ്പെടുത്താനാണ് സിപിഎമ്മിന്റെ ശ്രമമെങ്കില്‍ അതിനെ ഏതു രീതിയില്‍ കൈകാര്യം ചെയ്യണമെന്ന് കോണ്‍ഗ്രസിന് അറിയാമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. അക്കാര്യത്തിൽ കോൺഗ്രസ് ഒട്ടും പിശുക്ക് കാണിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്റെ ഓഫീസ് തല്ലിത്തകര്‍ത്താല്‍ എല്ലാം തീരും എന്നാണ് വിചാരിച്ചിട്ടുള്ളതെങ്കില്‍ സിപിഎമ്മിന്റെ ഓഫീസും തകര്‍ക്കാന്‍ കോണ്‍ഗ്രസിന് അറിയാമെന്നും, എന്നാല്‍ അത് മര്യാദ കേടാണെന്നും ഊന്നിപ്പറഞ്ഞു.
സംസ്ഥാനത്തുടനീളം നിരവധി സി.പി.എം ഓഫീസുകളുണ്ട്. അവയെല്ലാം തല്ലിത്തകര്‍ക്കാന്‍ അറിയാഞ്ഞിട്ടല്ല. പക്ഷെ കോൺഗ്രസ് അത് ചെയ്യുന്നില്ല. കാരണം, ജനങ്ങൾ എല്ലാം വിലയിരുത്തട്ടെ. വിമാനത്തിനുള്ളിൽ വെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ചതിന് ജയരാജന് മറുപടി പറയേണ്ടി വരും. ആരോപണ വിധേയനായ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാൻ കോൺഗ്രസിന് അവകാശമില്ലേ?
അഴിമതി മാത്രം ലക്ഷ്യമിട്ട് ഒരു മുഖ്യമന്ത്രി കേരളം ഭരിക്കുമ്പോള്‍ കോണ്‍ഗ്രസിന് പ്രതിഷേധിക്കേണ്ടി വരുന്നത് സ്വാഭാവികമാണ്. ഇന്ദിരാഭവന് ആക്രമിച്ചതില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച കരിദിനം ആചരിക്കും. പ്രവര്‍ത്തകര്‍ സമാധാനപരമായി പ്രതിഷേധിക്കണമെന്ന് സുധാകരന് അഭ്യര്‍ഥിച്ചു.
ഇന്ദിരാഭവന് നേരെ നടന്ന അക്രമം അങ്ങേയറ്റം അപലപനീയമാണെന്ന് സംഭവം നടക്കുമ്പോള്‍ ഓഫിസിലുണ്ടായിരുന്ന മുന്‍ മുഖ്യമന്ത്രി എ.കെ ആന്റണി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ആദ്യം ഇതുസംബന്ധിച്ച് മറുപടി പറയട്ടെ. അതിനുശേഷം താന്‍ മറുപടി പറയാമെന്ന് എ.കെ ആന്റണി പറഞ്ഞു. അക്രമത്തെ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും അപലപിച്ചു. ഇതാണ് സി.പി.എമ്മിന്റെ പദ്ധതിയെങ്കില്‍ ഇനി കൈയും കെട്ടി നോക്കി നില്‍ക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.