തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിനുള്ളിൽ വെച്ച് വധിക്കാന്‍ ശ്രമിച്ചെന്ന കുറ്റത്തിന് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ റിമാൻഡ് ചെയ്തു. ഫർസീൻ മജീദ്, നവീൻകുമാർ എന്നിവരെ റിമാൻഡ് ചെയ്തു. കേസിൽ ഒന്നും രണ്ടും പ്രതികളാണ് ഇരുവരും. ഇവര്‍ക്കെതിരെ പതിനൊന്ന് കേസുകളാണ് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കുന്നത്.
ഈ മാസം 27 വരെയാണ് റിമാൻഡ് കാലാവധി. വധശ്രമം, ഗുഢാലോചന, എയർക്രാഫ്റ്റ് നിയമം എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. യൂത്ത് കോൺഗ്രസ് പ്രവർത്തകർ നിന്നെ ഞങ്ങൾ ‘വച്ചേക്കില്ലെടാ’ എന്ന് ആക്രോശിച്ചുകൊണ്ട് മുഖ്യന്ത്രിക്ക് നേരെ വന്നു. എന്നാൽ മുഖ്യമന്ത്രിയുടെ സുരക്ഷ ജീവനക്കാരൻ തടഞ്ഞത് കാരണം മുഖ്യമന്ത്രിക്ക് അപകടം ഉണ്ടായില്ല. കേസില്‍ ഗൗരവമുള്ള സംഭവം ഉള്ളതിൽനാൽ പ്രതികൾക്ക് ജാമ്യം അനുവദിക്കരുത് എന്ന് പ്രോസിക്യൂഷൻ കോടതിയില്‍ വാദിച്ചു.
എന്നാൽ മുദ്രാവാക്യം വിളിക്കുന്നത് എങ്ങനെയാണ് വധശ്രമം ആക്കുന്നതെന്ന് പ്രതിഭാഗം ചോദിച്ചു. പ്രതികൾ സമർപ്പിച്ച വാദം കോടതി പരിഗണിച്ചു. ഇതിനിടെ പ്രതികൾക്ക് എന്തെങ്കിലും പരാതിയുണ്ടോ എന്ന മജിസ്‌ട്രേറ്റ് ആരാഞ്ഞു. വിമാനത്തിൽ വച്ച് സിപിഎം നേതാവ് ഇ.പി ജയരാജൻ മർദിച്ചു എന്ന് പ്രതികള്‍ പറഞ്ഞു.
ഇത് പരാതിയായി പിന്നീട് സമർപ്പിക്കാം എന്ന് കോടതി നിര്‍ദേശിച്ചു. പൊലീസ് കേസുകൾ രജിസ്റ്റർ ചെയ്യുന്നതിൽ പക്ഷപാതം കാട്ടുന്നു എന്ന് പ്രതിഭാഗം ആരോപിച്ചു. പ്രതികൾ സമർപ്പിച്ച ജാമ്യ അപേക്ഷയിൽ കോടതി ബുധനാഴ്ച വിധി പറയും. മുഖ്യമന്ത്രിയുടെ സുരക്ഷ ജീവനക്കാരൻ അനിലിൻ്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് വലിയതുറ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തത്.
കോടതിയിൽ ശക്‌തമായ വാദപ്രതിവാദങ്ങളാണ് അരങ്ങേറിയത്. മുഖ്യമന്ത്രിക്കെതിരെ നടന്നത് വധ ശ്രമമാണെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്‌തമാക്കി. ഇപി ജയരാജൻ തടഞ്ഞില്ലായിരുന്നുവെങ്കിൽ മുഖ്യമന്ത്രിയെ കോൺഗ്രസ് പ്രവർത്തകർ വധിച്ചേനെയെന്നും പ്രതികളെ പുറത്തുവിടുന്നത് തെറ്റായ സന്ദേശം നൽകുമെന്നും പ്രോസിക്യൂഷൻ കോടതിയിൽ വിശദീകരിച്ചു.
എന്നാൽ കൈയിൽ മൊട്ടുസൂചി പോലും ഇല്ലാതെ എങ്ങനെ വധശ്രമം നടത്തുമെന്ന് പ്രതിഭാഗം അഭിഭാഷകൻ ചോദിച്ചു. വധശ്രമം നടന്നത് ഇപി ജയരാജന്റെ ഭാഗത്തു നിന്നാണെന്നും അദ്ദേഹത്തിനെതിരെ കേസെടുക്കാത്തത് തെറ്റായ സന്ദേശമാണെന്നും പ്രതിഭാഗം ആരോപിച്ചു.