യൂണിവേഴ്‌സിറ്റി ഓഫ് ടെക്സാസ് ഏഷ്യൻ സ്റ്റഡീസിന് കീഴിൽ നടന്ന് വരുന്ന, അമേരിക്കൻ യൂണിവേഴ്‌സിറ്റികളിൽ നടത്തുന്ന ഏക മലയാള പാഠ്യപദ്ധതിക്ക്, ലോകമെങ്ങുമുള്ള മലയാളി സമൂഹത്തിൻറെ സഹകരണം ലഭ്യമാക്കാൻ ഇന്ത്യാ പ്രസ് ക്ലബ് രംഗത്ത്.
ഭാഗികമായി ഫെഡറൽ ഗവൺമെന്റിന്റേയും, യൂണിവേഴ്സിറ്റിയുടെയും, മലയാള ഭാഷാ സ്നേഹികളുടെയും, മറ്റ് സംഭാവനകളുടെയും പിൻബലത്തിലാണ് നിലവിൽ മലയാള പാഠ്യ പദ്ധതി നടന്നുവന്നിരുന്നത്. എന്നാൽ, നിലവിലെ പ്രതികൂല സാമ്പത്തിക സ്ഥിതി ഈ പദ്ധതിയുടെ നിലനിൽപിനെ തന്നെ ബാധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പാഠ്യ പദ്ധതി നിലനിർത്താൻ സാമ്പത്തിക സഹായം ലഭ്യമാക്കാനുള്ള പ്രചാരണ പരിപാടികൾ ഏറ്റെടുത്ത് നടപ്പിലാക്കാൻ ഇന്ത്യ പ്രസ് ക്ലബ് തീരുമാനമെടുത്തത്. കേരള നിയമസഭാ സ്‌പീക്കർ എം.ബി രാജേഷും, ഇന്ത്യാ പ്രസ് ക്ലബ് ഭാരവാഹികളും യൂണിവേഴ്‌സിറ്റി ഓഫ് ടെക്സാസ് ഏഷ്യൻ സ്റ്റഡീസ് സന്ദർശിച്ച വേളയിലാണ് ഈ നിർദ്ദേശം മുന്നോട്ട് വെച്ചത്.
പ്രചാരണ പരിപാടികൾക്ക് രൂപം നൽകാൻ ജിജു തോമസ് കുളങ്ങര, ജോർജ് ചെറായിൽ എന്നിവരെ ദേശീയ പ്രവർത്തക സമിതി യോഗം കോഓർഡിനേറ്റർമാരായി നിയോഗിച്ചതായി ഇന്ത്യാ പ്രസ് ക്ലബ് പ്രസിഡന്റ് സുനിൽ തൈമറ്റം, സെക്രട്ടറി രാജു പള്ളത്ത്, ട്രഷറർ ഷിജോ പൗലോസ് എന്നിവർ അറിയിച്ചു. യോഗത്തിൽ പ്രസിഡന്റ് ഇലെക്ട് സുനിൽ ട്രൈസ്റ്റാർ, വൈസ് പ്രസിഡന്റ് ബിജു സക്കറിയ, ജോ. സെക്രട്ടറി സുധ പ്ളക്കാട്ട്, ജോ. ട്രഷറർ ജോയ് തുമ്പമൺ, ഓഡിറ്റർ ജോർജ് ചെറായിൽ എന്നിവരും സംബന്ധിച്ചു.
പദ്ധതി സംബന്ധിച്ച പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞതായും, വിശദവിവരങ്ങൾ പിന്നീട് അറിയുക്കുന്നതാണെന്നും കോഓര്‍ഡിനേറ്റര്‍മാര്‍ അറിയിച്ചു.