തിരുവനന്തപുരം: കര്‍ഷകരുള്‍പ്പെടെ മലയോരജനതയുടെ ജീവിതത്തിന് വെല്ലുവിളിയുയര്‍ത്തുന്ന ബഫര്‍സോണിനെതിരെ കര്‍ഷകസംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘ് കര്‍ഷകപ്രക്ഷോഭം ശക്തിപ്പെടുത്തുന്നു.
രാജ്യത്തെ വന്യമൃഗ സങ്കേതങ്ങള്‍ക്ക് ചുറ്റും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ബഫര്‍ സോണ്‍ നിശ്ചയിക്കണമെന്ന സുപ്രീംകോടതി വിധി ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് കേരളത്തെയായതിനാല്‍ വിധിക്കെതിരെ സംസ്ഥാന ഗവണ്‍മെന്റ് റിവിഷന്‍ ഹര്‍ജി നല്‍കുന്നതിനോടൊപ്പം ബഫര്‍ സോണ്‍ വനത്തിനും വന്യജീവിസങ്കേതത്തിനുമുള്ളിലായി നിജപ്പെടുത്തണമെന്നും പ്രശ്‌നബാധിത പ്രദേശങ്ങളിലെ ജനങ്ങളെ സംരക്ഷിക്കാനാവശ്യമായ അടിയന്തിര നടപടികളാവശ്യപ്പെട്ടും രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന ഭാരവാഹികള്‍ ജൂണ്‍ 18 ശനിയാഴ്ച രാവിലെ 10 മണി മുതല്‍ 4 മണി വരെ സെക്രട്ടറിയേറ്റിനു മുന്‍പില്‍ ഉപവസിക്കും. തുടര്‍ന്ന് സര്‍ക്കാരിന് കര്‍ഷകനിവേദനം കൈമാറും.
കര്‍ഷകഉപവാസം രാഷ്ട്രീയ കിസാന്‍ മഹാസംഘ് ദക്ഷിണേന്ത്യന്‍ കണ്‍വീനര്‍ അഡ്വ. വി.സി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ചെയര്‍മാന്‍ അഡ്വ.ബിനോയ് തോമസ് അദ്ധ്യക്ഷത വഹിക്കും. ഫാ. മാത്തുക്കുട്ടി മൂന്നാറ്റിന്‍മുഖം മുഖ്യപ്രഭാഷണവും ജനറല്‍ കണ്‍വീനര്‍ ഡോ.ജോസുകുട്ടി ഒഴുകയില്‍ വിഷയാവതരണവും നടത്തും. ഉപവാസ സമാപന സമ്മേളനം ദേശീയ കോര്‍ഡിനേറ്റര്‍ കെ.വി.ബിജു ഉദ്ഘാടനം ചെയ്യും.
ബഫര്‍ സോണ്‍ വിഷയത്തില്‍ ജനാഭിപ്രായം രൂപീകരിക്കുന്നതിനും എല്ലാ കര്‍ഷകപ്രസ്ഥാനങ്ങളെയും ഏകോപിപ്പിക്കുന്നതിനുമായി രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാനത്തുടനീളം കര്‍ഷക കണ്‍വെന്‍ഷനുകള്‍ സംഘടിപ്പിച്ചുകൊണ്ടിരിക്കുന്നത് തുടരുന്നതും ജൂലൈ 1 മുതല്‍ 23 കേന്ദ്രങ്ങളില്‍ കര്‍ഷകമാര്‍ച്ച് നടക്കുന്നതുമാണ്.
ദേശീയതലത്തില്‍ പ്രശ്‌നസങ്കീര്‍ണ്ണമായ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ പ്രശ്‌നബാധിതപ്രദേശങ്ങളിലെ കര്‍ഷകസംഘടനകളുമായി ചേര്‍ന്നുള്ള പ്രക്ഷോഭപരിപാടികള്‍ക്ക് രാഷ്ട്രീയ കിസാന്‍ മഹാസംഘ് ആരംഭം കുറിച്ചിട്ടുണ്ട്.