ന്യൂഡൽഹി: ജൂലൈ 18ന് നടക്കാനിരിക്കുന്ന പതിനാറാം രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം തിരഞ്ഞെടുപ്പ് കമ്മീഷൻ ബുധനാഴ്ച പുറത്തിറക്കി.
വിജ്ഞാപനമനുസരിച്ച് ജൂൺ 29 വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. പത്രികകളുടെ സൂക്ഷ്മപരിശോധന ജൂൺ 30ന് നടക്കും. തിരഞ്ഞെടുപ്പ് മത്സരത്തിൽ നിന്ന് പിന്മാറാനുള്ള അവസാന തീയതി ജൂലൈ 2. വോട്ടെണ്ണൽ ജൂലൈ 21 ന് നടക്കും.
വിജ്ഞാപനം പുറപ്പെടുവിച്ചതിന് ശേഷം രാജ്യത്തെ ഏറ്റവും ഉയർന്ന ഭരണഘടനാ സ്ഥാനത്തേക്ക് 11 സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചതായി ബന്ധപ്പെട്ടവര്‍ പറഞ്ഞു. അതേസമയം, അപൂർണ്ണമായ രേഖകൾ കാരണം ഒരു നാമനിർദ്ദേശം നിരസിക്കപ്പെട്ടതായും പറഞ്ഞു.
അതിനിടെ, തൃണമൂൽ കോൺഗ്രസ് അദ്ധ്യക്ഷയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി വിളിച്ച പ്രതിപക്ഷ നേതാക്കളുടെ യോഗം സംയുക്ത പ്രതിപക്ഷ സ്ഥാനാർത്ഥി നിര്‍ണ്ണയം സംബന്ധിച്ച് സമവായം ഉണ്ടാക്കാൻ ഇവിടെ ചേർന്നു. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ സംയുക്ത സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാൻ പ്രതിപക്ഷ പാർട്ടികൾ യോഗത്തിൽ ധാരണയായി.
നിലവിലെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കാലാവധി ജൂലൈ 24ന് അവസാനിക്കും.