തിരുവനന്തപുരം: സ്വപ്ന സുരേഷ് കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ മുന്‍ മന്ത്രി കെ ടി ജലീലിനെതിരെയും മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണനെതിരെയും ഞെട്ടിക്കുന്ന വിവരങ്ങള്‍ നല്‍കി. സുഹൃത്തിന്റെ നിയന്ത്രണത്തിലുള്ള മിഡിൽ ഈസ്റ്റ് കോളേജിന് ഷാർജയിൽ ഭൂമി ലഭിക്കാൻ പി ശ്രീരാമകൃഷ്ണൻ ഇടപെട്ടുവെന്ന് സ്വപ്‌ന സുരേഷ് സത്യവാങ്മൂലത്തിൽ ആരോപിക്കുന്നു. ഇതിനായി കോൺസൽ ജനറൽ കൈക്കൂലിയായി ഒരു ബാഗ് നിറയെ പണം നൽകി.
മുംബൈ ആസ്ഥാനമായുള്ള ഫ്ലൈജാക്ക് ലോജിസ്റ്റിക്സ് ഉടമ മാധവൻ വാര്യർ മുൻ മന്ത്രി കെ ടി ജലീലിന്റെ ബിനാമിയാണെന്നാണ് സത്യവാങ്മൂലത്തിൽ പറയുന്നത്. സംസ്ഥാനത്തിന് പുറത്തുള്ള കോൺസുലേറ്റ് വഴിയാണ് ഖുറാനും കൊണ്ടുവന്നതെന്ന് സ്വപ്ന ആരോപിക്കുന്നു. രഹസ്യ മൊഴിക്ക് മുമ്പ് കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് സ്വപ്ന ഇക്കാര്യം പറഞ്ഞത്.
തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റ് കേന്ദ്രീകരിച്ച് നിയമവിരുദ്ധവും ദേശവിരുദ്ധവുമായ പ്രവര്‍ത്തനങ്ങള്‍ നടന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും ഇതില്‍ പങ്കുണ്ടെന്നും സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് നേരത്തെ ആരോപിച്ചിരുന്നു. കെ.ടി.ജലീലിന്റെ പരാതിയില്‍ എടുത്ത കേസില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജിയിലാണ് ഈ ആരോപണം ഉന്നയിച്ചത്.
‘നിലവിലെ മുഖ്യമന്ത്രി പിണറായി വിജയന്‍, ഭാര്യ കമല, മകള്‍ വീണ, മുന്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍, ഐഎഎസ് ഉദ്യോഗസ്ഥരായ നളിനി നെറ്റോ, ശിവശങ്കര്‍ തുടങ്ങിയവര്‍ക്ക് സ്വര്‍ണക്കടത്ത് ഉള്‍പ്പെടെ യുഎഇ കോണ്‍സുലേറ്റില്‍ നടന്ന നീചവും നിയമവിരുദ്ധവും ദേശവിരുദ്ധവുമായ പ്രവര്‍ത്തനങ്ങളില്‍ പ്രത്യേക പങ്കാളിത്തമുണ്ട്’ ഹര്‍ജിയില്‍ പറയുന്നു. കോടതിയില്‍ നല്‍കിയ 164 മൊഴിയില്‍ ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും സ്വപ്‌ന വ്യക്തമാക്കിരുന്നു.