തിരുവനന്തപുരം: തനിക്കെതിരെ സിപിഎം പരസ്യമായി വധഭീഷണി മുഴക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു. അദ്ദേഹത്തിന്റെ മണ്ഡലമായ പറവൂരിൽ അധികം താമസിയാതെ ഒരു ഉപതെരഞ്ഞെടുപ്പ് നടക്കാന്‍ സാധ്യതയുണ്ടെന്നാണ് സിപിഎം പറയുന്നത്. അതിന്റെ അര്‍ത്ഥമെന്താണ്? തിരുവനന്തപുരത്ത് കാലുകുത്താൻ അനുവദിക്കില്ലെന്നാണ് ഡി.വൈ.എഫ്.ഐ നേതാവിന്റെ ഭീഷണി. എറണാകുളത്ത് ഇറങ്ങാൻ അനുവദിക്കില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി വെല്ലുവിളിക്കുന്നു. കേരളത്തിലിറങ്ങി നടക്കാന്‍ അനുവദിക്കില്ലെന്ന് സിപിഎം നേതാക്കളും പരസ്യമായി വെല്ലുവിളിക്കുന്നു. അതായത്, സിപിഎം നേതാക്കൾ കലാപത്തിന് പരസ്യമായി ആഹ്വാനം ചെയ്യുന്നു.
ഇതൊന്നും കണ്ട് പിന്തിരിഞ്ഞോടുന്ന ആളല്ല താന്‍. കേരളത്തില്‍ വ്യാപകമായി കോണ്‍ഗ്രസ് ഓഫിസുകള്‍ ആക്രമിച്ചിട്ട് പൊലീസ് കേസെടുക്കുന്നില്ല. പിടികൂടുന്ന അക്രമികള്‍ക്ക് സ്റ്റേഷന്‍ ജാമ്യം നല്‍കി വീണ്ടും വീണ്ടും ഇവരെ കലാപത്തിന് ഇറക്കിവിടുന്ന സമീപനമാണ് പൊലീസ് സ്വീകരിക്കുന്നത്. തീരുവനന്തപുരം പൂന്തുറയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഒരു എസ്.ഐയെ പിന്നില്‍ നിന്ന് പട്ടിക ഉപയോഗിച്ച് തലയ്‌ക്കടിച്ചു പരിക്കേല്‍പ്പിച്ചിട്ടും കേസെടുക്കാന്‍ പൊലീസ് തയ്യാറാകുന്നില്ല.
വിമാനത്തില്‍ മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ചു എന്ന കേസ് രജിസ്റ്റര്‍ ചെയ്‌ത സി.പി.എം പൊലീസ് സംഘടനാ നേതാവായ അസിസ്റ്റന്‍റ് കമ്മിഷണറുടെ കീഴിലുള്ളതാണ് ഈ എസ്.ഐ. മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് പ്രസ്‌താവന നടത്തുന്ന സാസ്‌കാരിക നായകര്‍ പയ്യന്നൂരില്‍ ഗാന്ധി പ്രതിമ തകര്‍ത്തിട്ടും കെ.പി.സി.സി ഓഫിസ് അക്രമിച്ചിട്ടും പ്രതിപക്ഷ നേതാവിന്‍റെ വീട്ടിലേക്ക് ക്രിമിനലുകളെ കയറ്റിവിട്ടിട്ടും മിണ്ടാട്ടമില്ല.
സർക്കാർ ഔദാര്യം പറ്റി ജീവിക്കുന്ന ഒരു കൂട്ടമായി അവർ അധഃപതിച്ചിരിക്കുന്നു. കണ്ണൂരിൽ നിന്നുള്ള ഇൻഡിഗോ എയർപോർട്ട് മാനേജർ നൽകുന്ന റിപ്പോർട്ട് അംഗീകരിക്കാന്‍ കഴിയില്ല. നാട് മുഴുവന്‍ കോണ്‍ഗ്രസ് ഓഫിസുകള്‍ ആക്രമിക്കുകയും, കോണ്‍ഗ്രസുകാര്‍ക്കെതിരെ വ്യാപകമായി കള്ളക്കേസെടുക്കുകയും, പൊലീസ് അതിക്രമങ്ങള്‍ അരങ്ങേറുകയും ചെയ്യുമ്പോള്‍ മുഖ്യമന്ത്രിയുമായി ലോക കേരള സഭയുടെ വേദി പങ്കിടാനുള്ള വിശാല മനസ്‌കത പ്രതിപക്ഷത്തിനില്ല. പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കണമെങ്കിൽ കഴിഞ്ഞ രണ്ട് ലോക കേരള സഭകളുടെ പുരോഗതി റിപ്പോർട്ട് ലോക കേരള സഭ പുറത്തുവിടണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.