ബഫര്‍ സോണില്‍ വിറങ്ങലിച്ച് മണ്ണിന്റെ മക്കള്‍: ഷെവലിയര്‍ അഡ്വ.വി.സി. സെബാസ്റ്റ്യന്‍

മലയോര ജനതയുടെ കഷ്ടദിനങ്ങള്‍ക്ക് അവസാനമില്ലേയെന്ന് നെഞ്ചുരുകിയുള്ള ചോദ്യമുയരാന്‍ തുടങ്ങിയിട്ട് കാലങ്ങളേറെയായി. ഉത്തരം കണ്ടെത്താനാവാതെ നെട്ടോട്ടമോടുമ്പോഴും ഇരുട്ടടി പോലെ വീണ്ടും വീണ്ടും പീഡനങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നു. ഒന്നിനുപുറകെ മറ്റൊന്നായി ദുരന്തങ്ങള്‍ നിരന്തരം ഏറ്റുവാങ്ങുകയാണ് മലയോരജനത.

വെള്ളപ്പൊക്കവും മണ്ണിടിച്ചിലും പ്രകൃതിക്ഷോഭവും മനുഷ്യനിയന്ത്രണത്തിനതീതമെങ്കില്‍ പരിസ്ഥിതിലോലം, ഗാഡ്ഗില്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്, ഇഎഫ്എല്‍ എന്നിവ അധികാരകേന്ദ്രങ്ങളും രാഷ്ട്രീയ ഉദ്യോഗസ്ഥ നേതൃത്വങ്ങളും ജനങ്ങളെ കുരുതി കൊടുക്കുവാനായി ബോധപൂര്‍വ്വം സൃഷ്ടിച്ചെടുത്ത മനുഷ്യനിര്‍മ്മിത ദുരന്തങ്ങളാണ്. ജനങ്ങളെ മറക്കുന്ന ജനപ്രതിനിധികളും അധികാരത്തെ പുല്‍കുന്ന ഉദ്യോഗസ്ഥരും നിയമനിര്‍മ്മാണസഭകളെപ്പോലും ലജ്ജിപ്പിച്ച് ജനാധിപത്യത്തെ കശാപ്പുചെയ്യുന്നതിന്റെ നേര്‍ക്കാഴ്ചയാണ് ബഫര്‍സോണ്‍ രൂപത്തില്‍ ജൂണ്‍ 3ന് സുപ്രീംകോടതിയില്‍ പ്രഖ്യാപിക്കപ്പെട്ടത്. വനത്തെയും വന്യജീവികളെയും സംരക്ഷിക്കുവാന്‍ പിറന്നുവീണ മണ്ണില്‍ നിന്ന് മലയോരമക്കളെ ആട്ടിപ്പായിക്കുന്ന കിരാതസമീപനം. കുരുതികൊടുക്കുന്ന ഈ ക്രൂരതയ്ക്കുമുമ്പില്‍ എത്രനാള്‍ നിശബ്ദരും നിഷ്‌ക്രിയരുമാകാന്‍ നമുക്കാകും.
പ്രളയവും പ്രകൃതിദുരന്തങ്ങളും കശക്കിയെറിഞ്ഞ നാശത്തിന്റെ നടുക്കടലില്‍ നിന്ന് മലയോരജനത ഇതുവരെയും മോചിതരായിട്ടില്ല. ഗാഡ്ഗില്‍ കസ്തൂരിരംഗന്‍ സമിതികള്‍ പരിസ്ഥിതി സംരക്ഷണത്തിന്റെ മറവില്‍ അടിച്ചേല്‍പിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെയും ദ്രോഹങ്ങളുടെയും ഭീഷണി ഇപ്പോഴും തുടരുന്നു. കാര്‍ഷികോല്പന്നങ്ങളുടെ വിലത്തകര്‍ച്ച, കടക്കെണി, വന്യമൃഗശല്യം എന്നിങ്ങനെ തലങ്ങും വിലങ്ങും അടിയേറ്റ് ജീവിതമൊന്നാകെ കൂച്ചുവിലങ്ങിട്ടിരിക്കുമ്പോഴാണ് സുപ്രീം കോടതി വിധിയിലൂടെ ബഫര്‍ സോണ്‍ കര്‍ഷകരുള്‍പ്പെടെ മലയോരജനതകളുടെമേല്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്നത്. ഭരണസംവിധാനങ്ങളെപ്പോലും നിര്‍വീര്യവും നിഷ്പ്രഭവുമാക്കി വനവല്‍ക്കരണത്തിലൂടെ വിദേശ സാമ്പത്തിക ഏജന്‍സികളില്‍ നിന്ന് കാര്‍ബണ്‍ഫണ്ട് കൈക്കലാക്കുവാനുള്ള പരിസ്ഥിതി മൗലികവാദികളുടെയും വനംവകുപ്പിന്റെയും അജണ്ടകള്‍ക്കുമുന്നില്‍ വീണ്ടും ഒരു ജനതയെയൊന്നാകെ തീറെഴുതുവാനുള്ള അണിയറനീക്കങ്ങള്‍ മറനീക്കി പുറത്തുവന്ന് നടപടിക്രമങ്ങളിലേയ്ക്ക് നീങ്ങിയിരിക്കുന്നു.

എന്താണ് ബഫര്‍സോണ്‍?

വനത്തിനൊരു സംരക്ഷണകവചം. വന്യമൃഗസങ്കേതങ്ങള്‍ക്കും ദേശീയ ഉദ്യാനങ്ങള്‍ക്കും കൂടുതല്‍ സുരക്ഷിതത്വം ഉറപ്പാക്കുവാനുള്ള ഷോക്ക് അബ്‌സോര്‍ബര്‍ എന്നാണ് സുപ്രീം കോടതി വിധിയില്‍ പറയുന്നത്. വനത്തോട് ചേര്‍ന്നുകിടക്കുന്ന ഒരു കിലോമീറ്റര്‍ ആകാശദൂരമുള്ള കൃഷിഭൂമിയിലാണീ വിളയാട്ടമെന്നോര്‍ക്കുക. പണമടച്ച് കര്‍ഷകര്‍ വാങ്ങിച്ചതും തലമുറകളായി കൈമാറ്റം ലഭിച്ചു സംരക്ഷിക്കുന്നതുമായ സ്വന്തം മണ്ണ് ഒരു കോടതിവിധിയുടെ പേരില്‍ കൈവിട്ടുപോകുന്ന ദുരവസ്ഥ. മലയോരജനതയ്ക്കു മാത്രമേ ജീവിതത്തിലുടനീളം ഇത്തരം പ്രതിസന്ധികളുള്ളൂ. കൊച്ചിയുടെ ഹൃദയഭാഗത്തുള്ള മംഗളവനത്തിന് ബഫര്‍ സോണ്‍ തുച്ഛം. ചെന്നൈയിലെ ഗിണ്ടി സങ്കേതത്തിനും മുംബൈയിലെ സഞ്ജയ്ഗാന്ധി ദേശീയോദ്യാനത്തിനും ബഫര്‍സോണ്‍ പൂജ്യമാണ്. നഗരവാസികളെ സംരക്ഷിച്ച് മലയോരജനതയെ ക്രൂശിക്കുന്ന ജനാധിപത്യഭരണത്തിന്റെ നീതി ധ്വംസനത്തിന് ഒരു സമൂഹത്തെ വിട്ടുകൊടുക്കണോ?

ചരിത്ര പശ്ചാത്തലങ്ങള്‍

2011 ഫെബ്രുവരി 9ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ വന്യജീവി സങ്കേതങ്ങളിലും ദേശീയ ഉദ്യാനങ്ങളിലും സംരക്ഷിതവനഭൂമിക്കും ചുററുമായുള്ള നിരോധന നിയന്ത്രണങ്ങള്‍ വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ട്.

ഇന്ത്യന്‍ വൈല്‍ഡ് ലൈഫ് ബോര്‍ഡിന്റെ 2002 ജനുവരി 21ന് ചേര്‍ന്ന 21-ാമത് സമ്മേളനത്തില്‍ പത്തുകിലോമീറ്റര്‍ പരിസ്ഥിതി സംരക്ഷിതമേഖല എന്ന ആശയമാണ് അവതരിപ്പിക്കപ്പെട്ടത്. 2002 മുതല്‍ 2016 വരെ നടന്ന ദേശീയ വന്യജീവി പദ്ധതിയില്‍ ഇക്കോ സെന്‍സിറ്റീവ് സോണ്‍ ഉള്‍പ്പെടുത്തി ചര്‍ച്ചകള്‍ സജീവമാക്കി. ഇക്കാലയളവിലാണ് പശ്ചിമഘട്ടത്തെ ലോകപൈതൃകസമിതിയില്‍ ഉള്‍പ്പെടുത്തി ലോകപൈതൃകപദവി ലഭ്യമാക്കുവാന്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പല റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചതും തള്ളിക്കളഞ്ഞതും. തുടര്‍ന്ന് 2011-ല്‍ ഗാഡ്ഗില്‍ വിദഗ്ദ്ധസമിതിയുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടു. ഇവയിലുടനീളം ഇക്കോ സെന്‍സിറ്റീവ് സോണ്‍ പരാമര്‍ശിക്കുന്നുണ്ട്. ലോകത്തിലെ എട്ട് ജൈവ വൈവിധ്യപ്രദേശങ്ങളിലൊന്നായി ഉയര്‍ത്തിക്കാട്ടുന്ന പശ്ചിമഘട്ടത്തെ മൂന്ന് പരിസ്ഥിതി സെന്‍സിറ്റീവ് സോണുകളായി ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ വിവരിക്കുന്നുണ്ട്. പാരിസ്ഥിതിക അടിസ്ഥാനത്തില്‍ ഇഎസ്ഇസഡ് 1,2,3 എന്നിങ്ങനെ തരംതിരിച്ചിരിക്കുന്നു. ഇവയ്‌ക്കെല്ലാം ബഫര്‍സോണുകളും നിര്‍ദ്ദേശിക്കപ്പെടുകമാത്രമല്ല ഈ റിപ്പോര്‍ട്ടുപ്രകാരം കേരളത്തിന്റെ നല്ലൊരുഭാഗം പരിസ്ഥിതി നിയന്ത്രണത്തിലാകുമെന്ന് പൊതുസമൂഹം തിരിച്ചറിഞ്ഞ് പ്രതികരിച്ചപ്പോഴാണ് അന്തിമവിജ്ഞാപനം പുറത്തിറക്കാതെ സര്‍ക്കാര്‍ നിശബ്ദത പാലിക്കാന്‍ നിര്‍ബന്ധിതമായിരിക്കുന്നത്. നിലവിലുള്ള കരടുവിജ്ഞാപനത്തിന്റെ കാലാവധി ജൂണ്‍ 30ന് അവസാനിക്കുകയും ചെയ്യും.

സുപ്രീം കോടതി വിധിയെന്ത്?

ഇന്ത്യയിലെ വന്യമൃഗസങ്കേതങ്ങള്‍ക്കും ദേശീയോദ്യാനങ്ങള്‍ക്കും ചുറ്റും ഒരുകിലോമീറ്റര്‍ പരിസ്ഥിതി ദുര്‍ബലപ്രദേശമായി പരിഗണിച്ച് ബഫര്‍ സോണായി പ്രഖ്യാപിച്ചും വിവിധ തരത്തിലുള്ള നിയന്ത്രണങ്ങളും നിരോധനങ്ങളും ഏര്‍പ്പെടുത്തുവാന്‍ നിര്‍ദ്ദേശിക്കുന്ന വിധിയാണ് 2022 ജൂണ്‍ 3ന് സുപ്രീംകോടതി പുറപ്പെടുവിച്ചത്. കേരളത്തില്‍ 16 വന്യജീവി സങ്കേതങ്ങള്‍, 5 ദേശീയോദ്യാനങ്ങള്‍, 2 കടുവ സങ്കേതങ്ങള്‍, 1 കടലുണ്ടി കമ്യൂണിറ്റി റിസര്‍വ് എന്നീ 24 സംരക്ഷിത വനപ്രദേശമാണുള്ളത്. ഇതില്‍ മതികെട്ടാന്‍ചോല ദേശീയോദ്യാനത്തിന്റെ ബഫര്‍സോണ്‍ അതിര്‍ത്തികള്‍ക്ക് അന്തിമവിജ്ഞാപനം ഇതിനോടകം വന്നിട്ടുണ്ട്. ബാക്കി 23 ഇടങ്ങളിലെ വനത്തോട് ചേര്‍ന്നുകിടക്കുന്ന റവന്യൂഭൂമിയിലെ ജനസമൂഹമാണ് കേരളത്തില്‍ ബഫര്‍ സോണിന്റെ ചതിക്കുഴിയില്‍ വീണ് നീറി ജീവിക്കുന്നത്.

കോടതി വിധിയിലെ അവ്യക്തതകള്‍

ആശങ്കകളോടൊപ്പം ഒട്ടേറെ അവ്യക്തതകളും ജൂണ്‍ 3ലെ സുപ്രീം കോടതി വിധിയിലുണ്ട്. പരിസ്ഥിതിലോലമേഖലയില്‍ നിലവില്‍ അനുമതി കിട്ടി ചെയ്തുവരുന്ന പ്രവൃത്തികള്‍ക്ക് വീണ്ടും അനുമതി വേണ്ടിവരുമോ? ആശുപത്രികള്‍, മറ്റ് അവശ്യ കെട്ടിടങ്ങള്‍ എന്നിവ കാലാകാലം പുതുക്കിപ്പണിയാന്‍ കഴിയുമോ? ഹോംസ്റ്റേകള്‍ പ്രകൃതി സൗഹൃദമായി പ്രവര്‍ത്തിക്കാം എന്ന് പറയുന്നുവെങ്കിലും ഇവിടുത്തെ മാലിന്യസംസ്‌കരണം എങ്ങനെയായിരിക്കണം. ബഫര്‍ സോണില്‍ തോട്ടം, കൃഷിയിടം, തുറസ്സായ സ്ഥലം എന്നിവ വാണിജ്യ. വ്യവസായ, ഭവന ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ലന്നിരിക്കെ നിലവില്‍ താമസിക്കുന്നവര്‍ക്ക് ഇത് ബാധകമാണോ? കലക്ടര്‍ ചെയര്‍മാനായ മേല്‍നോട്ട സമിതികള്‍ക്കാണ് ഈ പ്രദേശങ്ങളുടെ ചുമതലയെന്നതിനാല്‍ ഇവിടങ്ങളിലെ ഏത് ജോലിക്കും അവര്‍ക്ക് അപേക്ഷ നല്‍കേണ്ടതായിട്ടുണ്ട്. പക്ഷേ അവശ്യകാര്യങ്ങള്‍ക്ക് അനുമതി നല്‍കുന്നതിന്റെ മാനദണ്ഡങ്ങളില്‍ വ്യക്തതയില്ല. ഖനനത്തിന് പൂര്‍ണ്ണ വിലക്കുണ്ട്. ക്രഷര്‍, കല്ലുവെട്ടല്‍, ഇഷ്ടിക നിര്‍മ്മാണം എന്നിവ പാടില്ല. അതേസമയം പ്രദേശവാസികള്‍ക്ക് ഭവനനിര്‍മ്മാണം അനുവദിക്കുമെന്നും കോടതി പറയുന്നു. പക്ഷേ ഇവര്‍ക്കുള്ള അനുമതികള്‍ എന്തെല്ലാമാണെന്ന് വ്യക്തതയില്ല. സുപ്രീം കോടതി വിധിയില്‍ത്തന്നെ പറയുന്നത് പൊതുതാല്‍പര്യത്തിനു വേണ്ടതാണെങ്കില്‍ ദുരപരിധിയില്‍ ഇളവ് വരുത്താന്‍ കഴിയുമെന്നാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ വിധി നടപ്പാക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടും നടപ്പാക്കിയാല്‍ സമൂഹത്തിലുണ്ടാകുന്ന പ്രത്യാഘാതങ്ങളും വ്യക്തമാക്കി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര എംപവര്‍ കമ്മിറ്റിയും വനം പരിസ്ഥിതി മന്ത്രാലയവുംവഴി കോടതിയെ സമീപിക്കേണ്ടതാണ്.

ബഫര്‍ സോണില്‍ എന്തു സംഭവിക്കും?

കര്‍ഷകന്റെ സ്വന്തം കൃഷിഭൂമി സര്‍ക്കാരിന്റെ അഥവാ തെളിച്ചുപറഞ്ഞാല്‍ വനംവകുപ്പിന്റെ നിയന്ത്രണങ്ങള്‍ക്കും നിരോധനങ്ങള്‍ക്കും വിധേയമാകും. കര്‍ഷകഭൂമി വന്യമൃഗങ്ങളുടെ വിഹാരകേന്ദ്രമാകും. മൃഗങ്ങള്‍ ജനവാസമേഖലകളിലേയ്ക്ക് കടന്നുവരാതെ നിര്‍മ്മിച്ചിരിക്കുന്ന നിലവിലുള്ള വേലികളും അതിര്‍ത്തികളിലുള്ള തടസ്സങ്ങളും മതിലുകളും കിടങ്ങുകളും എടുത്തുമാറ്റപ്പെടും. സാവധാനം കൃഷിയിടങ്ങള്‍ വനമായി മാറും.

കൃഷിഭൂമിയില്‍ ഇപ്പോഴുള്ള പല കൃഷികളും നിരോധിക്കപ്പെടും. ബഫര്‍സോണില്‍ എന്തൊക്കെ കൃഷിചെയ്യണമെന്ന് വനംവകുപ്പ് അധികൃതര്‍ തീരുമാനിക്കും. സ്വന്തം മണ്ണില്‍ കര്‍ഷകന്‍ നട്ടുവളര്‍ത്തിയ മരങ്ങള്‍ മുറിക്കണമെങ്കില്‍ വനംവകുപ്പിന്റെ ഉത്തരവ് വേണം. വെള്ളത്തിനായി കിണറുകള്‍ കുഴിച്ചാല്‍ ജയില്‍ജീവിതം ഉറപ്പ്. എല്ലാം വനംവകുപ്പിലെ യജമാനന്മാര്‍ നിശ്ചയിച്ച് പ്രഖ്യാപിക്കും.

അഥവാ ഈ ഭൂമിയില്‍ കര്‍ഷകന്‍ എല്ലാം അനുവാദങ്ങളുമായി കുറച്ച് കപ്പയും ചേനയും കാച്ചിലും ഇഞ്ചിയും കൃഷി ചെയ്തുവെന്നിരിക്കട്ടെ. കാട്ടുപന്നി ഉള്‍പ്പെടെ വന്യജീവികളുടെ നശീകരണവും കഴിഞ്ഞ് ബാക്കി കിട്ടുന്ന ഫലം മുഴുവന്‍ കര്‍ഷകനും ഭാര്യയും മക്കളും കഴിച്ചുതീര്‍ത്തുകൊള്ളണം. വില്‍ക്കാന്‍ പാടില്ല. വിപണനം അനുവദിക്കില്ല.

നിരന്തരമായ വന്യജീവി ശല്യംമൂലം നിവൃത്തികേടുകൊണ്ട് സ്വന്തം റവന്യൂ ഭൂമി കൃഷി ചെയ്യാതെയിട്ടാലോ, യാതൊരു നഷ്ടപരിഹാരവുമില്ലാതെ സര്‍ക്കാര്‍ പിടിച്ചെടുത്ത് വനമായി പ്രഖ്യാപിക്കും. ബഫര്‍സോണിലൂടെ റോഡിനും അടിസ്ഥാന സൗകര്യവികസനത്തിനും നിയന്ത്രണമുണ്ട്. താമസത്തിനുള്ള വീട് ഉള്‍പ്പെടെ ഒരു നിര്‍മ്മാണപ്രവര്‍ത്തനവും പാടില്ല. നിലവിലുള്ള വീടിന്റെ ഭാഗമായി ഒരു മുറി പിടിക്കണമെങ്കിലോ വനംവകുപ്പിന്റെ അനുവാദം വാങ്ങിയിരിക്കണം. കൊമേഴ്‌സ്യല്‍ കെട്ടിടങ്ങള്‍ അനുവദിക്കില്ല. ഇപ്പോള്‍ നിലവിലുള്ള കടകള്‍ക്കും സ്ഥാപനങ്ങള്‍ക്കും തല്‍ക്കാലം തുടരാമായിരിക്കും. എന്നാല്‍ കച്ചവടവും ജനവാസവുമില്ലാതെ ഭാവിയില്‍ ഇവയെല്ലാം പൂട്ടപ്പെടുമെന്ന് മനസ്സിലാക്കാന്‍ ഡോക്ടറേറ്റിന്റെ ആവശ്യമില്ല. അവസാനം ജീവിക്കാന്‍ നിവൃത്തിയില്ലാതെ ജനം തെരുവിലിറങ്ങി പാലായനം ചെയ്യും. എല്ലാം നഷ്ടപ്പെടുന്നവരുടെ ആത്മഹത്യകള്‍ വേറെയും. ഈ വിടവില്‍ വന്യമൃഗങ്ങള്‍ ആര്‍ത്തുല്ലസിക്കും. വനംവകുപ്പിന്റെ അക്കൗണ്ടിലേയ്ക്ക് കാര്‍ബണ്‍ ഫണ്ട് ഒഴുകിയെത്തും.

ബഫര്‍ സോണിലെ നിരോധനങ്ങള്‍

ഖനനം, ക്രഷര്‍, ജലവൈദ്യുതി, തടിമില്ല് ഇവയ്ക്ക് നിരോധനം. ഇവയൊന്നും കര്‍ഷകരുടെ സ്ഥാപനങ്ങളല്ല. പാറഖനനത്തിലൂടെ കെട്ടിടങ്ങളുയരുന്നത് നഗരങ്ങളിലും നേട്ടമുണ്ടാക്കുന്നത് ഖനനമാഫിയകളുമാണ്. മലയോരജനത ഇരകള്‍ മാത്രം. ഈ പ്രതിസന്ധിയില്‍ മലയോരജനതയെ തെരുവിലിറക്കി സ്വന്തം താല്‍പര്യം സംരക്ഷിക്കുവാന്‍ ശ്രമിക്കുകയാണ് ഖനനമാഫിയകള്‍. ജലവൈദ്യുതിമൂലം നേട്ടമുണ്ടാക്കുന്നത് നഗരവാസികളാണ്; തദ്ദേശവാസികളല്ലെന്നുള്ളതിന് നേര്‍സാക്ഷ്യമായി ഇടുക്കി ജില്ലയിലെ വോള്‍ട്ടേജില്ലാത്തതും വൈദ്യുതി കണക്ഷനില്ലാത്തതുമായ ഭവനങ്ങള്‍ നമ്മുടെ കണ്‍മുമ്പിലുണ്ട്. ഖനനങ്ങള്‍ക്കും ക്വാറികള്‍ക്കും അനുമതി നല്‍കുന്നതിനും ഇവ നിരോധിക്കാനും നിയന്ത്രിക്കാനും സര്‍ക്കാരിന്റെ കൈവശം നിലവില്‍ നിയമങ്ങളുണ്ട്. പക്ഷേ ഇവയൊക്കെ വന്‍മാഫിയാ സംഘങ്ങളും രാഷ്ട്രീയ ഉദ്യോഗസ്ഥ ഭരണസംവിധാനങ്ങളും വിലയ്ക്കുവാങ്ങിയ നിയമങ്ങളാണെന്നുമാത്രം. ഖനനനിരോധനങ്ങള്‍ക്ക് ബഫര്‍സോണിന്റെപോലും ആവശ്യവുമില്ലന്നുള്ളതാണ് വസ്തുത.

മംഗള വനത്തിന്റെ ഭാഗ്യം

കേരളത്തിന്റെ വന്യജീവി സങ്കേതങ്ങള്‍ക്കു ചുറ്റും വരുന്ന ബഫര്‍ സോണുകളില്‍ ഏഴാമത്തേതായി എറണാകുളം പട്ടണത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന മംഗളവനം പക്ഷിസങ്കേതത്തിനു ചുറ്റുമുള്ള ബഫര്‍ സോണിന്റെ കരട് നോട്ടിഫിക്കേഷന്‍ 2020 സെപ്തംബര്‍ 7ന് പുറത്തുവന്നു. ആറ് ഏക്കര്‍ മാത്രം വിസ്തീര്‍ണ്ണമുള്ള പക്ഷി സങ്കേതമായ മംഗളവനത്തിനു ചുറ്റും 131 ഏക്കര്‍ ഭൂമിയിലാണ് ബഫര്‍ സോണ്‍ നോട്ടിഫിക്കേഷന്‍ വന്നിരിക്കുന്നത്. മംഗളവനത്തിനു ചുറ്റുമുള്ള വന്‍കിട ഫ്‌ളാറ്റുകളും കെട്ടിടങ്ങളും വീടുകളും കോളനികളും പരിപൂര്‍ണ്ണമായി ഒഴിവാക്കിക്കൊണ്ടാണ് ബഫര്‍ സോണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മംഗളവനത്തിന്റെ പടിഞ്ഞാറ് വശവും തെക്കുപടിഞ്ഞാറുവശത്തും കേരള ഹൈക്കോടതിയുടെ പഴയ കെട്ടിടവും സെന്‍ട്രല്‍ മറൈന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കെട്ടിടവുമാണ്. ആ ഭാഗത്തു ബഫര്‍ സോണ്‍ ഇല്ല. എറണാകുളം പട്ടണത്തില്‍ വീടുകളും വന്‍കിട ഫ്‌ളാറ്റുകളും ഒഴിവാക്കിക്കൊണ്ട് ബഫര്‍ സോണ്‍ പ്രഖ്യാപിച്ചിരിക്കെ എന്തുകൊണ്ടാണ് മലയോരമേഖലയില്‍ ജീവിക്കുന്ന പാവപ്പെട്ട കൃഷിക്കാരുടെ വീടുകളും കൃഷിയിടങ്ങളും ഒഴിവാക്കിക്കൊണ്ട് ബഫര്‍ സോണ്‍ പ്രഖ്യാപിക്കാന്‍ പറ്റാത്തതെന്ന ചോദ്യം ന്യായമല്ലേ.

ഇടുക്കിയുടെ കഷ്ടകാലം

കോടതി ഉത്തരവ് ഏറ്റവും പ്രതികൂലമായി ബാധിക്കുന്നത് ജനസാന്ദ്രത കൂടിയ കേരളത്തെയാണ്. പതിറ്റാണ്ടുകളായി വനമേഖലയോടുചേര്‍ന്ന് ജീവിതം കെട്ടിപ്പടുത്ത ജനസമൂഹം തങ്ങളുടെ എല്ലാം ഉപേക്ഷിച്ച് പോകേണ്ടിവരുമോയെന്ന ആധിയിലാണ്. വിധി നടപ്പാക്കേണ്ടിവന്നാല്‍ ഇടുക്കി ജില്ലയുടെ സമ്പൂര്‍ണ്ണ തകര്‍ച്ചയ്ക്ക് കാരണമാകും. 4358 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ജില്ലയില്‍ 3770 ചതുരശ്ര കിലോമീറ്ററും വനമാണ്. സംസ്ഥാനത്തെ അഞ്ച് ദേശീയോദ്യാനങ്ങളില്‍ നാലും ഈ ജില്ലയുടെ ഭാഗമാണ്. കൂടാതെ നാല് വന്യജീവി സങ്കേതവും ഉണ്ട്. നിയമം നടപ്പായാല്‍ ജനജീവിതത്തിന് വെല്ലുവിളി ഉയരുന്നതിനോടൊപ്പം ജില്ലയുടെ പ്രധാന വരുമാനസ്രോതസ്സായ ടൂറിസം മേഖലയുടെ സമ്പൂര്‍ണ്ണ തകര്‍ച്ചയുമുണ്ടാകും. തേക്കടി പോലുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ ഇല്ലാതാകും. പല ചെറുപട്ടണങ്ങളുടെയും നിലനില്‍പ്പുപോലും അസാധ്യമാകും. പെരിയാര്‍ കടുവാസങ്കേതത്തിന്റെ ഭാഗമായ ശബരിമലയിലും പമ്പയിലും നിലയ്ക്കലും വികസനപ്രവര്‍ത്തനങ്ങള്‍ നിശ്ചലമാകും.

വനം വകുപ്പിന്റെ ന്യായവാദങ്ങള്‍

മൂന്നു മാസങ്ങള്‍ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന സുപ്രീം കോടതി നിര്‍ദ്ദേശത്തെത്തുടര്‍ന്ന് നടപടിക്രമങ്ങളിലേയ്ക്ക് വനംവകുപ്പ് നീങ്ങാനൊരുങ്ങുന്നു. ഒരു കിലോമീറ്റര്‍ ബഫര്‍ സോണ്‍ വന്നാല്‍ ജനവാസമേഖലയെ എങ്ങനെ ബാധിക്കുമെന്ന പഠനമായിരിക്കും ഇതിന്റെ പേരില്‍ നടക്കുക. പൂജ്യം മുതല്‍ ഒരു കിലോമീറ്റര്‍ വരെ ബഫര്‍ സോണ്‍ എന്ന നിര്‍ദ്ദേശത്തിന്റെ പിന്നിലും മൂന്‍കാലങ്ങളില്‍ ഈ പഠനമുണ്ടായിരുന്നതായി രേഖകള്‍ സൂചിപ്പിക്കുന്നു. വനംവകുപ്പ് എന്തു പഠനങ്ങള്‍ നടത്തിയാലും ബഫര്‍സോണ്‍ പൂജ്യമായി നിര്‍ദ്ദേശിച്ചില്ലെങ്കില്‍ കേരളം പോലെ ജനസാന്ദ്രതയുള്ള സംസ്ഥാനത്തിന് ഇരുട്ടടിയാകും.

സുപ്രീം കോടതി വിധിന്യായത്തിന്റെ 10 മുതലുള്ള പേജുകളിലെ സി മുതല്‍ എഫ് വരെയുള്ള ഖണ്ഡികകളില്‍ നിന്ന് സംസ്ഥാനസര്‍ക്കാരിന് ഇടപെടലുകള്‍ നടത്താനുള്ള അവസരം സുപ്രീംകോടതി വളരെ വ്യക്തമാക്കിയിട്ടുണ്ട്. ജനങ്ങളുടെ ആക്ഷേപം കേട്ട് ദൂരപരിധി നിര്‍ദ്ദേശിച്ച് സെന്‍ട്രല്‍ എംപവര്‍മെന്റ് കമ്മിറ്റി മുഖേന നിര്‍ദ്ദേശങ്ങള്‍ കോടതിയിലെത്തിക്കുവാന്‍ സംസ്ഥാന സര്‍ക്കാരിനാകണം. സുപ്രീംകോടതിക്കല്ലാതെ മറ്റൊരു കോടതിക്കും ഈ വിഷയത്തില്‍ ഇനി ഇടപെടാനുമാകില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും അതിര്‍ത്തികളില്‍ വ്യക്തതയും പുനര്‍നിര്‍ണ്ണയവുമുണ്ടാകണം. മരങ്ങള്‍ നിറഞ്ഞ കൃഷിസ്ഥലമാണ് കേരളത്തിലെന്നിരിക്കെ ആകാശസര്‍വ്വേയല്ല മറിച്ച് മണ്ണിലിറങ്ങിയുള്ള ഭൂസര്‍വ്വേയാണ് ഇക്കാര്യത്തില്‍ വേണ്ടത്.

അയല്‍ സംസ്ഥാനങ്ങളുടെ നിലപാട്

കേരളത്തിനോട് ചേര്‍ന്നു കിടക്കുന്ന തമിഴ്‌നാട്, കര്‍ണ്ണാടക സംസ്ഥാനങ്ങളുടെ നിലപാടുകളും ഏറെ നിര്‍ണ്ണായകമാണ്. കര്‍ണ്ണാടകയിലെ ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തിന് ശരാശരി 3.62 കിലോമീറ്ററാണ് ബഫര്‍ സോണ്‍ വിജ്ഞാപനം ചെയ്തിരിക്കുന്നത്. തമിഴ്‌നാട്ടിലെ 11 സംരക്ഷിത പ്രദേശങ്ങള്‍ക്ക് പൂജ്യം മുതല്‍ 6.2 കിലോമീറ്റര്‍ നിശ്ചയിച്ച് അന്തിമവിജ്ഞാപനമായിട്ടുണ്ട്. അതേസമയം മുതുമല വന്യജീവിസങ്കേതത്തില്‍ കേരള അതിര്‍ത്തിയില്‍ ബഫര്‍ സോണ്‍ പൂജ്യമാണ്. മേല്പറഞ്ഞ സ്ഥലങ്ങളിലൊക്കെ ജനവാസമില്ലെന്നുള്ളതും ഓര്‍മ്മിക്കേണ്ടതാണ്. ഓരോ സംസ്ഥാനത്തിനും അതാതിടങ്ങളിലെ പ്രത്യേകതകള്‍ കണക്കിലെടുത്ത് ബഫര്‍ സോണ്‍ നിര്‍ണ്ണയിക്കാമെന്ന കേന്ദ്രസര്‍ക്കാരിന്റെ നിലപാട് കേരളം പൂര്‍ണ്ണതയിലെത്തിക്കാന്‍ ശ്രമിക്കണം.
അന്തിമവിജ്ഞാപനമിറക്കിയിരിക്കുന്ന മതികെട്ടാന്‍ ചോലയുടെ ബഫര്‍ സോണില്‍ പോലും തമിഴ്‌നാട് പൂജ്യമെന്ന നിലപാട് സ്വീകരിച്ചപ്പോള്‍ കേരളം ഒന്നര കിലോമീറ്റര്‍ എന്നറിയിച്ച വന്‍ചതിയും നമ്മുടെ മുമ്പിലുണ്ട്. തമിഴ്‌നാട് ജനസംരക്ഷണത്തിനും ജനങ്ങളുടെ ക്ഷേമത്തിനും മുന്‍തൂക്കം നല്‍കുമ്പോള്‍ കേരളം മനുഷ്യനെ മറന്ന് വനത്തിനും വന്യമൃഗങ്ങള്‍ക്കും സംരക്ഷണമേകുന്നു.

വനത്തിനുള്ളില്‍ നിജപ്പെടുത്തണം

ബഫര്‍ സോണ്‍ വനത്തിനുള്ളില്‍ നിജപ്പെടുത്തണം. ജണ്ടയിട്ടു തിരിച്ചിരിക്കുന്ന വനഭൂമിയുടെ പുറത്തേയ്ക്ക് ഒരിഞ്ചുപോലും വ്യാപിപ്പിക്കുവാന്‍ അനുവദിക്കാനാവില്ല. പൂജ്യം മുതല്‍ ഒരുകിലോമീറ്റര്‍ വരെയെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശവും തള്ളിക്കളയണം. ജനങ്ങളെ സംരക്ഷിക്കുവാന്‍ സാധിക്കാതെ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നു മാത്രമല്ല, ശക്തമായി എതിര്‍ക്കപ്പെടണം. വനഭൂമി സംരക്ഷിക്കേണ്ടത് വനംവകുപ്പിന്റെ ജോലിയാണ്. കര്‍ഷകഭൂമി കയ്യേറി കര്‍ഷകനെ കുടിയിറക്കിയും കുഴിച്ചുമൂടിയുമല്ല വനവല്‍ക്കരണം നടത്തേണ്ടത്. നിയമങ്ങള്‍ വളച്ചൊടിച്ച് കോടതിവിധികള്‍ സമ്പാദിച്ച് കോടികള്‍ കീശയിലാക്കുന്നവര്‍ക്ക് അന്നത്തിനുവേണ്ടി കഷ്ടപ്പെടുന്നവന്റെ വേദനയും നൊമ്പരവുമറിയില്ല.

വനവിസ്തൃതി കൂടിയതെങ്ങനെ?

കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ഫോറസ്റ്റ് സര്‍വ്വേ ഓഫ് ഇന്ത്യ റിപ്പോര്‍ട്ടുപ്രകാരം കേരളത്തില്‍ 2017 നു ശേഷം 823 ചതുരശ്ര കിലോമീറ്റര്‍ വനവിസ്തൃതിയില്‍ വര്‍ദ്ധനവുമുണ്ടായിരിക്കുന്നത് എങ്ങനെയെന്ന് അന്വേഷണവിധേയമാക്കണം. റിപ്പോര്‍ട്ടുപ്രകാരം കേരളത്തിന്റെ വനവിസ്തൃതി 11,309 ചതുരശ്ര കിലോമീറ്ററാണ്. കേരള ഭൂവിസ്തൃതിയുടെ 29.10 ശതമാനം ഇതില്‍പ്പെടും. ഇന്ത്യയിലെ ശരാശരി വനവിസ്തൃതി 19.1 ശതമാനമാണ്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന വനംഭൂമി വിസ്തീര്‍ണ്ണം 8656 ചതുരശ്ര കിലോമീറ്ററാണ്. വനവിസ്തൃതി ഉയര്‍ത്തിക്കാട്ടി കാര്‍ബണ്‍ ഫണ്ട് കൈക്കലാക്കാന്‍ റവന്യൂ വനം രേഖകളില്‍ കൃത്രിമം നടന്നിരിക്കുന്നുവെന്ന് സംശയിക്കപ്പെടുന്നു. കര്‍ഷകഭൂമി കൈയ്യേറി വനവല്‍ക്കരണത്തിനുള്ള കുത്സിത ശ്രമത്തില്‍ നിന്ന് വനംവകുപ്പ് പിന്മാറണം.

രക്ഷപെടാന്‍ എന്താണ് മാര്‍ഗ്ഗം?

ബഫര്‍സോണ്‍ എന്ന കൊടുംവാളില്‍ നിന്ന് രക്ഷപെടാന്‍ വഴികളുണ്ടോയെന്ന് മലയോരജനത അന്വേഷണത്തിലാണ്. ഉത്തരമെല്ലാം ചെന്നെത്തുന്നത് കോടതിയിലേയ്ക്കല്ല. സര്‍ക്കാരിലേയ്ക്കാണ്. ജനാധിപത്യസംവിധാനത്തിലെ പൗരസമൂഹം തിരിച്ചറിയാതിരിക്കുന്നത് അഥവാ മറന്നുപോകുന്നത് സര്‍ക്കാരെന്നു പറഞ്ഞാല്‍ ജനങ്ങള്‍ തെരഞ്ഞെടുത്ത ജനപ്രതിനിധികളും ജനം നികുതിപ്പണത്തിലൂടെ തീറ്റിപ്പോറ്റുന്ന ഉദ്യോഗസ്ഥരുമാണെന്നുള്ളതാണ്. ബ്രിട്ടീഷ് അടിമത്വത്തേക്കാള്‍ ക്രൂരമായ ഇവരുടെ അടിമത്വഭരണമാണ് ഒരുസമൂഹത്തെയൊന്നാകെ ഇന്ന് തെരുവിലേയ്ക്ക് തള്ളിവിടുന്നത്. നിലവിലുള്ള വനനിയമം തന്നെ റദ്ദ് ചെയ്യണമെന്ന് ഗാഡ്ഗില്‍ പറഞ്ഞതും ഓര്‍മ്മിക്കുക.

ബഫര്‍സോണ്‍ വിഷയത്തില്‍ നിയമനിര്‍മ്മാണമാണ് ശാശ്വതമായ പോംവഴി. റവന്യൂ ഭൂമിയുടെ പരിപൂര്‍ണ്ണ അവകാശം അതിന്റെ ഉടമസ്ഥനാകണം. കര്‍ഷകഭൂമിയില്‍ ആരുടെയും കൈയേറ്റം അനുവദിക്കില്ല. കര്‍ഷകന് ഭൂമി ആര്‍ക്കുവേണമെങ്കിലും വില്‍ക്കാം. വനംവകുപ്പിനോ വ്യക്തികള്‍ക്കോ നിശ്ചിതവിലനല്‍കി സര്‍വ്വസമ്മതത്തോടെ ഏറ്റുവാങ്ങാം. ഇവിടെയിപ്പോള്‍ പിടിച്ചുപറിക്കുന്ന അധികാരധാര്‍ഷ്ട്യമാണുള്ളത്. കോടതി വിധിക്കുന്നത് നിയമങ്ങളുടെയും രേഖകളുടെയും തെളിവിന്റെയും അടിസ്ഥാനത്തിലാണ്. നിയമങ്ങള്‍ നിര്‍മ്മിക്കുന്നത് നിയമസഭയിലും പാര്‍ലമെന്റിലും ജനപ്രതിനിധികളാണെന്നുള്ളത് മറക്കരുത്.

മരടിലെ അനുഭവം മറക്കരുത്

വനത്തിനുള്ളില്‍ അഥവാ വന്യജീവിസങ്കേതത്തിനുള്ളില്‍ ബഫര്‍സോണുകള്‍ നിജപ്പെടുത്തുവാനും മനസ്സുവെച്ചാല്‍ സര്‍ക്കാരിനാവും. ശാശ്വതപ്രശ്‌നപരിഹാരത്തിന് ഇതനുസരിച്ചുള്ള നിയമനിര്‍മ്മാണം സാധിച്ചില്ലെങ്കില്‍ സു്രപീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍, എറണാകുളം മരടില്‍ സംഭവിച്ചതുപോലെ പൊളിച്ചടുക്കുണ്ടാകും. മരടില്‍ സുപ്രീം കോടതി വിധിവന്നപ്പോള്‍ സംരക്ഷകരായി ഓടിക്കൂടിയ രാഷ്ട്രീയ ഭരണനേതൃത്വങ്ങള്‍ പൊളിക്കുമ്പോള്‍ ഒളിച്ചോടിയത് നാം കണ്ടതാണ്. നിയമനിര്‍മ്മാണം വന്നാല്‍ വിദേശസാമ്പത്തിക ഏജന്‍സികളില്‍ നിന്ന് വനംവകുപ്പിന് ലഭിക്കുന്ന കാര്‍ബണ്‍ ഫണ്ടില്‍ അല്പം കുറവുണ്ടാകും. ഈ പണസമ്പാദനത്തിനും ഒറ്റുകാശിനുമായി ഒരു സമൂഹത്തെ മുഴുവന്‍ കുരുതികൊടുക്കുന്ന കാട്ടുനീതിക്ക് കൂട്ടുനില്‍ക്കണോയെന്ന് മനഃസാക്ഷിയുള്ളവര്‍ ചിന്തിക്കുക.

സര്‍ക്കാരിന് ആത്മാര്‍ത്ഥതയുണ്ടോ?

നിലവിലുള്ള സുപ്രീംകോടതി വിധിയില്‍ സംസ്ഥാന സര്‍ക്കാര്‍ ആത്മാര്‍ത്ഥ സമീപനം സ്വീകരിച്ചാല്‍ ഒരു ജനസമൂഹത്തിന് രക്ഷയുടെ വാതില്‍ തുറക്കും. ജൂലൈ 12ന് റിവിഷന്‍ പെറ്റീഷന്‍ ഫയല്‍ ചെയ്തതുകൊണ്ട് മാത്രം ഉദ്ദേശിക്കുന്ന ഫലമുണ്ടാവില്ല. ബദല്‍ നിര്‍ദ്ദേശങ്ങളുമായി സംസ്ഥാനത്തിന് നേരിട്ട് സുപ്രീംകോടതിയെ സമീപിക്കാനുമാവില്ല. കേന്ദ്ര എംപവര്‍ കമ്മിറ്റി മുഖേന മാത്രമേ കോടതിയിലേയ്ക്ക് നീങ്ങാനാവൂ. സുപ്രീംകോടതിക്കല്ലാതെ മറ്റൊരു കോടതിക്കും ഇക്കാര്യത്തില്‍ ഇടപെടാനാവില്ലെന്ന് ജൂലൈ 3ലെ വിധിന്യായത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം പ്രശ്‌നബാധിതമേഖലയിലെ ജനവാസം, നിലവിലുള്ള ഭൂമിയുടെ അവസ്ഥ എന്നിവയെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് മൂന്നുമാസത്തിനുള്ളില്‍ സമര്‍പ്പിക്കുവാന്‍ കോടതിതന്നെ മുഖ്യവനപാലകനും ചീഫ് സെക്രട്ടറിക്കും ഉത്തരവാദിത്വം നല്‍കിയിരിക്കുന്നതിന്റെ കൃത്യതയും വ്യക്തതയും സമീപനവുമായിരിക്കും ഏതാണ്ട് അഞ്ച് ലക്ഷത്തോളം മലയോരജനതയുടെ ജീവിതവും ഭാവിയും.

ഭരണനേതൃത്വങ്ങളുടെ ഇരട്ടമുഖം

സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് കെ29/2019 പ്രകാരം സംരക്ഷിത വനപ്രദേശത്തോട് ചേര്‍ന്നുകിടക്കുന്ന മനുഷ്യവാസകേന്ദ്രങ്ങള്‍ ഉള്‍പ്പെടെ സംരക്ഷിതപ്രദേശങ്ങള്‍ക്കു ചുറ്റുമുള്ള 0 മുതല്‍ 1 കിലോ മീറ്റര്‍ വരെ പരിസ്ഥിതി സംവേദക മേഖലയായി തത്വത്തില്‍ നിശ്ചയിച്ചുകൊണ്ട് അംഗീകാരം നല്‍കിയത് ഇടതുപക്ഷ സര്‍ക്കാരാണ്. 2022 ഫെബ്രുവരി 6ന് പരിസ്ഥിതിലോലമേഖല നിര്‍ദ്ദേശിച്ചത് ബി.ജെ.പി.നേതൃത്വ വാജ്‌പേയ് സര്‍ക്കാരാണ്. ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ സമിതികളിലൂടെ പശ്ചിമഘട്ടത്തെ ജനവിഭാഗത്തെ ഒന്നാകെ വിദേശ ശക്തികള്‍ക്ക് തീറെഴുതിക്കൊടുത്തത് കോണ്‍ഗ്രസ് നേതൃത്വ യുപിഎ സര്‍ക്കാരും. എന്നിട്ട് ഇവരെല്ലാം മലയോരജനതയുടെ സംരക്ഷകരായി അവതരിക്കുന്ന വിരോധാഭാസം തുടരുന്നു. ഇരയോടൊപ്പം ഓടുകയും വേട്ടക്കാരനോടാപ്പം നിന്ന് വെടിവെയ്ക്കുകയും ചെയ്യുന്ന ഇവരാണ് മറഞ്ഞിരുന്ന് ദ്രോഹിക്കുന്ന യഥാര്‍ത്ഥ ശത്രുക്കളെന്ന് രാഷ്ട്രീയ അന്ധത ബാധിച്ച ജനമിന്നും അറിയുന്നില്ല. ബഫര്‍സോണിന്റെ പിന്നിലും ഈ കള്ളക്കളിയാണ് അരങ്ങുതകര്‍ക്കുന്നത്.

അധികാരത്തിലേറാന്‍ കര്‍ഷകന്‍ വേണം. അധികാരത്തിലിരുന്നാല്‍ ദ്രോഹസമീപനം. അധികാരം പോയാല്‍ കര്‍ഷകമിത്രം. രാഷ്ട്രീയ അടിമത്വത്തിനും തട്ടിപ്പിനും ഇരയായി എത്രനാള്‍ അസംഘടിത കര്‍ഷകര്‍ ഇങ്ങനെ ജീവിക്കും. ഉദ്യോഗസ്ഥര്‍ ഇറക്കുന്ന ഉത്തരവുകളെയാണ് കര്‍ഷകര്‍ പലപ്പോഴും എതിര്‍ക്കുന്നത്. ഉത്തരവുകളുടെ പശ്ചാത്തലം കോടതിവിധികളും നിയമങ്ങളുമാണ്. നിയമങ്ങള്‍ സൃഷ്ടിക്കുന്നത് ജനാധിപത്യരാജ്യത്തെ നിയമസഭകളിലും പാര്‍ലമെന്റിലും ജനങ്ങളുടെ പ്രതിനിധികളാണ്. അപ്പോള്‍ ആരാണ് കര്‍ഷകരെ ചതിക്കുഴിയിലേയ്ക്ക് തള്ളിയിടുന്നത്. നമ്മള്‍ തെരഞ്ഞെടുക്കുന്ന ജനപ്രതിനിധികള്‍ തന്നെ. ഇവര്‍ക്കുനേരെ രാഷ്ട്രീയം മറന്ന് വിരല്‍ചൂണ്ടി സംസാരിക്കുവാന്‍ മലയോരജനതയ്ക്കും കര്‍ഷകനുമാകണം. കര്‍ഷകസംരക്ഷകരെന്ന് കൊട്ടിഘോഷിച്ച് കര്‍ഷകരെ സ്ഥിരനിക്ഷേപം പോലെ കൈപ്പിടിയിലൊതുക്കിയ രാഷ്ട്രീയ പാര്‍ട്ടികള്‍ നിലപാടുകളില്ലാതെ ഒളിച്ചോടുന്നു. കാലഹരണപ്പെട്ട ഭൂനിയമങ്ങളിലും വനനിയമങ്ങളിലും പൊളിച്ചെഴുത്തുനടത്താതെ ഇനി കര്‍ഷകന് ഈ മണ്ണില്‍ നിലനില്‍ക്കാനാവില്ലെന്നുള്ളത് തിരിച്ചറിയുക. ബഫര്‍ സോണ്‍ വാളായി തലയ്ക്കു മുകളില്‍ നില്‍ക്കുന്നത് മലയോരജനത കണ്ണുതുറന്നുകണ്ട് ഉണര്‍ന്നെഴുന്നേറ്റില്ലെങ്കില്‍ എല്ലാം നഷ്ടപ്പെട്ടിട്ട് പിന്നീട് വിലപിച്ചിട്ടു കാര്യമില്ല.

ഷെവലിയര്‍ അഡ്വ.വി.സി. സെബാസ്റ്റ്യന്‍, സൗത്ത് ഇന്ത്യാ കണ്‍വീനര്‍, രാഷ്ട്രീയ കിസാന്‍ മഹാസംഘ്‌

 

Print Friendly, PDF & Email

Leave a Comment

More News