വാളയാർ: അനധികൃത വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന 56 ചാക്ക് റേഷനരി ഡി.വൈ.എഫ്.ഐ നേതാവിന്റെ വീട്ടിൽ നിന്ന് പോലീസും സിവില്‍ സപ്ലൈസ് വകുപ്പും പിടികൂടി. വാളയാർ സ്വദേശി റസാഖിന്റെ വീടിന് സമീപത്തെ ഷെഡിലാണ് തമിഴ്‌നാട് റേഷൻ കാർഡ് സൂക്ഷിച്ചിരുന്നത്. വാളയാർ ഡാം റോഡ് സ്വദേശിയും സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ വാളയാർ മുൻ മേഖലാ പ്രസിഡന്റുമായ എ.ഷെമീറിന്റെ ഉടമസ്ഥതയിലുള്ള ഷെഡിലാണ് അരി സൂക്ഷിച്ചിരുന്നത്.
വാളയാർ പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പോലീസും സിവിൽ സപ്ലൈസ് വകുപ്പും ചേർന്ന് നടത്തിയ പരിശോധനയിലാണ് അരി പിടികൂടിയത്. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് റിപ്പോർട്ട് ജില്ലാ കളക്ടർക്ക് കൈമാറുമെന്ന് താലൂക്ക് സപ്ലൈ ഓഫീസർ ജെ.എസ്. ഗോകുൽദാസ് പറഞ്ഞു. ഇയാള്‍ക്കെതിരെ അവശ്യസാധന നിയമപ്രകാരം കേസെടുക്കാനും പിടിച്ചെടുത്ത അരി കണ്ടുകെട്ടാനും സിവില്‍ സപ്ലൈസ് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അനധികൃത വില്‍പന നടത്താനാണ് അരി എത്തിച്ചത്. കുറഞ്ഞ വിലയ്ക്ക് കിട്ടുന്ന തമിഴ്നാട് റേഷനരി കളര്‍ ചേര്‍ത്ത് വിലകൂട്ടി വില്‍ക്കാന്‍ എത്തിച്ചതാണെന്നും പൊലീസ് സംശയിക്കുന്നുണ്ട്.