ഫിലഡല്‍ഫിയയില്‍ മതബോധന സ്കൂള്‍ ബിരുദധാരികളെ ആദരിച്ചു

ഫിലഡല്‍ഫിയ: സെന്‍റ് തോമസ് സീറോ മലബാര്‍ ഫൊറോനാ ദേവാലയത്തില്‍ നടന്ന ലളിതമായ ചടങ്ങില്‍ ഈ വര്‍ഷം മതബോധന സ്കൂള്‍ പന്ത്രണ്ടാം ക്ലാസില്‍ നിന്നും ഡിപ്ലോമ നേടിയ 17 യുവതീയുവാക്കളെ ഇടവക സമൂഹം ആദരിച്ചു. ഇടവക വികാരി റവ. ഫാ. കുര്യാക്കോസ് കുമ്പക്കീല്‍ ദിവ്യബലി അര്‍പ്പിച്ച് പ്രത്യേക പ്രാര്‍ത്ഥനകളും ബിരുദധാരികളെ അനുമോദിച്ചു അനുഗ്രഹപ്രഭാഷണവും നടത്തി.

സണ്‍‌ഡേ സ്കൂള്‍ പ്രിന്‍സിപ്പാള്‍ ജേക്കബ് ചാക്കോ ചടങ്ങുകള്‍ ഏകോപിപ്പിച്ചു. പന്ത്രണ്ടാം ക്ലാസ് അദ്ധ്യാപിക ഡോ. ബിന്ദു മെതിക്കളം ക്ലാസ് ഓഫ് 2022-ന് ആശംസകളര്‍പ്പിച്ചു. തുടര്‍ന്ന് ബിരുദധാരികള്‍ക്ക് ചിക്കാഗൊ സീറോ മലബാര്‍ രൂപതയുടെ മതബോധനവകുപ്പ് നല്‍കുന്ന ഡിപ്ലോമ സര്‍ട്ടിഫിക്കറ്റും, പാരിതോഷികവും വികാരി ഫാ. കുര്യാക്കോസ് കുമ്പക്കീല്‍ നല്‍കി ആദരിച്ചു.

പന്ത്രണ്ടാം ക്ലാസ് അദ്ധ്യാപകരായ ഡോ. ബിന്ദു മെതിക്കളത്തിനെയും, ജോസ് ജോസഫിനെയും ബൊക്കെ നല്‍കി തദവസരത്തില്‍ ആദരിച്ചു.

അതോടൊപ്പം, സി.സി.ഡി. പന്ത്രണ്ടാം ക്ലാസില്‍നിന്നും ഈ വര്‍ഷം മികച്ച വിദ്യാര്‍ത്ഥിയായി തെരഞ്ഞെടുക്കപ്പെട്ട അബിഗെയില്‍ ചാക്കോക്ക് ദിവംഗതനായ ജോസഫ് കാഞ്ഞിരക്കാട്ടുതൊട്ടിയിലിന്‍റെ സ്മരണാര്‍ത്ഥം മതാദ്ധ്യാപകനായ ജോസഫ് ജയിംസിന്‍റെ മകനും, ബഹുരാഷ്ട്ര ഫാര്‍മസ്യൂട്ടിക്കല്‍സ് കമ്പനി റിസേര്‍ച്ച് ഫാര്‍മസിസ്റ്റും ആയ ഡോ. ജോസിന്‍ ജയിംസ് ഏര്‍പ്പെടുത്തിയിരിക്കുന്ന 500 ഡോളര്‍ വാര്‍ഷിക സ്കോളര്‍ഷിപ്പും, മെറിറ്റ് സര്‍ട്ടിഫിക്കറ്റും ജോസഫ് ജയിംസ് നല്‍കി.

2021-22 ലെ എസ്.എ.ടി/എ.സി.ടി പരീക്ഷകളില്‍ സി.സി.ഡി. പന്ത്രണ്ടാം ക്ലാസില്‍നിന്നും ഉന്നത വിജയം നേടിയ ജാസ്മിന്‍ ജെറി, ജെസിക്ക ജോജോ എന്നിവര്‍ക്ക് എസ്.എം.സി.സി. നല്‍കുന്ന ക്യാഷ് അവാര്‍ഡുകള്‍ എസ്.എം.സി.സി. ഫിലഡല്‍ഫിയ ചാപ്റ്റര്‍ പ്രസിഡന്‍റ് റോഷിന്‍ പ്ലാമൂട്ടിലും ഭാരവാഹികളും ചേര്‍ന്ന് നല്‍കി ആദരിച്ചു.

ഇടവക വികാരി ഫാ. കുര്യാക്കോസ് കുമ്പക്കീല്‍, ട്രസ്റ്റിമാരായ തോമസ് ചാക്കോ, റോഷിന്‍ പ്ലാമൂട്ടില്‍, രാജു പടയാറ്റില്‍, ജോര്‍ജ് വി. ജോര്‍ജ്, സെക്രട്ടറി ടോം പാറ്റാനിയില്‍, സണ്‍‌ഡേ സ്കൂള്‍ പ്രിന്‍സിപ്പാള്‍ ജേക്കബ് ചാക്കോ, വൈസ് പ്രിന്‍സിപ്പാള്‍ ജോസ് മാളേയ്ക്കല്‍, മതാദ്ധ്യാപകരായ ഡോ. ബിന്ദു മെതിക്കളം, ജോസ് ജോസഫ്, ജോസഫ് ജയിംസ് എന്നിവര്‍ ചടങ്ങുകള്‍ക്കു നേതൃത്വം നല്‍കി.

ഫോട്ടോ: ജോസ് തോമസ്

 

Print Friendly, PDF & Email

Leave a Comment

More News