2006-ലെ മുംബൈ ട്രെയിൻ സ്ഫോടനക്കേസിൽ അന്യമായി പ്രതി ചേർക്കപ്പെട്ട് ഒമ്പത് വർഷത്തെ ജയിൽവാസത്തിന് ശേഷം കോടതി കുറ്റവിമുക്തനാക്കിയ സ്കൂൾ അദ്ധ്യാപകനായ അബ്ദുൽ വാഹിദ് ശൈഖിൻ്റെ കഥപറയുന്ന ബോളിവുഡ് സിനിമ ‘ഹീമോലിംഫ്’ പ്രദർശിപ്പിച്ചു. ഹീമോലിംഫ്’ ഇന്ത്യയിലെ വിവിധയിടങ്ങളിൽ റിലീസായെങ്കിലും കേരളത്തിൽ റിലീസ് ചെയ്തിരുന്നില്ല. കേരളത്തിൽ ആദ്യത്തെ പ്രദർശനമായിരുന്നു ശനിയാഴ്ച നടന്നത്. കോഴിക്കോട് ആശീർവാദ് തീയ്യേറ്ററിൽ എസ്.ഐ.ഒ കേരളയുടെ ആഭിമുഖ്യത്തിലാണ് ‘ഹീമോലിംഫ്’ ന്റെ പ്രീമിയർ ഷോ നടന്നത്.
കേസിൽ നിന്നും കുറ്റവിമുക്തനാക്കപ്പെട്ട ശേഷം വാഹിദ് ശൈഖ് തന്റെ അനുഭവങ്ങൾ ബേഗുനാഹ് ഖാഇദി (നിരപരാധിയായ തടവുകാരൻ) എന്ന പേരിൽ പുസ്തകമാക്കി മാറ്റിയിരുന്നു. ആ അനുഭവങ്ങളെ പ്രമേയമാക്കിയാണ് ‘ഹീമോലിംഫ്’ എന്ന സിനിമ ഒരുക്കിയിരുക്കുന്നത്. സുദർശൻ ഗമാരേയാണ് സംവിധായകൻ. ദേശീയ താല്‍പര്യത്തിന്റെ പേരുപറഞ്ഞ് നിരപരാധികളായ മുസ്‌ലിം ചെറുപ്പക്കാരെ പ്രതിചേർക്കുന്നത് എങ്ങനെയെന്നതിൻ്റെ നേർക്കാഴ്ചയാണ് സിനിമ
ആശീർവാദ് തീയ്യേറ്ററിലെ പ്രദർശനത്തിന് ശേഷം നടന്ന ചർച്ചയിൽ സിനിമയുടെ സംവിധായകൻ സുദർശൻ ഗമേര, മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച ചലച്ചിത്ര നടൻ റിയാസ് അൻവർ, അബ്ദുൽ വാഹിദ് ശൈഖ് തുടങ്ങിയവർ പങ്കെടുത്തു. എസ്.ഐ.ഒ സംസ്ഥാന ജനറൽ സെക്രട്ടറി അൻവർ സലാഹുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. കള്ളക്കേസിൽ കുടുക്കപ്പെട്ട് അന്യമായി തടവറകളിൽ കഴിയുന്ന ഇന്ത്യയിലെ ഒട്ടനവധി ചെറുപ്പക്കാരുടെ പ്രതിനിധിയായ വാഹിദ് ശൈഖിൻ്റെ അനുഭവ കഥ സിനിമയാകുമ്പോൾ സമാകാലിക ഇന്ത്യയിൽ അതിന് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ടെന്ന് സംവിധായകൻ സുദർശൻ ഗമേര പറഞ്ഞു. തന്നെ കള്ളക്കെസിൽ കുടുക്കിയതിനെ കുറിച്ചും തൻ്റെ ജയിലനുഭവങ്ങളെക്കുറിച്ചും ഈ സിനിമയിലൂടെ ലോകമറിയുമെന്ന് അബ്ദുൽ വാഹിദ് ശൈഖ് പറഞ്ഞു.