ചേട്ടാ, പടവലത്തിന്റെ തൈയ്യൊണ്ടോ? ഒരെണ്ണം തന്നാ മതി… അഞ്ചെട്ടു കാ കിട്ടിയാ മതി. ചേട്ടന്റേതാകുമ്പം ‘വിത്തു ഗുണം, പത്തുഗുണം’. കഴിഞ്ഞ പ്രാവശ്യം തന്ന പടവലത്തേന്ന് പതിനൊന്നു കാപറിച്ചു. അതോണ്ടാ ചേട്ടനോട് ചോദിക്കുന്നെ!”
ഫോണിന്റെ അങ്ങേ തലക്കല്‍ മോളിക്കുട്ടി നിന്ന് ചിണുങ്ങുന്നു. പെട്ടന്ന് എന്റെ ഭാര്യേടെ ചോദ്യം!
ആരാ വിളിച്ചേ?
ഞാമ്പറഞ്ഞു ങാ, അവര്!
ആര്… ആരാന്നാ, ആ അവര്
ഓ, ഡക്ക് ക്ലീനിംഗ്..
എന്നിട്ടത് കേട്ടോണ്ട് നിക്കരുത്, അങ്ങനെ കുറേ എണ്ണം എറങ്ങീട്ടൊണ്ട്. ഫോണ്‍ പടോന്നങ്ങ് വെക്കണം. പിന്നെ വിളിക്കാത്ത വിധം!
ഞാന്‍ അങ്ങനെ പറയാം കാരണം, ഭാര്യക്ക് മോളിക്കുട്ടിയെ അത്ര പിടുത്തമല്ല. മോളിക്കുട്ടി തൊട്ടും പിടിച്ചും വര്‍ത്താനം പറേം. വാസ്തവത്തി മോളിക്കുട്ടിയെ അത്രേം ഭയപ്പെടണ്ട കാര്യോന്നുമില്ല! ആള്‍ പാവമാ. ഉത്തരം കിട്ടാത്ത മോളിക്കുട്ടി കൊറേ കഴിഞ്ഞ് പിന്നേം വിളിച്ചു. ഭാഗ്യത്തിന് ഭാര്യ വെളീല്‍ ഞങ്ങടെ പച്ചക്കറി കൃഷിക്ക് വെള്ളമടിക്കാം പോയിരിക്കയാരുന്നു..
ഞാന്‍ ധൈര്യത്തി പറഞ്ഞു.
സോറീ, ഒരത്യാവശ്യത്തിന് മറ്റൊരു വിളിവന്നു, അതാ മോളിക്കുട്ടിയെ കട്ട് ചെയ്തെ. പടവല തൈയ്യല്ലേ.. തരാല്ലോ. മോളിക്കുട്ടി, ബുദ്ധിമുട്ടി ഇങ്ങോട്ടു വണ്ടി എടുത്തു വരണ്ട. ഞാനാവഴി നാളെ വരുമ്പം കൊണ്ടത്തരാം.
ആ വഴി എന്നു പറഞ്ഞാ മോളിക്കൂട്ടീടെ പടിക്കകൂടെ പോകേണ്ട കാര്യമൊന്നുമില്ലാരുന്നു എനിക്ക് എങ്കിലും പോയി, ഒരു പടവല തൈയ്യുമായി. എന്തൊക്കെ പറഞ്ഞാലും മോളിക്കുട്ടിയെ കാണാമ്പോയാ എന്തേലും തരാതെ മോളിക്കുട്ടി വിടത്തില്ല. അതാ മോളിക്കുട്ടി! ബഷീറിയന്‍ ഭാഷേ പറഞ്ഞാ പാവം! ഒരു ബെഡുക്കൂസ്. പിന്നീ തൊട്ടും പിടിച്ചും സംസാരിക്കുന്നേന് അര്‍ത്ഥമൊന്നുമില്ല. അത് ആ സ്ത്രീടെ കാരകട്റാ. അതാ എന്റെ ഭാര്യക്കു പിടിക്കാത്തതും! ഞാനൊരു ഭക്ഷണ പ്രിയനാണന്ന് പറഞ്ഞാലതും വാസ്തവമല്ലേ എന്നും എനിക്കും ചിലപ്പോ തോന്നാറുണ്ട്. മോളിക്കുട്ടിക്ക് നല്ല കൈപുണ്യമാ പാചകത്തിന്. കട്‌ലറ്റ് ഒണ്ടാക്കാന്‍ മോളിക്കട്ടിയെ കഴിഞ്ഞേ ഈ അമേരിക്കേല്‍ ആരുമുള്ളൂ എന്നു പറഞ്ഞാലതാ വാസ്തവം. കടലേറ്റ് തിന്നുകാണെ മോളിക്കൂട്ടീടെ കട്‌ലേറ്റ് തിന്നണം. കട്‌ലേറ്റ് പിടിച്ച് മോളിക്കുട്ടി ഫ്രീസ് ചെയ്ത് വെച്ചേക്കും. ആരു ചെന്നാലും കട്‌ലേറ്റ് കൊടുത്ത് സ്വീകരിക്കും.
പടവല തൈയ്യും കൊണ്ട് മോളിക്കുട്ടീടെ വീട്ടി ചെന്നു. ചെന്നപാടെ മോളിക്കുട്ടി പറഞ്ഞു…
ചേട്ടനിരിക്ക്, ഞാനിപ്പം വരാം. അഞ്ചു മിനിട്ടിനുള്ളില്‍ തിരിച്ചു വന്നു. നാലഞ്ച് കട്‌ലേറ്റും, ഒരു കപ്പ് ചായയുമായി.
തുടര്‍ന്ന് പറഞ്ഞു….
ഇത് സ്പെഷ്യല്‍ കട്‌ലേറ്റാ. ഇതിന്റെ റെസീപ്പി ഇനി ഞാന്‍ ഒരുത്തര്‍ക്കും കൊടുക്കത്തില്ല. മുമ്പ് ഞാനൊരുത്തിക്ക് കൊടുത്തതാ. പിന്നെ എല്ലാരും അത് പഠിച്ചെടുത്തു. അപ്പോ എന്റെ വെല പോയില്ലെ! നോക്ക്, ഈ കട്‌ലേറ്റ്!ഇതുകൊണ്ടെറിഞ്ഞാ പോലും പൊട്ടത്തില്ല.
നാവിന്റെ തുമ്പത്തു വന്ന വെള്ളമിറക്കി ഞാമ്പറഞ്ഞു..
അതു പിന്നെ എനിക്കറിയാമേലായോ, തിന്നുകാണെ മോളിക്കുട്ടീടെ കട്‌ലേറ്റ് തിന്നണം. അതിനെ വെല്ലാന്‍ ഒരുത്തര്‍ക്കും പറ്റത്തില്ല.
മോളിക്കുട്ടി പറഞ്ഞു…
ചേട്ടന്റെ പടവല തൈയ് എനിക്കല്ലാതെ ഒരുത്തര്‍ക്കും കൊടുക്കരുതെ!
അതെന്താ?
നമ്മടെ വെലപോകും.
അത് അസൂയ അല്ലേ!
അല്ല, ‘യുണിക്’ എന്ന ഇംഗ്ലീഷ് വാക്കിന്റെ അര്‍ത്ഥമെന്തോന്നാ!
അതു പറഞ്ഞ് മോളിക്കുട്ടി എന്റെ കവിളിലൊന്നു സ്പര്‍ശിച്ചു.. എന്നിട്ട് വിശദീകരിച്ചു..
ഉദാഹരണം, ചേട്ടന്‍ വിത്തിട്ട കിളിപ്പിക്കുന്ന പടവലം വലിപ്പവും, വണ്ണവും കൊണ്ട് മറ്റാര്‍ക്കും മുളപ്പിക്കാന്‍ കഴിയാത്തതാണ്. അതിന്റെ ‘പേറ്റന്‍റ്, ഉടമസ്താവകാശം ആര്‍ക്കാ! ചേട്ടന്. അത് എനിക്കു മാത്രമെ തരുന്നുള്ളൂു. ഞാനാര്‍ക്കും കൊടുക്കുന്നുമില്ല. അതിനെ സ്വാര്‍ത്ഥത എന്ന് വിളിച്ചാല്‍ പോലും എന്താ കൊഴപ്പം! ഈ ലോകം അങ്ങനെയല്ലേ ഓടുന്നത്. നാടോടുമ്പം നടുവേ ഓടണം!”
അപ്പോള്‍ എനിക്കൊരു കാര്യം മനസ്സിലായി. ഈ പാവം എന്നു കരുതീരുന്ന മോളിക്കുട്ടി, അസുയേടെ കൂടാണന്ന്! ങാ, അല്ലേലും ഞാനെന്തിനാ മോളിക്കുട്ടയെ ഉപദേശിച്ച് നന്നാക്കണെ. ഒരു മ്യൂച്ചല്‍ അണ്ടര്‍സ്റ്റാന്‍ഡിങ്, അതുമതി! മോളിക്കുട്ടിക്ക് എന്റെ പടവലതൈ. എനിക്ക് മോളിക്കുട്ടീടെ കട്‌ലേറ്റ്!
ഞാന്‍ പടവലതൈ കൊടുത്ത് ഒരാഴ്ച കഴിഞ്ഞപ്പം മോളിക്കുട്ടി പിന്നേം ഒരു വിളി! കഷ്ടകാലത്തിന് അവളാ എടുത്തെ, എന്റെ ഭാര്യ!
ആരാ?
മോളിക്കുട്ടി!
ഏതു മോളിക്കുട്ടി!
ചേട്ടനവടൊണ്ടോ?
ഏതു ചേട്ടന്‍?
ചേച്ചീടെ ഭര്‍ത്താവ്!
ഒണ്ടേ, നിനക്കെന്നാ ചേതം!
എന്റെ ഭാര്യ ഫോണ്‍ മോളക്കുട്ടീടെ കരണത്തടിച്ചപോലെ പടോന്നിട്ടിട്ട് എന്റെ നേരെ പാഞ്ഞടുത്തു. എന്നിട്ടെന്നോടൊരു ചോദ്യം–
ആ മോളിക്കുട്ടി നിങ്ങളെ വിളിച്ചു, എന്തിനാ?പടവലതൈക്കായിരിക്കും. കൊടുത്തുപോകരുത്. അവളെ വീട്ടികേറ്റാന്‍ കൊള്ളത്തില്ല. അഹങ്കാരി! അവള്‍ കട്‌ലേറ്റിനകത്ത് കൈവെഷം കൊടുത്ത് രണ്ടു കെട്ടിയോമ്മാരെ വശീകരിച്ചെടുത്ത് നശിപ്പിച്ചതാ, രണ്ടു കുടുംബം കലക്കി അത്രതന്നെ!
അവക്ക് ഭര്‍ത്താവൊണ്ടല്ലോ!
ഭര്‍ത്താവ് ഒക്കെ ഒണ്ട്. തൊടുംപിടിച്ചും വീട്ടിലോട്ടു വിളിക്കും .കട്‌ലേറ്റ് കൊടുക്കും, കൈ വെഷം വെച്ച്. പിന്നെ വീട്ടി കലഹം, ഭാര്യേം ഭര്‍ത്താവും ഡിവോഴ്‌സാകും.
അതൊക്കെ മനുഷ്യ൪ ഏഷണി പറേന്നതാ!
എന്തായാലും നിങ്ങളെ അവടെ കട്‌ലേറ്റ് തിന്നാം പോകണ്ടാ! ഞാനിന്നവടെ ഫോണ്‍ നമ്പര് ബ്ലോക്ക് ചെയ്യാം. പിന്നെ മേലാല്‍ അവളിങ്ങോട്ട് വിളിക്കത്തില്ലല്ലോ!
ഭാര്യയുടെ അന്ത്യശാസനം, ഫോണ്‍ ബ്ലോക്ക് ചെയ്യല്‍! എന്തേലും കാര്യമില്ലാതെ മോളിക്കുട്ടി വിളിക്കത്തില്ലല്ലോ.
കൈവെഷം, മണ്ണാങ്കട്ട ! മനുഷ്യമ്മാരടെ ഒരോരോ ഉടായിപ്പ്! മറ്റുള്ളോരെ നാറ്റിക്കാന്‍. അല്ലേ ആരാ എല്ലാം തികഞ്ഞോര് ഈ ലോകത്ത്. അല്ലേലും മലയാളീസില്‍ കൊറെ കക്ഷികളങ്ങനാ, ഞണ്ടിന്റെ സൊഭവക്കാര്! അവരടെ എന്‍ജോയ്മന്‍റ് കലക്ക വെള്ളത്തി മീം പിടിക്കുന്നതാ. എന്തായാലും മോളിക്കുട്ടീടെ വീട്ടിലോട്ട് പോയി ഒന്നന്വേഷിക്കണം. പടവലതൈ സംബന്ധമായ ഏതോ സംശയ നിവാരണം തന്നെയാകാം. ചിലപ്പൊ കൊടുത്ത തൈ ചത്തുപോയി കാണണം. പെട്ടെന്ന് മോളിക്കുട്ടി വിളിച്ചപ്പം രണ്ടെല മാത്രം വിരിഞ്ഞ ബേബീ തൈയ്യാ കൊണ്ടോയി കൊടുത്തെ. വേണ്ട വിധം ശുശ്രൂഷിച്ചില്ലേ ചാകാനും എടയൊണ്ട്.
ഞാന്‍ പിറ്റേന്നു തന്നെ ഭാര്യയറിയാതെ ഒരു പടവല തൈയ്യുമായി മോളിക്കുട്ടീടെ വിട്ടിലെത്തി. ചെന്നപാടെ മോളിക്കുട്ടി പറഞ്ഞു–
ചേട്ടനിരിക്ക്, ഞൊനിപ്പം വരാം.അഞ്ചു മിനിട്ട് കഴിഞ്ഞ് അതേ പടി. മൂന്നാലു കട്‌ലേറ്റും ചായേം എന്റെ മുമ്പി വെച്ചേച്ചു തുടര്‍ന്നു–
ചേട്ടാ, ചേട്ടന്റെ ഭാര്യേ മുമ്പും കോണ്‍ടാക്റ്റ് ചെയ്തപ്പം ഇതേ സൊഭാവമാരുന്നു. ചേട്ടന്റെ കൊഴപ്പമല്ല, ചിലരങ്ങനാ ബിഹേവിയറല്‍ പ്രോബ്ലം ഒള്ളോരെ എന്തോന്നു ചെയ്യാമ്പറ്റും, അല്ലേ! ങാ, ഇനി കെട്ടുന്നേനു മുമ്പ് ഇത് കീറി മുറിച്ച് നോക്കാന്‍ ഇത്കൂഴച്ചക്കയൊന്നുമല്ലല്ലോ, അതാ പഴേ കല്ല്യാണത്തിന്റെ കൊഴപ്പം! പക്ഷേ, ഞങ്ങടെ ജനറേഷന്‍ വേറെയാ. നോക്ക്, ഇരുകൂര്‍ട്ടക്കും യാതൊരു സംശയോമില്ല. ഇഷ്ടമൊള്ളടത്തു പോകാം, ഇഷ്ടമൊള്ളതൊക്കെ ചെയ്യാം.
അത്തരമൊരു റിലേഷനാ എനിക്കുമിഷ്ടം. പക്ഷേ, അതിനു കൊഴെപ്പം വേറെയാ! എന്ന് പറയാം തോന്നീങ്കിലും, തോന്ന്യാസം നടക്കുന്ന ആ രീതിയേക്കാളെനിക്കിഷ്ടം പഴേതാ എന്ന് പറയാം തോന്നിയെങ്കിലും ഒരു കള്ളച്ചിരി പാസ്സാക്കി ഞാം പറഞ്ഞു.
ങാ,അതാ നല്ലത്!
മോളിക്കുട്ടി പറഞ്ഞു–
ചേട്ടാ, ഞാം വിളിച്ചതെ, ചേട്ടന്‍ തന്ന പടവലതൈ ട്രാന്‍സ് ജന്‍ഡറാന്നാ തോന്നുന്നെ!
അതെന്താ, അതു വളര്‍ന്നു വള്ളി വീശാം തൊടങ്ങുന്നു. കണ്ടിട്ട് പാവലു പോലിരിക്കുന്നു. മുറിഞ്ഞു മറിഞ്ഞ എല, പടവലത്തിന്റേത് കൈപ്പത്തി മാതിരി അല്ലേ! ങാ വന്നാട്ടെ വന്നൊന്ന് നോക്കിയാട്ടെ..
ഞാം മോളിക്കുട്ടീടെ ബാക്യാര്‍ഡി പോയി നോക്കി.
ശരിയാ, പടവലമല്ല, പാവല്‍! ഹാ ഇതെങ്ങനെ വന്നു?
പെട്ടന്ന് ഒര്‍ത്തു. മാറിപോയോ? ഒരോരോ നാരികള് പാവലും പടവലോം ചോദിക്കും. ആരെയും നിരാശപ്പെടുത്തില്ല. മോളിക്കുട്ടി ഒഴികെ അര്‍ക്കെന്തു കൊടുത്താലും ഭാര്യക്ക് പരാതിയില്ല. അന്ന് ധൃതിയായിരുന്നു. ഭാര്യ കാണാതെ സൂത്രത്തി വേണ്ടായോ മോളിക്കുട്ടിക്ക് കൊടുക്കാന്‍ എടുക്കാന്‍. പെട്ടന്ന് മോളിക്കുട്ടിയോട ചോദിച്ചു–
എന്തിയേ ഇത് വെച്ചിരുന്ന ചെറിയ ചട്ടി!
അത് ഞാം ഗാര്‍ബേജി കളഞ്ഞു.
ഏതു നിറമുള്ള ചട്ടിയാരുന്നു?
പച്ചകളറുള്ളത്!
അയ്യോ! അതാപറ്റിത്!
എന്തോന്ന്?
അത്, തെയ്യാമ്മക്കു വെച്ചിരുന്ന പാവല്‍ തൈയ്യാരുന്നു. ഒരു മുഴം നീളത്തി വളരുന്ന വെള്ള പാവലിന്റെ തൈ, എന്നെനിക്ക് മോളിക്കുട്ടിയോട് പറയാമ്പറ്റ്വോ! അസുയേടെ കൂടായ മോളിക്കുട്ടിയോട് പകരം പറഞ്ഞു
സോറീ ചട്ടി തെറ്റിപോയി!
കൊണ്ടുവന്നിരുന്ന സാക്ഷാല്‍ പടവലതൈ കൊടുത്തിട്ട് ഞാമ്പറഞ്ഞു…
ഇതാ, പടവലം! ഇതുടങ്ങു നട്ടോ. മറ്റേത് പ്രത്യേക പാവലാ. മുഴുപ്പുള്ള, കൈപ്പില്ലാത്ത വെള്ളപാവക്കാ ഒണ്ടാകുന്ന പാവല്‍!
ആദ്യം കൊണ്ടത്തന്നപ്പം ചട്ടി മാറിപോയതാ! മേളിക്കുട്ടി എന്റെ കവിളില്‍ സ്പര്‍ശിച്ചിട്ട്, ഇക്കിളി ഇട്ടപോലെ ഇളക്കിച്ചിരിച്ചിട്ടു പറഞ്ഞു
അപ്പോ, ട്രന്‍സ്ജെന്‍ഡറല്ല… ചട്ടിമാറിപോയതാ അല്ലേ..!
ഞാനും ചിരിച്ചു!
(ശുഭം)