തിരുവനന്തപുരം: ലോക കേരള സഭ ബഹിഷ്‌കരിച്ച പ്രതിപക്ഷത്തിന്റെ നടപടി അപലപനീയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുടുംബത്തിൽ നിന്നും നാട്ടിൽ നിന്നും എന്ത് കിട്ടിയാലും അതു നോക്കാതെ ജോലി ഏറ്റെടുക്കുന്നവരാണ് പ്രവാസികൾ. നാടിന്റെ വികസനത്തെക്കുറിച്ച് ചിന്തിക്കുന്നവരാണവര്‍. ബഹിഷ്‌കരിക്കാനാണെങ്കില്‍ മറ്റെന്തെല്ലാം വിഷയങ്ങളുണ്ടെന്നും മുഖ്യമന്ത്രി ചോദിച്ചു.
ലോക കേരളസഭയുടെ സമാപനസമ്മേളനത്തില്‍ സംസാരിക്കുന്നതിനിടെയാണ് മുഖ്യമന്ത്രി പ്രതിപക്ഷത്തിനെതിരെ തിരിഞ്ഞത്. പ്രവാസികളുടെ പരിപാടി ബഹിഷ്‌കരിച്ച പ്രതിപക്ഷ നടപടി അപഹാസ്യമാണ്. 62 രാഷ്ട്രങ്ങളില്‍ നിന്നും 22 സംസ്ഥാനങ്ങളില്‍ നിന്നും എത്തിയ പ്രതിനിധികള്‍ പ്രകടിപ്പിച്ച ഐക്യവും മനപ്പൊരുത്തവും മനസിലാക്കപ്പെടാതെ പോകുന്നു.
എന്നാൽ, നിങ്ങളെ മനസ്സിലാക്കുന്ന ഒരു സർക്കാരുണ്ട്. രണ്ടു ദിവസം നീണ്ടു നിന്ന രണ്ടാം ലോക കേരള സഭ സമാപിച്ചു. പ്രവാസികൾ മുന്നോട്ടുവച്ച നിർദേശങ്ങൾ പൂർണമായി അംഗീകരിച്ചുകൊണ്ടാണ് ചടങ്ങ് സമാപിച്ചത്. പ്രവാസികൾ അവതരിപ്പിച്ച 11 പ്രമേയങ്ങളും സഭ ഏകകണ്ഠമായി അംഗീകരിച്ചു. പ്രവാസികളുടെ വിവരങ്ങൾ ശേഖരിക്കാൻ ഡാറ്റ സർവേ നടത്തുമെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു.