ചിക്കാഗോ രൂപതാ ഇന്റര്‍ പാരീഷ് മെഗാ സ്‌പോര്‍ട്‌സ് ഫെസ്റ്റിവല്‍ തീം മ്യൂസിക് റിലീസ് ചെയ്തു

ഓസ്റ്റിന്‍: അമേരിക്കയിലെ സീറോ മലബാര്‍ രൂപതയായ ചിക്കാഗോ രൂപതയിലുള്ള ടെക്‌സസ്, ഒക്കലഹോമ എന്നീ സംസ്ഥാനങ്ങളിലെ ഇന്റര്‍ പാരീഷ് മെഗാ സ്‌പോര്‍ട്‌സ് ഫെസ്റ്റിവല്‍ (ഐ.പി.എസ്.എഫ് 2022)ഓഗസ്റ്റ് 5,6,7 തീയതികളില്‍ ഓസ്റ്റിനില്‍ വച്ചു നടക്കും.

ഈ മെഗാ കായിക മേളയ്ക്ക് ആതിഥ്യമരുളുന്നത് ഓസ്റ്റിന്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയമാണ്. രണ്ടായിരത്തിഅഞ്ഞൂറോളം കായിക താരങ്ങളും, ആറായിരത്തിലധികം കാണികളും പങ്കെടുക്കുന്ന ഈ മെഗാ സ്‌പോര്‍ട്‌സിന്റെ അഭിവാജ്യഘടകമായ തീം മ്യൂസിക്കിന്റെ റിലീസ് കര്‍മം മലയാളികളുടെ പ്രിയപ്പെട്ട വാനമ്പാടിയും, ഈവര്‍ഷത്തെ മലയാളി സിനിമാ പിന്നണി ഗായിക അവാര്‍ഡ് ജേതാവുമായ സിത്താര കൃഷ്ണകുമാര്‍ നിര്‍വഹിച്ചു.

നിരവധി പ്രമുഖ വ്യക്തികള്‍ പങ്കെടുത്ത ചടങ്ങില്‍ ഐ.പി.എസ്.എഫ് ചീഫ് കോര്‍ഡിനേറ്റര്‍ മേജര്‍ ഡോ. അനീഷ് ജോര്‍ജ് ഏവരേയും സ്വാഗതം ചെയ്ത് സംസാരിച്ചു.

ആമുഖ പ്രഭാഷണവും പ്രാര്‍ത്ഥനയും വികാരി ഫാ. ആന്റോ ആലപ്പാട്ട് നിര്‍വഹിച്ചു. ആശംസകള്‍ നേര്‍ന്നുകൊണ്ട് സ്‌പോര്‍ട്‌സ് താരം ഒളിമ്പ്യന്‍ പ്രീതാ ശ്രീധരനും, ഗ്രാന്റ് സ്‌പോണ്‍സര്‍ ജിബി പാറയ്ക്കലും, ഇവന്റ് സ്‌പോണ്‍സര്‍ കെ.പി അലക്‌സാണ്ടറും സംസാരിച്ചു. മ്യൂസിക് കംപോസര്‍ മിഥുന്‍ ജയരാജ് തന്റെ ആശംസയില്‍ ഇത് അമേരിക്കന്‍ മലയാളികള്‍ക്ക് എന്നെന്നും മനസില്‍ ഓര്‍ത്തുവയ്ക്കാനുള്ള അമൂല്യമായ കലാസൃഷ്ടി ആയിരിക്കുമെന്നാണ്. ഈ കായിക മേള അവസാനിച്ചാലും എല്ലാവരുടേയും മനസില്‍ ഈ തീം മ്യൂസിക് ഉണ്ടായിരിക്കുമെന്നും, ഇത് താരങ്ങള്‍ക്കൊരു പ്രചോദനവും കാണികള്‍ക്ക് ആവേശവും നല്‍കുന്നതാണെന്ന് തീം മ്യൂസിക് ഗ്രൂപ്പ് ലീഡ് ആന്‍ അലക്‌സാണ്ടര്‍ പറഞ്ഞു.

മിനി തോമസ് നന്ദി രേഖപ്പെടുത്തി. സിത്താര കൃഷ്ണകുമാറിന്റെ ഈ തീം മ്യൂസിക് റിലീസ് ഇതിനോടകം രണ്ടുലക്ഷം പേര്‍ കണ്ടുകഴിഞ്ഞു.

സണ്ണി തോമസ് (ഐ.പി.എസ്.എഫ് 2022 മീഡിയ പബ്ലിസിറ്റി ഗ്രൂപ്പ്. ഫോണ്‍: 512 897 5296)

Print Friendly, PDF & Email

Leave a Comment

More News