കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊലയും പശുവിന്റെ പേരിലുള്ള കൂട്ടക്കൊലയും തമ്മിൽ വ്യത്യാസമില്ലെന്ന പ്രസ്താവന വിവാദമായതിന് പിന്നാലെ വിശദീകരണവുമായി നടി സായ് പല്ലവി. തന്റെ വാക്കുകൾ വളച്ചൊടിച്ചതാണെന്നും ഏത് തരത്തിലുള്ള അക്രമവും തെറ്റാണെന്നാണ് താൻ ഉദ്ദേശിച്ചതെന്നും നടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു. പ്രസ്താവന വിവാദമായതോടെ ഹൈദരാബാദിലെ സുൽത്താൻ ബസാർ പൊലീസ് സ്റ്റേഷനിൽ നടിക്കെതിരെ ബജ്റംഗ്ദൾ നേതാക്കൾ പരാതി നൽകിയിരുന്നു.
‘അടുത്തിടെ ഒരു അഭിമുഖത്തിൽ, ഞാൻ ഇടതുപക്ഷത്തിന്റെയോ വലതുപക്ഷത്തിന്റെയോ പിന്തുണക്കാരിയാണോ എന്ന ചോദ്യം ഉയർന്നു. നിഷ്പക്ഷ നിലപാടാണുള്ളതെന്ന് ഞാൻ വ്യക്തമാക്കിയിരുന്നു. എന്തിലും വിശ്വാസം വളർത്തുന്നതിന് മുമ്പ് നമ്മൾ നല്ല മനുഷ്യരാകണമെന്ന് ഞാൻ വിശ്വസിക്കുന്നു,’ താരം വീഡിയോയിൽ പറഞ്ഞു.
അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തിൽ, ഞാൻ ഇടതുപക്ഷത്തേയൊ വലതുപക്ഷത്തെയോ പിന്തുണയ്ക്കുന്ന ആളാണോ എന്ന ചോദ്യം ഉയര്‍ന്നിരുന്നു. നിഷ്‌പക്ഷ നിലപാടാണ് തനിക്കുള്ളതെന്ന് ഞാന്‍ കൃത്യമായി പറഞ്ഞിട്ടുണ്ടായിരുന്നു. ഏതെങ്കിലും കാര്യത്തില്‍ വിശ്വാസം രൂപപ്പെടുത്തുന്നതിന് മുന്‍പ് നമ്മൾ ആദ്യം നല്ല മനുഷ്യരാകണമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്,’ താരം വീഡിയോയിൽ പറഞ്ഞു.
ഏത് രൂപത്തിലുമുള്ള അക്രമവും തെറ്റാണെന്നും ഏതെങ്കിലും മതത്തിന്‍റെ പേരിലുള്ള അക്രമം വലിയ പാപമാണെന്നുമാണ് താന്‍ വിശ്വസിക്കുന്നതെന്നും സായി പല്ലവി പറഞ്ഞു. സമൂഹ മാധ്യമങ്ങളില്‍ ആളുകള്‍ ആൾക്കൂട്ട കൊലപാതകത്തെ ന്യായീകരിക്കുന്നത് തനിക്ക് വളരെയധികം അസ്വസ്ഥതയുണ്ടാക്കി. ആ അഭിമുഖം മുഴുവന്‍ കാണാതെ അതിലെ ഒരു ഭാഗം മാത്രം ആളുകള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയായിരുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു.
എല്ലാ ജീവനുകളും തുല്യം: ‘മെഡിക്കല്‍ രംഗത്ത് നിന്നുള്ളയാളെന്ന നിലയില്‍, എല്ലാ ജീവനുകളും തുല്യമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. മറ്റൊരാളുടെ ജീവനെടുക്കാൻ ആർക്കും അവകാശമില്ല. ഒരു വ്യക്തിയും തന്‍റെ ഐഡന്‍റിറ്റിയില്‍ ഭയപ്പെടാത്ത ഒരു ദിവസമുണ്ടാകുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്,’ സായി പല്ലവി പറഞ്ഞു.
ഏറ്റവും പുതിയ ചിത്രമായ വിരാടപർവത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊലയെ പശു സംരക്ഷണത്തിന്റെ പേരിലുള്ള കൂട്ടക്കൊലയുമായി താരം താരതമ്യം ചെയ്തത്. ഇതിന് പിന്നാലെ നടിക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. അപകീർത്തികരമായ പരാമർശം നടത്തിയെന്നാരോപിച്ച് സായി പല്ലവിക്കെതിരെ ബജ്‌റംഗ്ദൾ നേതാക്കൾ പിന്നീട് പോലീസിൽ പരാതി നൽകി.