തിരുവനന്തപുരം: ലോക കേരള സഭയില്‍ നിന്ന് വിട്ടു നിന്ന പ്രതിപക്ഷത്തെ വിമർശിച്ച വ്യവസായി എംഎ യൂസഫലിക്ക് മറുപടിയുമായി മുസ്ലീം ലീഗ്. അവർ സ്വീകരിച്ച നയം യുഡിഎഫ് നടപ്പാക്കി. യൂസഫലി പറഞ്ഞത് തന്റെ അഭിപ്രായമാണെന്ന് മുസ്ലിം ലീഗ് പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
നിലവിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്താണ് ലോക കേരള സഭയിൽ പങ്കെടുക്കാതിരുന്നതെന്ന് മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. ലോക കേരള സഭ സഭയുടെ സദ്ഗുണങ്ങളെ അംഗീകരിക്കുകയും സഭയുടെ ഉദ്ദേശ്യങ്ങളെ മാനിക്കുകയും ചെയ്യുന്നു. പരിപാടിയുടെ നേട്ടങ്ങളെ ബാധിക്കുന്ന ഒരു നടപടിയും യുഡിഎഫ് സ്വീകരിച്ചിട്ടില്ല.
പ്രതിപക്ഷ നേതാവിന്‍റെയടക്കം വീട് ആക്രമിക്കപ്പെടുന്ന സാഹചര്യം കേരളത്തിലുണ്ടായി. യു.ഡി.എഫ് വിട്ടുനിന്നാലും യു.ഡി.എഫിന്‍റെ പ്രവാസി സംഘടനകൾ ലോക കേരളസഭയിൽ സജീവമായി പങ്കെടുക്കുന്നുണ്ട്. ന്യൂനപക്ഷങ്ങൾക്കിടയിൽ തെറ്റിദ്ധാരണകൾ ഉണ്ടാകുന്നുണ്ടെന്നും അതിനെ പരിഹരിക്കാൻ മതമേലധ്യക്ഷന്മാർ താഴെതട്ടിൽ സന്ദേശങ്ങൾ നൽകണമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.
സ്‌പർദ്ധ വളർത്തുന്ന ശക്തികൾ ന്യൂനപക്ഷങ്ങൾക്കിടയിലും ഭൂരിപക്ഷങ്ങൾക്കിടയിലുമുണ്ടെന്ന് പറഞ്ഞ അദ്ദേഹം ഭൂരിപക്ഷ വർഗീയതയ്‌ക്ക് തടയിടാൻ സംസ്ഥാന സർക്കാർ ശ്രമിക്കുന്നില്ലെന്നും കുറ്റപ്പെടുത്തി. ഇടതുപക്ഷത്തിന് കേരളത്തിൽ എക്കാലവും ഭരണമുണ്ടാകില്ലെന്നും മൂന്നാം മുന്നണിയുടെ ശക്തി കുറഞ്ഞിരിക്കുകയാണെന്നും പികെ കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.
ഇന്നലെ കെ.എം ഷാജി യൂസഫലിയുടെ വിമർശനവുമായി ബന്ധപ്പെട്ട് മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് ലീഗ് നേതൃത്വം പ്രതികരിച്ചില്ല. അഗ്നിപഥ് പദ്ധതിക്കെതിരെ ഉയർന്ന ആശങ്കകളെക്കുറിച്ചും ലീഗ് നേതൃത്വം പത്രസമ്മേളനത്തിൽ സംസാരിച്ചു.