ബേപ്പൂർ നിയമസഭാ മണ്ഡലത്തിന്റെ ആഭിമുഖ്യത്തിലാണ് ഫെസ്റ്റ് നടക്കുക. ഫെസ്റ്റിനോടനുബന്ധിച്ച് ജില്ലാ-സംസ്ഥാന തലങ്ങളിൽ പരിപാടികൾ നടക്കും.
കോഴിക്കോട്: സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ 28-ാം ചരമവാർഷികത്തോടനുബന്ധിച്ച് സംസ്ഥാന സർക്കാർ ജൂലൈ 2 മുതൽ 5 വരെ ബഷീർ ഫെസ്റ്റ് സംഘടിപ്പിക്കും. പൊതുമരാമത്ത്, ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ഫെസ്റ്റിനോടനുബന്ധിച്ചുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.
ബേപ്പൂർ നിയമസഭാ മണ്ഡലത്തിന്റെ ആഭിമുഖ്യത്തിലാണ് ഫെസ്റ്റ് നടക്കുക. ഫെസ്റ്റിനോടനുബന്ധിച്ച് ജില്ലാ-സംസ്ഥാന തലങ്ങളിൽ പരിപാടികൾ നടക്കും. ബഷീറിന്റെ വസതിയിൽ നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം ജൂലൈ രണ്ടിന് നടക്കും.
ഫെസ്റ്റിന്റെ ഭാഗമായി ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ ചലച്ചിത്ര-ഡോക്യുമെന്ററി പ്രദർശനം നടത്തും. ഫെസ്റ്റിനോടനുബന്ധിച്ച് ബഷീറിന്റെ ഛായാചിത്ര ഡ്രോയിംഗ് മത്സരം, ഫോട്ടോ പ്രദർശനം, നാടൻ ഭക്ഷ്യമേള, നാടകം, ഗസൽ സന്ധ്യ തുടങ്ങിയ പരിപാടികൾ നടക്കും.
അതോടൊപ്പം മലയാളത്തിലെ പ്രമുഖ സാഹിത്യകാരന്മാർ പങ്കെടുക്കുന്ന സെമിനാറുകളും സാംസ്കാരിക സമ്മേളനങ്ങളും നടക്കും. ബഷീറിന്റെ വീട്ടുമുറ്റത്തെ മാങ്കോസ്റ്റിൻ മരത്തിന്റെ ചുവട്ടിൽ സംഗമം നടക്കും. സ്കൂൾ കുട്ടികൾക്കും ബഷീറിന്റെ വീട് സന്ദർശിക്കാൻ അവസരം ലഭിക്കും.
ടൂറിസം മന്ത്രിയാണ് സംഘാടക സമിതി അദ്ധ്യക്ഷൻ. കോഴിക്കോട് കോർപ്പറേഷൻ മേയർ ബീന ഫിലിപ്പ് അദ്ധ്യക്ഷയാകും. ചലച്ചിത്ര-സംഗീത-ഫൈൻ ആർട്സ്, ഫോക്ലോർ, സാഹിത്യ അക്കാദമികളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
സുഭാഷ് ചന്ദ്രന്റെ നേതൃത്വത്തിൽ കേരള സാഹിത്യ അക്കാദമി യുവ എഴുത്തുകാർക്കായി പ്രത്യേക ക്യാമ്പും നടത്തും.