ആമുഖം
നവോത്ഥാനം (റിനൈസന്‍സ്) മുതല്‍ പുനരുദ്ധാരണം (റിഫര്‍മേഷന്‍) വരെയുള്ള മദ്ധ്യകാല യൂറോപ്പിനെ അടയാളപ്പെടുത്തുമ്പോള്‍, മൈക്കെലാഞ്ജലോ എന്ന മഹാശില്‍പി ഉയര്‍ത്തെഴുന്നേല്‍ക്കുന്നു. ആ കഥ പറയുകയാണ് “കഥ പറയുന്ന കല്ലുകള്‍” എന്ന ചരിത്ര നോവല്‍. ഇരുളടഞ്ഞ മദ്ധ്യകാല യൂറോപ്പിന്റെ ഇടനാഴികളിലൂടെയുള്ള ഒരു അന്വേഷണം.
ആയിരത്തി മുന്നൂറു മുതല്‍ ആയിരത്തി അറുനൂറുവരെ, അല്ലെങ്കില്‍ പതിനാലു മുതല്‍ പതിനേഴു ശതകങ്ങള്‍ വരെ മെഡിറ്ററേനിയന്‍ തീരങ്ങളില്‍ ആഞ്ഞടിച്ച പുതിയ ഉണര്‍വ്വാണ് നവോത്ഥാനത്തിനാധാരം. ഫ്ളോറന്‍സിലെ ആര്‍നോ നദിയുടെ തീരങ്ങളിലെ ടസ്കനി മലയിലെ മാര്‍ബിള്‍ക്കല്ലുകളില്‍നിന്ന് ആ ഉണര്‍വ്വ് ആരംഭിക്കുന്നു. ഫ്ലോറന്‍സിലെ പഴയ തടിക്കെ ട്ടിടങ്ങള്‍ തകര്‍ത്ത്, വിവിധ നിറമുള്ള മാര്‍ബിള്‍ കല്ലുകളിലൂടെ മഹാസൗധങ്ങളും, ഗോഥിക് ആകൃതിയിലുള്ള കത്തീഡ്രലുകളും, അരമനകളും, ഉയരുമ്പോള്‍, അതോടൊപ്പം ശില്പകലയും ചിത്രകലയും പുതിയ രൂപവും ആകൃതിയും കൈവരിക്കുന്നു. അവിടെ ആരംഭിക്കുന്നു ആത്മീയ ലൗകീക സൗന്ദര്യങ്ങളുടെ പുതിയ യുഗം!
ലിയനാഡോ ഡാവിന്‍ചി, മൈക്കെലാഞ്ജലോ, റാഫേല്‍, ടിറ്റന്‍, മസാക്കിയോ, ഡൊമിനിക്കോ ഗിര്‍ലാന്‍ഡോ, സാന്‍ഡ്രോ ബാട്ടോസിലി, ഡൊണാറ്റല്ലോ, ഫിലിപ്പിനോ ലിപ്പി, ഡൊണാറ്റോ ബ്രാം, ആന്റെ ഗിഗോറിയോ വസ്സാ റി, ജിഓട്ടോ തുടങ്ങിയവരുടെ ഒരു നീണ്ടനിര നവോത്ഥാന ചിത്രശില്‍പ വളര്‍ച്ചയുടെ കാരണവന്മാരായി വിരാചിക്കുന്നു. ചിത്രകലയിലെ ചായങ്ങളുടെ തിളക്കവും ചെമ്പിലും ഓടിലും കല്ലിലും വിരിഞ്ഞു കണ്ണുചിമ്മി നില്‍ക്കുന്ന പ്രതിമകളും മെഡിറ്ററേനിയന്‍ തീരങ്ങളുടെ മുഖഛായ തന്നെ മാറ്റി.
ആ കാലഘട്ടങ്ങളില്‍ ചിലത് കത്തോലിക്കാ സഭയുടെ ഇടക്കിടെയുള്ള വീഴ്ചകളുടെ കഥകള്‍ കൂടിയാണ്. പത്രോസിന്റെ സിംഹാസനം മുതല്‍ രക്തസാക്ഷികളെയും വിശുദ്ധന്മാരെയും കൊണ്ട് നിറഞ്ഞു നില്‍ക്കുന്ന സഭ ഇടക്കിടെ ഇടറി വീഴുന്നു. ചില ആത്മീയാചാര്യന്മാര്‍ പാപക്കറകളില്‍ മുങ്ങി ചരിത്രത്തെ വികലമാക്കുന്നു. ആ കാലഘട്ടങ്ങളെ ഇരുളടഞ്ഞ കാലം എന്നാണ് ചരിത്രം രേഖപ്പെടുത്തുന്നത്. ആത്മീയതയില്‍ പുഴുക്കുത്തു വന്ന കാലം, വിശിഷ്യാ പതിനഞ്ചും പതിനാറും നൂറ്റാണ്ടുകള്‍. അക്കാലങ്ങളില്‍ ആത്മീയ ചൈതന്യത്തെ ശില്‍പ്പതലങ്ങളിലൂടെ ഉയര്‍ത്തിയ മഹാശില്പിയാണ് മൈക്കെലാഞ്ജലോ. ഭക്തിയും യുക്തിയും കൈകോര്‍ത്ത ഒരു മനസ്സിന്റെ ഉടമ എന്ന നിലയില്‍ മൈക്കെലാഞ്ജലോ മദ്ധ്യകാല യൂറോപ്പിന്റെ ചരിത്രത്തില്‍ ഒരു സുവര്‍ണ്ണ നക്ഷത്രമായി പ്രകാശിക്കുന്നു.
ചിത്രകലയേയും ശില്പകലയേയും കൈപിടിച്ചുയര്‍ത്തിയ ഒട്ടറേ പോപ്പുമാര്‍ ആത്മീയതയെ എക്കാലവും ആശ്ശേഷിച്ചിട്ടുണ്ട്. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കാ ആ ചരിത്ര സത്യങ്ങള്‍ക്ക് മൂക സാക്ഷിയായി നമുക്ക് മുമ്പില്‍ നില്‍ക്കുന്നു. മഹാശിലല്‍പികളും മഹാചിത്രകാരന്മാരും കോറിയിട്ട പോപ്പുമാരുടെ ചിത്രങ്ങളും ശില്പങ്ങളും അവിടെ ദൃശ്യമാണ്. ആദ്യ പോപ്പും അപ്പസ്തോലനുമായ വിശുദ്ധ പത്രോസ് മുതല്‍ അത് ആരംഭിക്കുന്നു.
എന്നാല്‍, നവോത്ഥാനത്തിന്റെ അവസാന ഘട്ടങ്ങള്‍ പുനരുദ്ധാരണത്തിന് വഴിമാറുമ്പോള്‍ ചരിത്രത്തിന്റെ മറ്റൊരു ഘട്ടം ആരംഭിക്കുന്നു. യൂറോപ്പിലെ കത്തോലിക്കാ സഭയുടെ പിളര്‍പ്പ് ചരിത്രത്തെ മാറ്റിക്കുറിക്കുന്നു. ആത്മീയതയുടെ വിശുദ്ധിയില്‍ കറപുരണ്ട ചുരുക്കം ചില പോപ്പുമാരുടെ അധികാര ദുരുപയോഗ പ്രവണത യൂറോപ്പില്‍ മാറ്റത്തിന്റെ കൊടുങ്കാറ്റ് സൃഷ്ടിച്ചു. പോപ്പ് ലിയോ പത്താമനുമായി ഇടഞ്ഞ, ജര്‍മ്മനിയിലെ ഐസ്‌ലേബനില്‍, മാര്‍ട്ടിന്‍ ലൂതര്‍ എന്ന സന്യാസ പുരോഹിതനാണ് അതിന് തുടക്കമിട്ടത്. അക്കമിട്ടെഴുതിയ തൊണ്ണുറ്റഞ്ചു തിരുത്തലുകള്‍ ആദ്ദേഹമെഴുതി സ്വന്തം ദേവാലയത്തിലെ പ്രധാന വാതായനത്തില്‍ പതിച്ചുകൊണ്ട് ആ കൊടുങ്കാറ്റ് യൂറോപ്പിലാകമാനം ആഞ്ഞടിച്ചു. അതാണ് പ്രൊട്ടസ്റ്റന്റ് സഭകളുടെ തുടക്കം. പില്‍ക്കാലത്ത് ഇംഗ്ലണ്ടിലെ രാജാവായിരുന്ന ഹെന്‍റി എട്ടാമന്റെ പുനര്‍വിവാഹത്തെ ചൊല്ലിയുള്ള തര്‍ക്കവും ഇതിന് ആക്കം കൂട്ടി, ആഗ്ലിക്കന്‍ സഭയുടെ ഉദയത്തോടെ.
അവസാനം വരെ കത്തോലിക്കാ വിശ്വാസത്തിലുറച്ചുനിന്ന മൈക്കെലാഞ്ജലോ സഭാനവീകരണത്തെപ്പറ്റി പലവട്ടം ചിന്തിച്ചിരുന്നിട്ടും, സഭയില്‍ത്തന്നെ ഉറച്ച് അവസാന നാളുകളില്‍ തന്റെ പ്രതിഭ പ്രതിഫലമെന്വേ, സ്വര്‍ഗ്ഗത്തിലെ നിക്ഷേപമായി കാഴ്ചവച്ച് പണിതീരാത്ത സെന്റ് പീറ്റേഴ്‌സ് ബസിലിക്കായുടെ അവസാന പണികള്‍ ഏറ്റെടുത്തു. എങ്കിലും ആ ദൗത്യം പൂര്‍ത്തിയാക്കും മുന്‍പ് ലോകത്തോട് വിട പറയേണ്ടിവന്നു. സ്വര്‍ഗ്ഗത്തിലെ അനശ്വരമായ നിക്ഷേപത്തിനു വേണ്ടി!
ചരിത്രത്തെ തെല്ലും വളച്ചൊടിക്കാതെ യഥാര്‍ത്ഥ കഥാപാത്രങ്ങളെ കഴിവതും നിലനിര്‍ത്തി, ചരിത്രത്തെ നോവലിനോട് അടുപ്പിക്കാന്‍ ഏറെ ശ്രമം നടത്തിയിട്ടുള്ള ഈ കൃതി വായനാ കൗതുകമുള്ള ഏവര്‍ക്കു വേണ്ടിയും കാഴ്ച വെക്കുന്നു. ഇത് ചരിത്രാന്വേഷികള്‍ക്കും, ചരിത്ര വിദ്യാര്‍ത്ഥികള്‍ക്കും പ്രചോദനമാകട്ടെ എന്ന് ആശംസിച്ചുകൊണ്ട്…..
സ്നേഹപൂര്‍വ്വം,
ജോണ്‍ ഇളമത
++++++
അദ്ധ്യായം ഒന്ന്
ആ യുവശില്‍പി, ആ വലിയ മാര്‍ബിള്‍ പാറയുടെ മുമ്പില്‍ പകച്ചുനിന്നു. ഭീമാകാരമായ ആറു ടണ്‍ ഭാരമുള്ള വെള്ളാരംകല്ല്!
അതില്‍ നിന്ന് ബലിഷ്ഠനായ ഒരു ആട്ടിടയ യുവാവ് ഇറങ്ങി വന്ന് ചോദിച്ചു:
മൈക്കിള്‍, നിനക്കിതു സാധ്യമാണോ?
നീ ആരാണ്?
നീ എന്നെ അറിയില്ലേ, ഞാന്‍ ദാവീദ്! ഇസ്രായേല്‍ ജനതയ്ക്കുവേണ്ടി പാലസ്ത്യരോട് ഏലാ താഴ്‌വരയില്‍ മല്ലിട്ടു ജയിച്ച ദാവീദ്.
ഭയങ്കരം തന്നെ! ആര്‍ക്കുമിത് അവിശ്വസനീയമായി തോന്നാം. ഏഴെട്ടടി ഉയരമുള്ള ആജാനുബാഹുവായ അതിമാനുഷനെ മല്ലിട്ടു ജയിച്ച ആട്ടിടയ യുവാവല്ലേ നീ!
അതേ, നീയും പകച്ചു നില്‍ക്കുന്നു. ഭീമാകാരമായ വെള്ളാരം പാറയ്ക്കു മുമ്പില്‍! ഞാന്‍ കവിണയിലെ വെറും പാറക്കല്ല് ചുഴറ്റി തിരുനെറ്റിക്ക് എറിഞ്ഞ് ഭീമാകാരനായ ഗോലിയാത്ത് എന്ന പാലസ്ത്യരുടെ മല്ലനെ എറിഞ്ഞു വീഴ്ത്തി. ബുദ്ധിയുണ്ടെങ്കില്‍ സാധിക്കാത്തതെന്ത്!
അതെ… അതെ. പഴയനിയമത്തിലെ സാമുവലിന്റെ ഒന്നാം പുസ്തകം ഇപ്പോഴും എന്റെ ഓര്‍മ്മയിലുണ്ട്. നീ, കവിണയിലെ പാറക്കഷണം കൊണ്ട് എറിഞ്ഞു വീഴ്ത്തിയെങ്കില്‍, എന്റെ തോല്‍സഞ്ചിയില്‍ ഉളിയും കൂടവുമുണ്ട്… ദാവീദ്! നിന്നെ ഞാന്‍ പുറത്തു കൊണ്ടുവരും.
അപ്പോള്‍ മൈക്കെലാഞ്ജലോയുടെ മനസ്സിലേക്ക് ഓടിക്കയറിയത് ആ ആട്ടിടയയുവാവാണ്. അവനെ കണ്ടുമുട്ടിയത് അടുത്ത കാലത്താണ്. കാപ്രസി മലഞ്ചെരുവില്‍ ആടുകളെ മേയിക്കുകയായിരുന്നു അവന്‍. ഏറെക്കുറെ പതിനേഴ് വയസ്സെത്തിയ യുവാവ്. പാറിപ്പറക്കുന്ന മുടിയുള്ള പ്രാകൃതനും, അരോഗദൃഢഗാത്രനുമായ യുവാവ്. അവന്റെ വലതു കൈയില്‍ നീളമുള്ള ഒരു കുന്തവും ഇടം തോളില്‍ തോല്‍ സഞ്ചിയും കൈയ്യില്‍ ഒരു കവിണയുമുണ്ടായിരുന്നു. അവന്‍ അല്പവസ്ത്രധാരിയായിരുന്നു. ചാക്കുകൊണ്ട് തുന്നിയ ഒരു ചെറിയ തുണികൊണ്ട് നാണം മറച്ചിരുന്നു. അവനു മുന്നില്‍ ആടുകള്‍ കലപില ശബ്ദത്തോടെ വിഹരിച്ചിരുന്നു.
മൈക്കിളിന്റെ അധരങ്ങള്‍ ആവേശപൂര്‍വുൃം ചലിച്ചു…
കണ്ടുകിട്ടി! ഇത്തരമൊരു ആകസ്മിക കാഴ്ച എന്നില്‍ ആവേശം ഉണര്‍ത്തുന്നു. വളരെ നാള്‍ ആലോചിച്ചു നടന്ന ഇവന്‍ തന്നെ ദാവീദ്! ഒരു കൈയില്‍ കുന്തവും മറുകൈയ്യില്‍ കവിണയുമുള്ള ഇവന്‍ തികഞ്ഞ യോദ്ധാവായിരിക്കണം. വെയില്‍ കൊണ്ട് ചെമ്പിച്ച അവന്റെ മേനിയിലൂടെ സൂര്യപ്രഭ വീണുതിളങ്ങുന്നു. തെറിച്ചു നില്‍ക്കുന്ന മാംസപേശികള്‍, കൈകളില്‍ എഴുന്നു നില്‍ക്കുന്ന രക്തധമനികള്‍. അവന്റെ നില്‍പ്പില്‍പ്പോലും ദാവീദിന്റെ ആകാരമില്ലേ, ഇടതു തോള്‍ ഉയര്‍ത്തി അല്പം ചെരിഞ്ഞുള്ള നില്‍പ്പ്!
മൈക്കിള്‍ അവന്റെ അരികിലെത്തി നിർന്നിമേഷനായി ഒരുനിമിഷം നിന്നിട്ട് ചോദിച്ചു….
ഇടയ യുവാവെ, നീ സാമുവേലിന്റെ പുസ്തകത്തിലെ ദാവീദിനെ അറിയുമോ?
അവന്‍ പതുങ്ങിയ ശബ്ദത്തില്‍ പറഞ്ഞു..
ഇല്ല, അറിയില്ല, എനിക്ക് പഠിപ്പില്ല
അതു ശരിയാണ്. അക്കാര്യം ഞാനങ്ങു മറന്നുപോയി. എന്നെപ്പോലെ ഉന്നതകുലജാതര്‍ക്കേ പഠിപ്പുള്ളു. അവര്‍ക്കേ ഇത്തരം കഥകളറിയു. ആട്ടെ, നീ എന്തിനാണ് കൈകളില്‍ ആയുധങ്ങള്‍ പേറി നടക്കുന്നത്?
അതോ, ദേ, മുകളിലേക്ക് നോക്കിക്കെ. ആ കുന്നുകളിലെ കാടുകളില്‍നിന്ന് ചിലപ്പോള്‍ വന്യമൃഗങ്ങള്‍ ഇറങ്ങിവരും, എന്റെ ആടുകളെ പിടിക്കാന്‍. എന്നാല്‍ അവയ്ക്കെന്നെ പേടിയുണ്ട്.
അവന്‍ തുകല്‍ സഞ്ചിയില്‍ നിന്ന് മിനുസമുള്ള ഒരു ചെറിയ പാറ എടുത്ത് ഇടതു കൈയിലെ കവിണയില്‍ വെച്ചു കറക്കിക്കൊണ്ടു പറഞ്ഞു…
ദേ, ഇങ്ങനെ, ഉന്നം തെറ്റാതെ ഞാന്‍ അവയെ എറിഞ്ഞു വീഴ്ത്തും.
പിന്നെ വലതു കൈയിലെ കുന്തം കാട്ടി…
എന്നിട്ട് നീളമുള്ള ഈ കുന്തംകൊണ്ട് ഞാനവയെ കുത്തിക്കൊല്ലും.
നീ എത്ര വന്യമൃഗങ്ങളെ കൊന്നിട്ടുണ്ട്?
ഒരിക്കല്‍ ഒരു കരടിയെ, മറ്റൊരിക്കല്‍ ഒരു ചെന്നായയെ! വാസ്തവത്തില്‍ അവകള്‍ക്കും എന്നെ പേടിയാണ്.
മൈക്കിള്‍ ഓര്‍ത്തു…
ഇവന്‍ തന്നെ ദാവീദ്! ഏലാമലയില്‍ മല്ലന്‍ ഗോലിയാത്തിനെ എറിഞ്ഞു വീഴ്ത്തി തല വെട്ടിയെടുത്ത ദാവീദെന്ന ഇടയ യുവാവ് ഇവന്‍തന്നെ!
ദാവീദിന്റെ പ്രതിമ പൂര്‍ണ്ണ രൂപത്തില്‍ കൊത്തുക, അത് എല്ലാ ശില്പികള്‍ക്കും ഹരമായിരുന്നു. നവോത്ഥാനം ശില്പങ്ങളിലൂടെ ഉയര്‍ത്തെണീറ്റപ്പോള്‍ മഹാശില്പിയായിരുന്ന ഡോണാറ്റോയാണ് അതിനു തുടക്കമിട്ടത്. ആദ്യം ചെമ്പില്‍ കൊത്തി. പിന്നീട് അഞ്ചടി ഉയരത്തില്‍ മാര്‍ബിളില്‍ കൊത്തി. പിന്നീട് വെറോച്ചിയും ശ്രമിച്ചു. എന്നാല്‍ അവകള്‍ക്കൊരു പൂര്‍ണ്ണത കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ? മനുഷ്യശരീരത്തിന്റെ സൗന്ദര്യം, തെറിച്ചു നില്‍ക്കുന്ന പേശികളിലും തുടിച്ചു നില്‍ക്കുന്ന ഞരമ്പുകളിലും, അവയവങ്ങളുടെ സമാന്തര വ്യതിയാനങ്ങള്‍ പ്രവൃത്തികള്‍ക്കനുസരണം, പ്രകടമാക്കാന്‍ ഒരു ശില്പിക്കു കഴിയണം.
മുപ്പതു മുപ്പത്തഞ്ച് വര്‍ഷങ്ങളായി ഉറങ്ങിക്കിടന്ന പടുകൂറ്റന്‍ വെള്ളാരക്കല്ലു മാര്‍ബിള്‍, അത് മഹാശില്‍പികളുടെ സ്വപ്നങ്ങളെ അതിജീവിച്ച് ഒരു ഉയര്‍ത്തെഴുന്നേല്‍പ്പിനായി കാത്തു കിടക്കുന്നു. ഇതുവരെ ഒരു ശില്പിക്കും അതിനു ജന്മം കൊടുക്കാന്‍ കഴിഞ്ഞിട്ടില്ല. ഡോണാറ്റോ കൊത്തിയ മാര്‍ബിള്‍ പ്രതിമയ്ക്ക് അഞ്ചടി ഉയരമുണ്ടായിരുന്നിട്ടു കൂടി കൗമാരത്വം വിട്ടുമാറാത്ത ഡേവിഡിനെയല്ലേ കൊത്തിയത്! അങ്ങനെതന്നെ വെറോച്ചിയുടെ ചെമ്പു പ്രതിമയും! മീശ കുരുക്കാന്‍ തുടങ്ങുന്ന പത്തു പതിനഞ്ചു വയസ്സുള്ള ആട്ടിടയച്ചെറുക്കനായിരുന്നോ ബൈബിളിലെ സാമുവേലിന്റെ പുസ്തകത്തിലെ ആട്ടിടയ യുവാവായ ഇസ്രായേലിന്റെ ഹീറോ ഡാവിഡ്!
അല്ലേ, അല്ല. അങ്ങനെ എനിക്ക് കൊത്താനാവില്ല. പകരം ഒരു അരോഗദൃഢഗാത്രനായ യുവാവ്. പത്തുപതിനേഴു വയസ്സില്‍, ആ ആട്ടിടയനെപ്പോലെ കൗമാരത്തില്‍നിന്ന് യൗവനത്തിലേക്ക് കുതിക്കുന്ന ഒരു ആട്ടിടയ യുവാവ്! ആടിന്റെ മാംസം ഭക്ഷിച്ച്, പാലും കുടിച്ചു വളര്‍ന്നവന്‍, കാട്ടുചോലയിലെ വെള്ളം കുടിച്ച് വളര്‍ന്നവന്‍, മുന്തിരി വാറ്റിയ വീഞ്ഞു കുടിക്കുന്നവന്‍, ഇസ്രായേലിന്റെ ദൈവത്തെ ആരാധിക്കുന്നവന്‍. പക്ഷേ, അവന്‍ നഗ്നനായിരിക്കണം. അവനെ ഞാന്‍ ചേലാ കര്‍മ്മം ചെയ്യുന്നില്ല.
ഒരുപക്ഷേ നഗ്നമായി ഞാന്‍ ഡേവിഡിനെ കൊത്തിയെടുത്താല്‍ പോപ്പ്, കര്‍ദിനാളര്‍, മെത്രാന്മാര്‍, ബനിഡിക്ടന്‍, ഫ്രാന്‍സിസ്ക്കന്‍ സന്യാസിമാര്‍ എന്നിവരുടെ പ്രതികരണം എന്താകും? അത് വിശുദ്ധസ്ഥലങ്ങളില്‍ പ്രതിഷ്ഠിക്കുന്നതിനെപ്പറ്റി അവരുടെ അഭിപ്രായങ്ങള്‍ എന്തൊക്കെയാകാം? എന്തുമാകട്ടെ, എങ്കിലും എനിക്കിങ്ങനെയേ കൊത്താനാവു. അത് ഒരു ശില്‍പ്പിയുടെ ആവിഷ്ക്കാര സ്വാതന്ത്രമാണ്. അതിനുമേല്‍ വിരല്‍ ചൂണ്ടാന്‍ ഞാനാരെയും അനുവദിക്കില്ല. അതല്ലെങ്കില്‍ വേണ്ടാ!
പക്ഷേ, എനിക്ക് ഡോണാറ്റോയേയും, വെറാച്ചിയേയോ കുറ്റംപറയാനാവില്ല. അവര്‍ ജഡങ്ങളെ കീറിമുറിച്ച് സമഗ്രപഠനം നടത്തിയിട്ടില്ല. എന്നാല്‍, ഇപ്പോഴത്തെ മഹാശില്പി ഡാവിന്‍ചിക്ക് മൃഗങ്ങളുടെ ആന്തരികാവയവങ്ങളെപ്പറ്റി തികഞ്ഞ ജ്ഞാനം ഉണ്ടെന്നത് അദ്ദേഹത്തിന്റെ സൃഷ്ടികളില്‍ പ്രകടനം തന്നെ. കുതിരകളുടെ കരുത്ത് എഴുന്നു നില്‍ക്കുന്ന കുഞ്ചിരോമങ്ങളും തെറിച്ചു നില്‍ക്കുന്ന മാംസപേശികളും പ്രതിമകളിലുടെയും വരകളിലൂടെയും പ്രത്യക്ഷമാകുമ്പോള്‍ അതുതന്നെ ആയിരിക്കണം എന്റെ ആവേശത്തിന്റെ തുടക്കവും.
അതിനു നിമിത്തമായത് ഫ്ളോറന്‍സിന്റെ ഭരണാധികാരിയായിരുന്ന മെഡിസിയിലെ ലൊറന്‍സോ പ്രഭുവിന്റെ ശില്പശാലയിലെ പരീശീലനത്തിനിടയിലായിരുന്നു. അവിടെ പല ഉന്നതരുമായി പരിചയപ്പെട്ടു. അതിലൊന്ന് പ്രശസ്ത ശസ്ത്രക്രിയാ വിദഗ്ദ്ധന്‍ മെസ്സ്റോര്‍ റിയാള്‍ഡോ കൊളംബോയുമായുള്ള ചെങ്ങാത്തം.
അദ്ദേഹത്തോട് ഞാന്‍ ഒരിക്കല്‍ അപേക്ഷിച്ചു…
എനിക്ക് ഒരാഗ്രഹമുണ്ട്!
എന്ത്?
മൃതദേഹങ്ങളെ കീറി പഠിക്കാന്‍.
തീര്‍ച്ചയായും. ശില്‍പ്പങ്ങള്‍ കൊത്തുന്നവര്‍ അതൊക്കെ അറിഞ്ഞിരിക്കണം. മഹാനായ ലിയണാഡോ ഡാവിചിക്ക് യുദ്ധങ്ങളില്‍ ചത്തുവീഴുന്ന കുതിരകളെ കീറി പഠിക്കാന്‍ ഞാന്‍ വേണ്ട ഒത്താശകള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ മനുഷ്യരുടെ മൃതദേഹങ്ങള്‍ പഠിക്കാന്‍ ഒരു ശില്പിയും ആഗ്രഹം പ്രകടിപ്പിച്ചിട്ടില്ല. കാരണമുണ്ട് അത് വൈദ്യശാസ്ത്രത്തില്‍, ചികിത്സകളുടെ ഭാഗമായി സഭ അനുവദിച്ചിട്ടുണ്ട്. എന്നാല്‍, ഒരു ശില്പിക്ക് പഠിക്കാന്‍ അതനുവദിക്കുമോ സാമുഹ്യബോധം! എങ്കിലും നിനക്കുവേണ്ടി ഒരു ഓദാര്യം കാട്ടാം. സാന്താമറിയാ കോണ്‍വന്റ് ഹോസ്പിറ്റലില്‍ ഇടയ്ക്കിടെ ശസ്ത്രക്രിയ നടക്കുമ്പോള്‍ രോഗികള്‍ മരിക്കാറുണ്ട്. നീ എന്റെ കൂടെ സഹായിയായി കൂടിക്കോ. മരണപ്പെട്ടവരെ സംസ്കരിക്കും മുമ്പ് രഹസ്യമായി നിനക്ക് കീറി പഠിക്കാം.
ആ അറിവ് ശില്പകലയിലേക്ക് ഞാന്‍ ആവാഹിച്ചു. രണ്ടു വര്‍ഷം മുമ്പ് അങ്ങനെ കൊത്തിയതാണ്. പിയറ്റ്! ദുഃഖഭാരം ചുമക്കുന്ന മാതാവിന്റെ മടിയില്‍ കിടക്കുന്ന യേശുവിന്റെ ചേതനയറ്റ ശരീരം. മാതാവിന്റെ വ്യാകുലതയും യേശുവിന്റെ കുരിശുമരണത്തിന്റെ ആഘാതവും രേഖപ്പെടുത്തിയ മാര്‍ബിള്‍ ശില്പം! ആ ശില്പമാണ് എന്നെ ഉയര്‍ത്തിയത്. ഡേവിഡിനെ കൊത്താന്‍ കത്തീഡ്രല്‍ കാര്യനടത്തിപ്പുകാരായ ജുലിയാനോ, അന്റോണിയോ ഡി സങാലോ എന്നീ പ്രഭുക്കള്‍ എന്നെ വിളിച്ചുവരുത്തിയിരിക്കുന്നതും അതു കൊണ്ടുതന്നെ!
ജുലിയാനോ പ്രഭു ചോദിച്ചു…
മൈക്കിള്‍, നിനക്കിതു സാധ്യമാണോ?
അന്റോണിയോ ആ ചോദ്യത്തെ ശക്തിപ്പെടുത്തി. എന്തുകൊണ്ട് അസാദ്ധ്യം! രണ്ടുവര്‍ഷം മുമ്പ് ഇരുപത്തിനാലാം വയസ്സില്‍ “പിയറ്റ” കൊത്തി മഹാശില്പി ലിയണാഡോ ഡാവിന്‍ചിയെപ്പോലും ഞെട്ടിച്ച ഈ യുവശില്പിക്ക് എന്തസ്സാദ്ധ്യം!
ഇതൊരു നിസ്സാര കാര്യമാണോ! പുരികക്കൊടികള്‍ മുകളിലേക്കുയര്‍ത്തി ഒരു നീണ്ട മുളലോടെ ജുലിയാനോ തുടര്‍ന്നു..
പിയറ്റ കൊത്തിയ കല്ലും ഈ കല്ലും ഒരേ പാറമടയില്‍നിന്ന് ചെത്തി എടുത്തതുതന്നെ. എങ്കിലും ഈ മാര്‍ബിള്‍ക്കഷ്ണം അതിമനോഹരമാണ്. നീളത്തില്‍ മുകളിലേക്ക് പത്തിരുപത്തിരണ്ടടി പൊക്കമുള്ള ഒറ്റ പാറക്കഷ്ണം. പൊട്ടാതെ ഇത്തരമൊരു പാറക്കഷ്ണം പൊട്ടിച്ചെടുത്ത ടസ്കനി പാറമടയിലെ കല്ലുവെട്ടുകാരെ സമ്മതിക്കണം. എന്നാല്‍, ഈ കല്ലിനുമൊരു കുഴപ്പമുണ്ട്. ബൃഹത്തായതുകാരണം ഈ കല്ല് ശില്പികളുടെ കൈയില്‍ ഒതുങ്ങുന്നില്ല. ഈ കല്ലില്‍ നിന്ന് ആകാവുന്ന വലിപ്പത്തില്‍ ഡേവിഡിനെ കൊത്തിയെടുത്താല്‍ ലോകം ഉള്ളിടത്തോളം കാലം അത് അനശ്വരമായിരിക്കും.
മഹാശില്പിയായിരുന്ന് ഡൊണാറ്റൊ അല്ലേ ഇതേപ്പറ്റി ആദ്യമായി ചിന്തിച്ച് പദ്ധതി ഇട്ടത്?”
അതേ, അതേ. എന്നാലതു പൂര്‍ത്തിയാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. കല്ലില്‍ കണക്കു കൂട്ടി കഴിയുന്നത്ര വലിപ്പത്തില്‍ ഒരു ശില്പത്തിന്റെ രൂപം അദ്ദേഹം മനസ്സില്‍ വരച്ചു നടന്നു. എന്നാലദ്ദേഹത്തിനുമതു സന്ദേഹമുളവാക്കി. ഒരുപക്ഷേ, ഇതു പാളിപ്പോകാന്‍ സാധ്യതയുണ്ടായേക്കാമെന്ന്! ഭീമാകാരമായ ഒരു പാറയില്‍ ഒരു രുപം വിരിയുമ്പോള്‍ ചിന്തിക്കുന്ന അത്ര രൂപഭംഗി, ആ ശില്പം കൈവരിക്കണമെങ്കില്‍ അസാമാന്യ ഭാവനാശക്തിയും ഇച്ഛാശക്തിയുമുള്ള ഒരു ശില്പിക്ക് മാത്രമേ സാദ്ധ്യമാകൂ. എന്തിനു പറയട്ടെ അത്തരമൊരു പരീക്ഷണം നടത്താന്‍ നിശ്ചയിച്ചിരിക്കവേ ഒരു അജ്ഞാത രോഗം പിടിപെട്ട് ഓര്‍ക്കാപ്പുറത്ത് അദ്ദേഹത്തിന് മരണത്തിന് കീഴടങ്ങേണ്ടി വന്നു.
ഒരുപക്ഷേ, ഡോണാറ്റോയുടെ ഒരു ഡേവിഡിനേക്കാള്‍ ഏറെ ആകാര ഭംഗി കൊടുക്കാന്‍ മൈക്കെലാഞ്ജലോയ്ക്ക് കഴിയുമെന്നതിനാലാകാം ഇനിയും ഈ കല്ല് കാത്തുകിടക്കുന്നത്!
എന്നാല്‍, വീണ്ടും പരിശ്രമങ്ങള്‍ തുടര്‍ന്നു. കുറേ വര്‍ഷങ്ങള്‍ കടന്നുപോയി. മഞ്ഞും തണുപ്പും വരള്‍ച്ചയും കടന്നുപോയി. സാന്താമറിയ കത്തീഡ്രലിന് പല മാറ്റങ്ങളും വന്നു. ഉയര്‍ന്ന താഴികക്കുടത്തിലെ ചെമ്പു മണികളും കാലസമയങ്ങളെ അറിയിച്ചുകൊണ്ട് തെറ്റാതെ മുഴങ്ങി ഫ്ളോറസ് നഗരത്തെ പുളകം കൊള്ളിച്ചു. ടസ്കനി മലനിരകളില്‍ നിന്നടിച്ച, മുന്തിരിയുടെ വീര്യം കലര്‍ന്ന കുളിര്‍ കാറ്റ് ആര്‍നോ നദിക്കുമേലെ കുഞ്ഞലകള്‍ സൃഷ്ടിച്ചു.
ഫ്ളോറന്‍സ് ഉയര്‍ത്തെഴുന്നേറ്റു. കുതിപ്പില്‍ മറ്റൊരു മഹാശില്പി വീണ്ടും ഡേവിഡിനെ കൊത്താനൊരുങ്ങി. അഗസ്റ്റിനോ ഡി ഡൂക്കോ. ഭീമാകാരമായ ആ വെള്ളക്കല്ലില്‍ ഉളി തെറിച്ചു. വിറച്ച മനസ്സില്‍ കരുതുന്ന ഒരു രൂപം ഇതില്‍ നിന്ന് വിരിയില്ല എന്നദ്ദേഹത്തിനു തോന്നിയതുകൊണ്ട് മനോഹരമായ ആ കല്ലിനെ ക്ഷതമേല്‍പ്പിക്കാതെ ആ ഉദ്യമത്തില്‍ നിന്ന് അദ്ദേഹവും താമസംവിനാ വിടപറഞ്ഞു.
അല്പമൊന്ന് നിര്‍ത്തി, ജുലിയാനോ പ്രഭു വീണ്ടും ഒന്നിരുത്തി മൂളി തുടര്‍ന്നു…
വീണ്ടും ആ കല്ല് കാത്തു കിടന്നു. മറ്റൊരു മഹാശില്‍പിക്കുവേണ്ടി, അന്റോണിയോ റോസില്ലിനോ! വളരെ ആവേശത്തിലായിരുന്നു. അദ്ദേഹത്തിന്റെയും തുടക്കവും വെണ്ണക്കല്ലില്‍. അദ്ദേഹത്തിന്റെ ഉളി മലക്കം മറിഞ്ഞു. ഒടുവില്‍ വിഗ്രഹം പുറപ്പെടുന്ന കൊത്തുകളില്‍ ക്ഷതമേറ്റ് അദ്ദേഹത്തിന്റെ ഉളിയും കൂടവും അടിയറ പറഞ്ഞു. എനിക്കിതസ്സാദ്ധ്യം! ഇത്തരമൊരു കല്ലില്‍ പൂര്‍ണ്ണത കൈവരിക്കാന്‍ ഇനിയുമൊരു പ്രതിഭ ജനിക്കട്ടെ. ഒരു മഹാശില്പി.. ആ ശില്പിക്കുവേണ്ടി ഞാന്‍ ആയുധം വെച്ച് കീഴടങ്ങുന്നു.
അന്റോണിയോ പറഞ്ഞു….
“പിയറ്റ” കൊത്തിയ യുവശില്പി മൈക്കെലാഞ്ജലോ തീര്‍ച്ചയായും ഡേവിഡിനെ കൊത്തും. അതില്‍ എനിക്കാശങ്കയില്ല.
അന്റോണിയോയുടെ അഭിപ്രായത്തോടു തന്നെ ഞാന്‍ യോജിക്കാന്‍ ശ്രമിക്കാം. എങ്കിലും പിയറ്റ കൊത്തിയ കല്ല് പൊക്കം കുറഞ്ഞ് വീതിയിലായിരുന്നതുകൊണ്ട് ശില്പ നിര്‍മ്മാണം ഇത്ര ദുഷ്ക്കരമായിരിക്കില്ല. എന്തായാലും വീണ്ടുമൊരു ഭാഗ്യപരീക്ഷണം നടക്കട്ടെ.
ജുലിയാനോ പ്രഭു വീണ്ടും, മൈക്കെലാഞ്ജലോയോട് ആ ചോദ്യമാവര്‍ത്തിച്ചു…
മൈക്കിള്‍, നിനക്കിതു സാധ്യമാണോ?
തുകല്‍ സഞ്ചിയില്‍ നിന്ന് ഉളിയും കൂടവുമെടുത്ത് ആ വെള്ളാരം കല്ലില്‍ ഒരു പോറല്‍ വീഴ്ത്തി ഗാരവത്തില്‍ തിരികെ ചോദിച്ചു…
എന്തുകൊണ്ട് അസാധ്യം?
ആ ധ്വനിക്ക് ഒരു പ്രതികാരച്ഛായ ഉണ്ടായിരുന്നില്ലേ എന്ന് ജുലിയാനോ പ്രഭു ഓര്‍ത്തു. ഒരുപക്ഷേ, ഈ യുവശില്‍പി. ഇവനേക്കാള്‍ ഇരുപതു വര്‍ഷം മുപ്പെത്തി മധ്യ പ്രായം കടന്ന മഹാശില്പി ലിയണാഡോ ഡാവിന്‍ചിയെ വെല്ലുവിളിച്ച് മഹാശില്പികളുടെ ശില്പിയായി കിരീടം പേറില്ലെന്ന് ആരു കണ്ടു?
(തുടരും….. )
Very good congratulations ❤️
Congratulations dear