വിവാഹാഭ്യർത്ഥന നിരസിച്ച ഈജിപ്ത് യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിനിയെ കഴുത്തറുത്ത് കൊന്നു

നയേര അഷ്റഫ് (ചിത്രം: ട്വിറ്റര്‍)

കെയ്‌റോ : മൻസൂറ യൂണിവേഴ്‌സിറ്റിയിലെ ഫാക്കൽറ്റി ഓഫ് ആർട്‌സിലെ വിദ്യാർത്ഥിനിയെ നൂറുകണക്കിന് വിദ്യാർത്ഥികൾക്കും വഴിയാത്രക്കാർക്കും മുന്നിൽ വെച്ച് യുവാവ് കഴുത്തറുത്ത് കൊന്നത് ഈജിപ്ഷ്യൻ തെരുവിനെ നടുക്കി.

ഈജിപ്ഷ്യൻ വിദ്യാർത്ഥിനിയായ നയേര അഷ്‌റഫിനെയാണ് സർവ്വകലാശാലയ്ക്ക് മുന്നിൽ വെച്ച് കത്തി കൊണ്ട് കഴുത്തറുത്ത് കൊന്നത്. ഈജിപ്തിലെ പബ്ലിക് പ്രോസിക്യൂഷൻ സംഭവത്തിൽ അന്വേഷണത്തിനും കുറ്റവാളിയെ ചോദ്യം ചെയ്യാനും ഉത്തരവിട്ടിട്ടുണ്ട്.

യുവതിയുടെ കഴുത്തിലും നെഞ്ചിലും മറ്റ് ഭാഗങ്ങളിലും ആഴത്തിലുള്ള മുറിവുകൾ പോലീസ് കണ്ടെത്തി. ദൃക്‌സാക്ഷികളായ സർവകലാശാലയിലെ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരുടെ മൊഴിയും എടുത്തിട്ടുണ്ട്.

കുറ്റകൃത്യത്തിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നതിനോ അക്രമിയുടെ ഉദ്ദേശ്യത്തെക്കുറിച്ച് ഊഹാപോഹങ്ങൾ നടത്തുന്നതിനോ എതിരെ പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത് അന്വേഷണത്തിന്റെ സമഗ്രതയെ നേരിട്ട് ബാധിക്കുമെന്നും, തെളിവുകൾ നശിപ്പിക്കാനും ഇരയുടെ കുടുംബത്തിന് ദോഷം വരുത്താനും സാധ്യതയുണ്ടെന്ന് പ്രൊസിക്യൂഷന്‍ പറഞ്ഞു.

മൻസൂറ സർവകലാശാലയുടെ ഒരു ഗേറ്റിന് സമീപമാണ് സംഭവം നടന്നതെന്നും കുറ്റവാളിയെ ഉടൻ അറസ്റ്റ് ചെയ്തതായും മൻസൂറ സർവകലാശാല പ്രസ്താവനയിൽ പറഞ്ഞു. വഴിയാത്രക്കാർ കുറ്റവാളിയെ പിടികൂടി മർദ്ദിച്ചതായി ഈജിപ്ഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഗുരുതരാവസ്ഥയിലായ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആശുപത്രിയിൽ എത്തും മുമ്പ് മരിച്ചു.

ഈ ഭയാനകമായ കുറ്റകൃത്യം ഈജിപ്തിലെ ജനങ്ങളെ ഞെട്ടിച്ചു. ഈജിപ്ഷ്യൻ അധികൃതര്‍ കുറ്റവാളിക്കെതിരെ ഏറ്റവും കഠിനമായ ശിക്ഷകൾ ചുമത്തണമെന്ന് ജനങ്ങള്‍ ആവശ്യപ്പെട്ടു.

കുറ്റകൃത്യത്തെക്കുറിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ സോഷ്യൽ മീഡിയ ഉപയോക്താക്കൾ തങ്ങളുടെ രോഷം പ്രകടിപ്പിച്ചു.

# جامعه_المنصوره (മൻസൂറ യൂണിവേഴ്സിറ്റി), # حق_نيرة_أشرف (Justice for Nayera Ashraf) എന്നീ ഹാഷ്ടാഗുകൾ സഹിതം സോഷ്യൽ മീഡിയയില്‍ ഭയാനകമായ വീഡിയോകൾ പ്രചരിപ്പിച്ചു.

സ്ത്രീകൾക്ക് നേരിടേണ്ടിവരുന്ന അതിക്രമങ്ങളിൽ നിന്ന് അവരെ സംരക്ഷിക്കാൻ ഇടപെടണമെന്നും ഉപയോക്താക്കൾ ആവശ്യപ്പെട്ടു.

കഴിഞ്ഞ മാസങ്ങളിൽ, ഈജിപ്ഷ്യൻ സമൂഹം പൗരന്മാരുടെ ഹൃദയങ്ങളിൽ പരിഭ്രാന്തി സൃഷ്ടിച്ച നിരവധി ഹീനമായ കൊലപാതകങ്ങൾക്ക് സാക്ഷ്യം വഹിച്ചു. ഇസ്മായിലിയ ഗവർണറേറ്റിലെ തെരുവിൽ ഒരാളെ തല വെട്ടിയെടുത്ത് മൃതദേഹവുമായി തെരുവിലൂടെ നടന്നത്, വിവാഹം കഴിഞ്ഞ് മൂന്ന് ദിവസത്തിന് ശേഷം വധുവിനെ കുത്തിക്കൊന്നത്, ഭാര്യയെയും അമ്മായിയമ്മയെയും കൊലപ്പെടുത്തിയ ശേഷം ഭർത്താവിനെ ബന്ദിയാക്കിയത് എന്നിങ്ങനെ പോകുന്നു ആ പട്ടിക.

“Nambio global classification for measuring crime rates” പ്രകാരം, ഈജിപ്ത് അറബ് ലോകത്ത് മൂന്നാം സ്ഥാനത്തും ആഗോളതലത്തിൽ കൊലപാതകങ്ങളിൽ ഇരുപത്തിനാലാം സ്ഥാനത്തുമാണ്.

നയേര അഷ്റഫ് (ചിത്രം: ട്വിറ്റര്‍)
Print Friendly, PDF & Email

Leave a Comment

More News