പ്രസന്നകോമളമധുരം തുളുമ്പിയ മൂന്നാം ലോക കേരള സഭയിലേക്ക് പുഞ്ചിരിതൂകി വിടർന്ന നേത്രങ്ങളും ഇടുങ്ങിയ അരക്കെട്ടുള്ള കുലാചാരമറിയാവുന്ന പുരാവസ്തു തട്ടിപ്പുകാരൻ മാവുങ്കലിന്റെ തോളിൽ കൈയ്യിട്ടു നടന്ന പുല്ലാം കുയിലിനെ രാജകൊട്ടാരത്തിന്റെ മട്ടുപ്പാവിലേക്ക് ഏത് സാങ്കേതിക വിദ്യയിലൂടെയാണ് ഒളിച്ചു കടത്തിയത്? ഈ ചോദ്യത്തിന് എന്ത് പ്രസക്തിയെന്ന് പലരും ചോദിക്കുന്നു. സ്ത്രീ സാന്നിധ്യം കുറഞ്ഞതുകൊണ്ടാണ് പുരുഷ കേന്ദ്രികൃത സഭയായി പലർക്കും തോന്നുന്നത്. ലോക കേരള സിംഹാസനത്തിൽ പുല്ലാംകുഴൽ എല്ലാവർക്കും വീണമീട്ടാനുള്ള ഒരു ഉപകരണമായി മാറാൻ കഴിഞ്ഞു. ആ ചിരിയുടെ കാന്തികൊണ്ടാകണം ക്യാമറ കണ്ണുകൾ പ്രകാശകിരണങ്ങൾ പരത്തിക്കൊണ്ടിരിന്നു. പ്രവാസിയുടെ പ്രശ്‌നജടിലമായ ജീവിത ഗാഥകൾ സൂക്ഷ്മമായി പഠിക്കാനും പുരോഗമനാത്മകമായ മുന്നേറ്റത്തിനും പുത്തൻ സാധ്യതകൾക്കും വേണ്ടിയാണല്ലോ അമൂർത്തമായ ഒരാശയവുമായി ലോക കേരള മഹാസഭ കടന്നുവന്നത്. പ്രവാസിയുടെ എല്ലാം കഷ്ടതകളും പരിഹരിക്കാൻ സാധിച്ചില്ലെങ്കിലും ഒരു പരിവർത്തനത്തിന്റെ പാതയിലൂടെ സഞ്ചരിച്ചാൽ നല്ലത്. ഈ പ്രവാസി സിംഹാസനം മുതലാളിത്വ വ്യാമോഹങ്ങളുടെ, ഭരണവർഗ്ഗ താല്പര്യങ്ങളുടെ, സ്വാർഥ താല്പര്യക്കാരുടെ സങ്കേതമാകരുത്. സമൂഹത്തിൽ മികച്ച സംഭാവനകൾ ചെയ്തിട്ടുള്ളവരുടെ, പുരോഗമന ചിന്താധാരയിലുള്ളവരുടെ, ശാസ്ത്ര സാഹിത്യ രംഗത്തുള്ളവരുടെ പ്രതിനിധികളാണോ ഇതിൽ പങ്കെടുത്തിട്ടുള്ളത്? അതോ മറ്റുള്ളവരുടെ സ്വാധീന വലയത്തിൽ പമ്പു ചെയ്തുവിട്ടവരോ? ലോക കേരള മഹാസഭ ലോകസംസ്‌ക്കാരത്തിന്റെ വിജയമാകണം അപചയമാകരുത്. പ്രവാസികളുടെ കലവറയില്ലാത്ത പിന്തുണ ലോക കേരള സഭക്കുണ്ടോ?
ഉദയസൂര്യന്റെ പ്രഭാപൂരം പരന്ന നേരം ലോക കേരള സഭാമണ്ഡപത്തിലേക്ക് ഞൊറിഞ്ഞുടുത്ത തിളങ്ങുന്ന സാരിയും ധരിച്ചാണ് പുല്ലാംകുഴൽ വീണമീട്ടാനെത്തിയത് മാധ്യമങ്ങൾക്കൊരു അപൂർവ്വ കാഴ്ചയായി. ഈ മഹാമണ്ഡപം തീർത്ത നാളുമുതൽ പുല്ലാംകുഴൽ ലോകരാജ്യഭാരം ഏറ്റെടുത്തതാണ്. ഇറ്റലിയിൽ ദിഗ്‌വിജയം നേടിക്കഴിഞ്ഞു. അവിടുത്തെ മലയാളി പ്രജകൾ സന്തുഷ്ടരാണ്. വർഷത്തിലൊരിക്കൽ മാവേലി മന്നനെപ്പോലെ നാടുകാണാൻ വരുമ്പോൾ ഈ സിംഹാസനത്തിന്റെ ഏതെങ്കിലുമൊരു കോണിലിരുന്ന് രാജാധിരാജന്മാരെ കണ്ട് ഒരു സെൽഫിയോക്കെയെടുത്തു് മടങ്ങുകയാണ് പതിവ്. തന്റെ നാവിൽ നിന്ന് പുറത്തുവരുന്നത് സംഗീതം നിറഞ്ഞ വാക്കുകളാണ്, ദന്തപ്രഭ കണ്ടാൽ ആലിംഗനം ചെയ്യാൻ തോന്നില്ലേ? എന്നിട്ടും ദുഷ്ടന്മാർ ഉന്മുലനാശം ചെയ്യാൻ വരുന്നു. ഈ മണിവീണ നാദം കേട്ട് മടിത്തട്ടിലെടുത്തുവെച്ചു് തടവിയവർ ഇപ്പോഴും അധികാരസ്ഥാനങ്ങളിൽ ഇരിക്കുന്നില്ലേ? അവർക്കെതിരെ എന്തെങ്കിലും നടപടിയുണ്ടായോ? അവരെ ആദരപൂർവ്വം സംരക്ഷിക്കുന്നില്ലേ? ഇന്ത്യയുടെ പാർലിമെന്റിൽ എത്രയോ ക്രിമിനലുകൾ എം.പി.മാരായി നെഞ്ചുവിരിച്ചിരിക്കുന്നു. ഓരോ സംഭവങ്ങളുടെ അർത്ഥാന്തരങ്ങളിലേക്ക് വിരൽ ചുണ്ടിയാൽ വേട്ടക്കാർ പാവം സ്ത്രീകളെ മാത്രം എന്തിനാണ് ഇരകളാക്കുന്നത്? അധികാരത്തിലിരിക്കുന്ന വഞ്ചകരാൽ പീഡിപ്പിക്കപ്പെട്ടൂ കറിവേപ്പിലപോലെ വലിച്ചെറിഞ്ഞിട്ടുള്ള സ്ത്രീകളുടെ കദനകഥകൾ അറിയുമോ? ഭയം മൂലം പലരും പുറത്തുപറയാറില്ല.ഒടുവിൽ അപകീർത്തിപ്പെടുത്തുന്നു, പരിഹസിക്കുന്നു. ഇതിലൂടെ പുല്ലാം കുഴൽ നമ്മെ പഠിപ്പിക്കുന്നത് ഈ കാലത്തിന്റെ ജീർണ്ണതയും, ഒരു സ്ത്രീയുടെ ഹൃദയ നൊമ്പരവും, പുരുഷ മേധാവിത്വവുമാണ്.ലോക കേരള രാജധാനിയിൽ പുഞ്ചിരിപൊഴിച്ചു വന്ന രാജകൊട്ടാരവുമായി സമ്പർക്കമുള്ള പരിചാരകരുടെ സംരക്ഷണത്തിലെത്തിയ പുല്ലാം കുഴൽ കണ്ണിന്റെ കൃഷ്ണമണിപോലെയാണ് സഭയെ പരി ചരിക്കുന്നത്. ഇതിന് മുൻപും ഇവിടെ വന്നിട്ടുണ്ട്. ഇങ്ങോട്ട് വരുന്നത് ആരോടും പ്രണയാഭ്യർത്ഥന നടത്താ നല്ല. മറ്റുള്ളവരുടെ കുറ്റങ്ങൾ കണ്ടുപിടിക്കുന്നവർ ഈ രാജധാനിയിൽ ആരുടെയൊക്കെ കാലുപിടിച്ചു് തോളിൽ കയറിയവരെന്ന് അറിയാമോ? ലോക രാജകൊട്ടാരത്തിലെ മടിത്തിണ്ണയിൽ മഞ്ഞിൻ നിറമുള്ള വിരി പ്പിൽ അല്പനേരം വിശ്രമിക്കാനും പഞ്ചനക്ഷത്ര ഹോട്ടലിൽ നല്ലൊരു സദ്യയുണ്ണാനും പ്രവാസികളുടെ പ്രശ്‌നങ്ങൾ ഉയർത്തിപ്പിടിക്കാനുമല്ലേ ഇവിടേക്ക് വന്നത്? വികസിത രാജ്യങ്ങളിൽ പാർക്കുന്നവർ വളരെ അഭിമാനത്തോടെയാണ് ജീവിക്കുന്നത്. പുല്ലാം കുഴലിനെ തലയിലേറ്റി ലോക മഹാ സഭയുടെ കിരീടം ചാർത്തിയത് വിസ്മയത്തോടെയാണ് കണ്ടത്. ആരോടുള്ള വിധേയത്വമാണ്. കാലിന് ചുറ്റിയ പാമ്പ് കടിക്കാതെ പോകുമോ?
ഓരോരുത്തരുടെ നിന്ദ്യമായ പരിഹാസ വാക്കുകൾ കേട്ടാൽ തോന്നുക ഇവിടെയിരിക്കുന്നവരെല്ലാം പുണ്യവാളന്മാർ, പുറത്തുള്ളത് വിശുദ്ധന്മാർ. ഇവരിൽ യാതൊരു വൈകല്യങ്ങലുമില്ലേ? ഇവരെയാരും അപകീർത്തിപ്പെടുത്തിയിട്ടില്ലേ? കേസുകളിൽ പ്രതിയായിട്ടില്ല, ഇടനിലക്കാരായി നിന്നിട്ടില്ല, കൈക്കൂലി വാങ്ങിയി ട്ടില്ല, ആരെയും വഞ്ചിച്ചിട്ടില്ല, സ്ത്രീപീഡനം നടത്തിയിട്ടില്ല, കുമ്പസാരം നടത്തിയിട്ടില്ല, രഹസ്യങ്ങൾ മൂടിവെച്ചി ട്ടില്ല, അധർമങ്ങൾ ചെയ്തിട്ടില്ല, സോഷ്യൽ മീഡിയായിൽ കീർത്തിവർദ്ധിപ്പിച്ചിട്ടില്ല, അനീതിക്ക് കൂട്ടുനിന്നിട്ടില്ല. ഇങ്ങനെ പലതും പുല്ലാം കുഴലിന്റെ ഹൃദയത്തിൽ തുടിച്ചു നിന്നു. ഏത് മനുഷ്യർക്കാണ് ദുഃഖ ദുരന്തമില്ലാത്തത്? ഇതിലൊക്കെ സാഷ്ടാംഗപ്രണാമം നടത്തിയവർ ഒരു സ്ത്രീയുടെ കഴിഞ്ഞ കാല വിഴുപ്പുകൾ നിലാവിൽ കുളിച്ചു നിൽക്കുന്ന കേരള ലോക മഹാ സഭയിൽ അലക്കിതേക്കേണ്ടതുണ്ടോ? സോഷ്യൽ മീഡിയകൾ രസാഭാസങ്ങൾ നിറച്ചു് സ്തുതിപാഠകരെ കൂട്ടി കാശ് ഉത്പാദിപ്പിക്കുന്നുണ്ട്. ധനസമൃദ്ധിയിൽ അത്യാഗ്രഹമില്ലാ ത്തവരുണ്ടോ? അധികാര സമ്പൽസമൃദ്ധിയിൽ അഹംങ്കാരികളില്ലേ? ദാരിദ്ര്യത്തിൽ കഴിഞ്ഞവർ അധികാരത്തിലെത്തി ധനികരായി മാറുന്നില്ലേ? ഇതിനെപ്പറ്റിയൊന്നും വിമർശനത്തൊഴിലാളികൾ ചിന്തിക്കാറില്ല. ഈ ചരക്കുല്പാദകരോടെ യേശുക്രിസ്തു പറഞ്ഞതുപോലെ ‘പാപമില്ലാത്തവർ ഇവളെ കല്ലെറിയട്ടെ’. പുല്ലാം കുഴൽ സാക്ഷൽ സംഗീത ദേവതയാണ്.
ലോകകേരള സഭയെപ്പറ്റി പ്രതിപക്ഷത്തു നിന്ന് ഉയർന്നു കേട്ടത് ഒന്നല്ല ധാരാളമാണ്. കുറെ സമ്പന്നർ വിശപ്പും ദാഹവും തീർക്കാൻ പഞ്ചനക്ഷത്ര ഹോട്ടലിൽ വിരുന്നിന് വന്നുവെന്നാണ്. അതിന്റെ സാക്ഷ്യപത്രങ്ങളായി പ്രതിനിധികളായി ചൂണ്ടിക്കാണിക്കാൻ അറേബ്യൻ-ആഫ്രിക്കൻ നാടുകളിൽ കഷ്ടതയനുഭവിക്കുന്ന ഒരാൾ പോലുമില്ല. അതൊരു സാധാരണ തൊഴിലാളിയുടെ ബുദ്ധിശക്തിക്ക് മൂർച്ചകൂട്ടുന്ന ചോദ്യമാണ്. സമൂഹത്തിൽ ഏറ്റവും കൂടുതൽ സഹതാപമർഹിക്കുന്നവരെ കാര്യക്ഷമതയോടെ ഇതിൽ ഉൾപ്പെടുത്തണമായിരിന്നു. ആ നിരാശാബോധം പ്രവാസികളിൽ പടർന്നുകയറാൻ ഇടയായി. അധികാരശക്തികളുടെ സങ്കുചിത മനോഭാവങ്ങൾ, സ്വജനപക്ഷവാദ സമീപനം ഈ സഭയെ ദുഷിപ്പിക്കുന്നു. ഈ സഭകൊണ്ട് പ്രവാസികൾക്ക് എന്തുഗുണം? മൂന്നാം വർഷത്തിലെത്തി നിൽക്കുമ്പോൾ എന്ത് നേടി? അതൊന്നും ആർക്കുമറിയില്ല. പിന്നെ എന്തിനാണ് നാല് കോടിയിലധികം ചിലവഴിച്ചു ഈ മാമാങ്കം നടത്തുന്നത്? അതിനെ ധൂർത്തു് എന്നല്ലാതെ എന്താണ് വിളിക്കേണ്ടത്? നിഷ്പക്ഷമതികളായ ചിലർ ചോദിക്കുന്നത്. ഭരണ പ്രതിപക്ഷത്തുള്ളവർ വിദേശ പര്യടനം നടത്തുമ്പോൾ താമസിക്കാനും വഴികാട്ടാനും ശുഭകാര്യം തീർച്ചപ്പെടുത്താനുമാണോ ഈ മഹാ സഭയുണ്ടാക്കിയത്? ഈ അംഗങ്ങളെ തെരെഞ്ഞെടുത്തതിലുള്ള മാനദണ്ഡമെന്താണ്? ഭരണവർഗ്ഗ താല്പര്യം സംരക്ഷിക്കാ നുണ്ടാക്കിയ ലോക രാജധാനിക്ക് സുപ്രിം കോടതിയുടെ അനുമതിയുണ്ടോ? പ്രവാസികളനുഭവിക്കുന്ന യഥാർത്ഥ പ്രശ്‌നങ്ങളെ ഇവർ അഭിമുഖീകരിച്ചിട്ടുണ്ടോ? അതിന് മണലാരണ്യത്തിൽ താമസിക്കുന്ന തൊഴിലാളിയുടെ പ്രതിനിധി ഇവിടെയുണ്ടോ? ഗൾഫിലും ആഫ്രിക്കയിലും എത്രയോ മലയാളികൾ ജയിലിൽ കിടക്കുന്നു. അവരെ ഇവർ സന്ദർശിച്ചിട്ടുണ്ടോ? അവരുടെ പ്രശ്‌നത്തിൽ ഇടപെട്ടിട്ടുണ്ടോ? ഇതുകൊണ്ട് അവർക്ക് എന്തെങ്കിലും ഗുണമുണ്ടോ? മടങ്ങി വന്നിട്ടുള്ള പ്രവാസികളുടെ പുനരധിവാസത്തിന് എന്തെങ്കിലും ചെയ്യുന്നുണ്ടോ? നോർക്കയെ വെള്ളയാനയാക്കി മാറ്റുമോ? പാശ്ചാത്യ രാജ്യങ്ങളിൽ താമസിക്കുന്ന ഭൂരിപക്ഷമാളുകളും അവിടുത്തെ പൗരന്മാരാണ്. ഇരട്ട പൗരത്വമുള്ളവരുമുണ്ട്. ഈ സഭകൊണ്ട് അവർക്ക് എന്ത് നേട്ടമാണ് ലഭിക്കുക? അവരൊന്നും ഗൾഫിലെ പോലെ ദുരിതങ്ങൾ അനുഭവിക്കുന്നില്ല. അവരെ പ്രതിനിധികളാക്കുന്നതിന്റെ ഗുഢോദ്ദേശം എന്താണ്? അവരുടെ വസ്തുവകകൾ നാട്ടിലുണ്ടെങ്കിൽ അത് സംരക്ഷിക്കാൻ സർക്കാർ നിയമ സംവിധാനങ്ങളുണ്ട്. കേരളത്തിലെ ഭൂമാഫിയ അവരുടെ സമ്പത്തു് തട്ടിയെടുക്കാൻ ശ്രമിക്കുന്നെങ്കിൽ നിയമ നടപടികളാണ് വേണ്ടത്. അവരെ സഹായിക്കേണ്ടത് നോർക്കയുടെ ചുമതലയാണ്. ഈ സർക്കാർ പ്രവാസികളുടെ വീടിനും സ്വത്തിനും സംരക്ഷണം നിയമപരമായി ഏറ്റെടുത്തിട്ടുണ്ട്. പോലീസ് പ്രവാസി സെൽ നിലവിലുണ്ട്. പരാതികൾ ദയാപൂർവ്വം സ്വീകരിക്കുന്നു. നടപടികളുണ്ടാകുന്നു. വെബ് സൈറ്റ് ലഭ്യമാണ്.
കേരള ലോക മഹാസഭയിൽ ഏതെങ്കിലും സംഘടനകൾ വഴി ആരെങ്കിലും വന്നാൽ അവരെങ്ങനെ മലയാളികളുടെ പ്രതിനിധികളാകും? വിദേശ രാജ്യങ്ങളിൽ പാർക്കുന്ന വിശിഷ്ട വ്യക്തികളെ എന്തുകൊണ്ടാണ് പ്രതിനിധികളാക്കാത്തത്? ഏതെല്ലാം മേഖലകളിൽ നിന്നുള്ളവരാണ് ഇവിടെ പ്രതിനിധികളായി വന്നിട്ടുള്ളത്? അവരുടെ യോഗ്യത എന്താണ്?, അർഹതയുള്ളവർ എത്രപേരുണ്ട്? ഇതെല്ലം വെബ്‌സൈറ്റിൽ വെളിപ്പെടുത്തണം. സ്വന്തം ആശയങ്ങളോടെ കൂറുപുലർത്താത്ത വിഭാഗങ്ങളിലുള്ള എത്ര പ്രതിനിധികളാണ് ഇതിലുള്ളത്? ഏത് വിഭാഗം എന്നതിനേക്കാൾ ഏൽപ്പിച്ച തൊഴിലിനോട് വിശ്വസ്ഥരാണോ എന്നതാണ് പ്രധാനം. ഇവരുടെ പ്രവർത്തനങ്ങളെ വിലയിരുത്താൻ എന്ത് മാർഗ്ഗങ്ങളാണ് മുന്നോട്ടുള്ളത്? കഴിഞ്ഞ മൂന്നു വർഷങ്ങളായി ഇവർ എന്താണ് പ്രവാസികൾക്കായി ഉല്പാദിപ്പിച്ചത്? പാവങ്ങളുടെ നികുതി പണം ധുർത്തായി മാറരുത്. ആരോപണങ്ങൾ തൊടുത്തുവിടുന്നവർക്ക് ഉരുളക്ക് ഒപ്പേരിപോലെ മറുപടി കൊടുക്കാൻ ഈ മഹാ സഭക്ക് സാധിക്കണം.
മലയാളികളുടെ സംരക്ഷണമെന്ന പേരിൽ രാഷ്ട്രീയ സംഘടനയായി മാറാതിരിക്കണമെങ്കിൽ പുതിയ ഭരണക്രമം അത്യാവശ്യമാണ്. കഴിഞ്ഞ നാളുകളിൽ ചെയ്തിട്ടുള്ള പ്രവാസി ക്ഷേമപദ്ധതികൾ വെബ്‌സൈറ്റിൽ പ്രഖ്യാപിക്കണം. ലോക മഹാസഭ ഫലപ്രദമായി മുന്നോട്ട് പോകാൻ എല്ലാ തുറകളിലുള്ളവരുടെ പങ്കാളിത്തം അത്യാവശ്യമാണ്. സ്ഥാപിത താല്പര്യക്കാർ പലരും ഇതിൽ നുഴഞ്ഞു കയറിയിട്ടുണ്ട്. പ്രവാസികൾ അനുഭവിക്കുന്ന യഥാർഥ പ്രശ്‌നങ്ങളെ അഭിമുഖികരിക്കാതെ കേവലമായ പ്രസ്താവനകൾ നടത്തിയാൽ ഒന്നിനും പരിഹാരമാവില്ല. ഇങ്ങനെ സങ്കീർണ്ണങ്ങളായ പ്രക്രിയയിലൂടെയാണ് എല്ലാം കണ്ടും കേട്ടുമിരിക്കുന്ന പ്രവാസികൾ ഇതിനെ കാണുന്നത്. ആത്യന്തികമായി പറഞ്ഞാൽ പ്രവാസികളുടെ പുരോഗതിക്കായി എന്ത് ചെയ്യാൻ സാധിക്കുമെന്ന കർമ്മപദ്ധതി തയ്യാറാക്കുകയാണ് ആദ്യം വേണ്ടത്. അല്ലാതെ പുരപ്പുറത്തിരിന്ന് വഴുവഴുപ്പൻ പ്രസ്താവനകൾ കൊട്ടിഘോഷിച്ചിട്ട് കാര്യമില്ല. ഇതിലെ പദവികൾ വഹിക്കുന്നവർക്ക് ആശയമുണ്ടായിരിക്കണം, ഉത്തരവാദിത്വമുണ്ടായിരിക്കണം. അവരുടെ പ്രവർത്തനങ്ങൾ നിഷ്‌കൃഷ്ടമായി പരിശോധിക്കപ്പെടണം. അതൊരു സംസ്‌ക്കാരത്തിന്റെ ഉത്തരവാദിത്വം കൂടിയാണ്.