കൊച്ചി: ഭരണകൂടത്തെ വിമർശിക്കുന്നവരെ ബുൾഡോസർ കൊണ്ട് നേരിടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡി ബുൾഡോസറിനെ രാജ്യത്തിന്റെ ദേശീയ ചിഹ്നമാക്കി മാറ്റിയിരിക്കുകയാണെന്ന് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള അമീർ എം.ഐ അബ്ദുൽ അസീസ് പ്രസ്താവിച്ചു. ജമാഅത്തെ ഇസ്‌ലാമി പ്രവാചക നിന്ദക്കും ഉന്മൂലന രാഷ്ട്രീയത്തിനും എതിരെ എറണാകുളത്ത് സംഘടിപ്പിച്ച പ്രതിഷേധ ചത്വരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണകൂടത്തിന്റെ തന്നെ നേതൃത്വത്തിൽ ഭരണഘടനയെ അക്രമിക്കുന്ന ഭീകര പ്രവർത്തനമാണ് രാജ്യത്ത് നടക്കുന്നത്.
പൗരന്മാരോട് ബി.ജെ.പി സർക്കർ വിവേചനപൂർണമായിട്ടാണ് പ്രവർത്തിക്കുന്നത്. പ്രവാചക നിന്ദയോട് നിയമപരവും ജനാധിപത്യപരവുമായ മാർഗത്തിലൂടെ നടക്കുന്ന സമരത്തോട് സർക്കാർ സ്വീകരിച്ച നിലപാട് ഇതാണ് തെളിയിക്കുന്നത്. പൗരന്മാരെ സൈനീകവല്ക്കരിക്കാനുള്ള ആർ.എസ്.എസ് പദ്ധതിയാണ് അഗ്നിപഥ്. ഇതിനെതിരായ സമരത്തെ ബുൾഡോസർ കൊണ്ട് നേരിടാൻ സർക്കാരിന് കഴിയാത്തത് എന്തുകൊണ്ടാണെന്ന് അമീർ ചോദിച്ചു.
സാർവദേശീയ തലത്തിൽ ഇന്ത്യ തല കുനിക്കുന്ന സാഹചര്യം സൃഷ്ടിച്ചു രാജ്യത്തെ അപമാനിച്ചത് സംഘ്പരിവാറാണ്. ഇന്ത്യയുടെ ആഭ്യന്തര വരുമാനത്തിൽ പ്രതിവർഷം 179 ബില്യൺ ഡോളർ വരുമാനം നമുക്ക് ലഭിക്കുന്നത് ഗൾഫ് രാജ്യങ്ങളിൽ നിന്നുമാണ്. ആ രാജ്യങ്ങളെ ഇന്ത്യയിൽ നിന്നും അകറ്റുന്ന നടപടിയാണ് നബി നിന്ദ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുസ്‌ലിംകളെ അപരവല്‍ക്കരിക്കുന്നത് തെറ്റാണ്. ആ തെറ്റിന്റെ തുടർച്ചയിൽ സംഭവിച്ച വലിയ തെറ്റാണ് പ്രവാചക നിന്ദയിലൂടെ ബി.ജെ.പി ചെയ്തത് എന്ന് എഴുത്തുകാരൻ ബാലചന്ദ്രൻ വടക്കേടത്ത് പറഞ്ഞു. സംഘ്പരിവാർ ഹിന്ദു മതത്തെയല്ല പ്രതിനിധീകരിക്കുന്നത്. ഫാഷിസം ഇന്ത്യയുടെ ഉള്ളിൽ നിന്ന് തന്നെ ഇന്ത്യയിൽ കോളണിവൽക്കരണം നടത്തുകയാണ്. സംഘ്പരിവാറിന്റെ പ്രത്യയശാസ്ത്രം ഹിന്ദു . മഹാത്മാ ഗാന്ധിയെ വരെ സയണിസം സ്വാധീനിക്കാൻ ശ്രമിച്ചിരുന്നു. താങ്കൾ ഹിന്ദുവിന് വേണ്ടി സംസാരിക്കണം, മുസ്‌ലിംകൾക്ക് വേണ്ടി സംസാരിക്കരുത് എന്നവർ ഗാന്ധിയോട് അവർ ആവശ്യപ്പെട്ടു. പക്ഷേ ഗാന്ധി അത് അംഗീകരിച്ചില്ല. ഗാന്ധി കൊല്ലപ്പെടാൻ ഇത് കാരണമായി. ഗാന്ധിയെ കൊന്നവരെ സയണിസം സ്വാധീനിച്ചു. ഇത് ചരിത്രമാണ്. ഹിന്ദുത്വവാദികൾ എന്തുകൊണ്ട് മുസ്‌ലിം വിരുദ്ധത പ്രചരിപ്പിക്കുന്നു എന്നതിന്റെ ഒരു ഉത്തരം ഇതാണ്. അദ്ദേഹം പറഞ്ഞു.
മൈനോരിറ്റി ഫോബിയക്കെതിരിലും ഇസ്‌ലാമോഫോബിയക്കെതിരിലും ഇടതുപക്ഷം രംഗത്ത് വരണം എന്ന് പ്രൊ.കെ. അരവിന്ദാക്ഷൻ ആഹ്വാനം ചെയ്തു. ഭൂരിപക്ഷം ന്യൂനപക്ഷത്തെ വേട്ടയാടുന്ന കാലത്തേക്ക് ഗാന്ധിയുടെ ഇന്ത്യ ഇന്ന് എത്തിക്കഴിഞ്ഞു. ഒരു ബാബരി മസ്ജിദ് കൊണ്ട് മാത്രം ആർ.എസ്.എസ് തൃപ്തിപ്പെടുകയില്ല എന്ന് ഞാൻ മുമ്പേ പറയാറുണ്ടായിരുന്നു. ഇന്ന് അത് യാഥാർത്ഥ്യമായി. കാശിയിലെ ഗ്യാൻവാപിയും മഥുരയിലെ ഈദ് ഗാഹിലും സംഘ്പരിവാർ കൈ വെച്ച് കിഞ്ഞിരിക്കുന്നു. ഹിന്ദുത്വ വിരുദ്ധ ചേരി ഐക്യത്തോടെ നിൽക്കുന്നില്ല എങ്കിൽ ആർ.എസ്.എസ് ഭീഷണിയെ നേരിടാൻ നമുക്കാവുകയില്ല എന്നും അദ്ദേഹം പറഞ്ഞു.
ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് സംസ്ഥാന സെക്രട്ടറി കെ.എ യൂസുഫ് ഉമരി മുഖ്യപ്രഭാഷണം നടത്തി. പ്രൊ. കെ അരവിന്ദാക്ഷൻ ഉന്മൂലന രാഷ്ട്രീയത്തിനെതിരെ അതിജീവന ജ്വാല തെളിയിച്ചു. എം.സ്വലാഹുദ്ദീൻ മദനി, ഫാദർ പോൾ തേലക്കാട്ട്, ആനന്ദ് കൊച്ചുകുടി, വെൽഫയർ പാർട്ടി ജില്ല പ്രസിഡന്റ് ജ്യോതിവാസ് പറവൂർ തുടങ്ങിയവർ അഭിവാദ്യ പ്രസംഗങ്ങൾ നടത്തി. ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് ജില്ലാ പ്രസിഡന്റ് എം.കെ അബൂബക്കർ ഫാറൂഖി അദ്ധ്യക്ഷത വഹിച്ചു. സിറ്റി പ്രസിഡൻ്റ് എം.പി ഫൈസൽ അസ്ഹരി സ്വാഗതവും പ്രോഗ്രാം കമ്മിറ്റി ജനറൽ കൺവീനർ വി.കെ അലി കൃതജ്ഞതയും ആശംസിച്ചു. ജില്ല സെക്രട്ടറി കെ.കെ സലിം, സീനത്ത് ബാനു, എം.എ സാഹിറ, നിയാസ് പി.എൻ, അബ്ദുൽ മുഇസ്, റിസ്‌വാൻ പെരിങ്ങാല, അമീൻ കൊച്ചി, ഫാത്തിമ തസ്നിം, റിസ്‌വാന ഷിറിൻ തുടങ്ങിയവർ സംബന്ധിച്ചു.