പാലക്കാട്: ജില്ലയിൽ എസ്.എസ്.എൽ.സി,പ്ലസ് ടു എന്നവയിൽ മികച്ച വിജയം ഉണ്ടായിട്ടും പതിനായിരങ്ങൾ ഉപരിപഠനത്തിന് സീറ്റ് കിട്ടാതെ പുറത്തുനിൽക്കേണ്ട അവസ്ഥയാണുള്ളതെന്ന് ഫ്രറ്റേണിറ്റി ജില്ല സെക്രട്ടറിയേറ്റ് ചൂണ്ടിക്കിട്ടി. എസ്.എസ്.എൽ.സി വിജയിച്ച 38,972 വിദ്യാർത്ഥികൾക്കു വേണ്ടി 24,150 പ്ലസ് വൺ സീറ്റുകൾ,1725 വി.എച്ച്.എസ്.ഇ,2468 ഐ ടി.ഐ,480 പോളിടെക്നിക്ക് സീറ്റുകൾ എന്നിവയാണ് ജില്ലയിലുള്ളത്. ഇതെല്ലാം കൂട്ടിയാൽ തന്നെ ആകെ 28,823 സീറ്റുകളാണുള്ളത്. അതായത് 10,149 വിദ്യാർത്ഥികൾക്ക് പൊതുവിദ്യാഭ്യാസ മേഖലയിൽ ഉപരിപഠനത്തിന് അവസരമില്ലെന്നർത്ഥം.
ഇതിൽ തന്നെ പോളിടെക്നിക്കിന് പ്ലസ് ടു കഴിഞ്ഞ കുട്ടികൾ കൂടി അപേക്ഷിക്കും. പ്ലസ് വണ്ണിന് സേ പരീക്ഷ വിജയി കൾ,സി.ബി.എസ്.ഇ,ഐ.സി.എസ്.ഇ പത്താം തരം വിജയിച്ച വിദ്യാർത്ഥികൾ എന്നിവർ കൂടി അപേക്ഷിക്കുന്നതോടെ പ്രതിസന്ധി രൂക്ഷമാകും.
കാലാകാലങ്ങളായുള്ള സീറ്റ് പ്രതിസന്ധി പരിഹരിക്കാൻ പ്രതിഷേധങ്ങളുയരുമ്പോൾ കേവലമായ ആനുപാതിക സീറ്റു വർധനവെന്ന ചെപ്പടി വിദ്യയാണ് സർക്കാർ ചെയ്യുന്നത്. അധ്യാപക-വിദ്യാർത്ഥി അനുപാതത്തെ ഇല്ലാതാക്കി വിദ്യാഭ്യാസത്തിന്റെ ഗുണമേന്മയെ വരെ തകർക്കുന്ന ആനുപാതിക സീറ്റ് വർധനവ് അതാത് വർഷത്തേക്ക് മാത്രം നിലനിൽക്കുന്നതാണ്. വേണ്ട മുന്നൊരുക്കങ്ങൾ നടത്തി പുതിയ ബാച്ചുകൾ ഉയർത്തിയും സ്ക്കൂളകൾ അനുവദിച്ചും ഹൈസ്ക്കൂളുകളെ ഹയർസെക്കൻഡറികളായി ഉയർത്തിയും മാത്രമേ പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കാൻ കഴിയൂ.
പ്ലസ് ടുവിന് ശേഷമുള്ള സീറ്റ് പ്രതിസന്ധി ഇതിനേക്കാൾ രൂക്ഷമാണ്. പ്ലസ് ടു വിജയിച്ച 23,811 വിദ്യാർത്ഥികൾ ജില്ലയിലുള്ളപ്പോൾ ഡിഗ്രിക്കു വേണ്ടി ഗവൺമെന്റ് / എയ്ഡഡ് ആർട്സ് ആന്റ് സയൻസ് കോളേജുകളിൽ ആകെയുള്ളത് 5642 സീറ്റുകൾ മാത്രമാണ്. ഇനി പ്രൊഫഷണൽ കോഴ്സുകളുടെ സീറ്റുകളുടെ എണ്ണം എടുക്കുകയാണെങ്കിൽ ജില്ലയിൽ അവസരങ്ങൾ നന്നേ കുറവാണ്. ന്യൂ ജനറേഷൻ കോഴ്സുകളൊന്നും കാര്യമായി എവിടെയും ജില്ലയിലില്ല. ജില്ലയിൽ ഒരു ഗവൺമെന്റ് / എയ്ഡഡ് ആർട്‌സ് & സയൻസ് കോളേജ് പോലുമില്ലാത്ത 2 നിയോജക മണ്ഡലങ്ങളുണ്ട്. മലമ്പുഴയും ആലത്തൂരും. അവിടങ്ങളിൽ കോളേജുകൾ അനുവദിക്കണം. പരിമിതമായ സൗകര്യങ്ങളുള്ള ഒരു എയ്ഡഡ് ആർട്സ് ആന്റ് സയൻസ് കോളേജ് മാത്രമുള്ള ഷൊർണൂർ മണ്ഡലത്തിനും വേണം ഒരു ഗവൺമെന്റ് കോളേജ്. തമിഴ് ഭാഷ ന്യൂനപക്ഷങ്ങൾ ധാരാളമായി തിങ്ങിപ്പാർക്കുന്ന ജില്ലയിലെ കിഴക്കൻ മേഖലയിൽ തമിഴ് കോളേജ് അനുവദിക്കുകയും കായിക രംഗത്ത് ദേശീയ തലത്തിൽ തന്നെ അഭിമാനാർഹമായ നേട്ടങ്ങൾ കൈവരിക്കുന്ന പ്രതിഭകളെ വാർത്തെടുക്കുന്ന മുണ്ടൂർ / പറളി കേന്ദ്രീകരിച്ച് സ്പോർട്സ് കോളേജ് അനുവദിക്കാനും സംസ്ഥാന സർക്കാർ തയ്യാറാകണം.
സീറ്റ് ക്ഷാമം മുന്നിൽക്കണ്ട് ശാശ്വത പരിഹാരങ്ങൾ കൈക്കൊള്ളാൻ സർക്കാർ തയ്യാറായില്ലെങ്കിൽ ഫ്രറ്റേണിറ്റി ശക്തമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്ന് ജില്ല സെക്രട്ടിയേറ്റ് മുന്നറിയിപ്പ് നൽകി. കഴിഞ്ഞ വർഷം ഫ്രറ്റേണിറ്റി ജില്ലയിൽ മന്ത്രി എ.കെ ശശീന്ദ്രനെ തടഞ്ഞതടക്കമുള്ള പ്രതിഷേധങ്ങൾ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് സംഘടിപ്പിച്ചിരുന്നു. ജില്ല സെക്രട്ടറിയേറ്റ് യോഗത്തിൽ പ്രസിഡന്റ് ഫിറോസ്.എഫ്.റഹ്മാൻ, ജനറൽ സെക്രട്ടറി കെ.എം സാബിർ അഹ്സൻ,മറ്റു ഭാരവാഹികളായ നവാഫ് പത്തിരിപ്പാല,രഞ്ജിൻ കൃഷ്ണ,റഷാദ് പുതുനഗരം,ആബിദ് വല്ലപ്പുഴ,ഫിദ ഷെറിൻ,ദിവ്യ കോഷി,റഫീഖ് പുതുപ്പള്ളിതെരുവ്,സാബിത് മേപ്പറമ്പ്,സമദ് പുതുപ്പള്ളി തെരുവ്,ത്വാഹ മുഹമ്മദ് എന്നിവർ സംസാരിച്ചു.