പത്തനംതിട്ട: പുറമറ്റം പഞ്ചായത്ത് പ്രസിഡന്റിനെ ഒരു സംഘം ആക്രമിച്ചു. പ്രസിഡന്റ് സൗമ്യ ജോബിക്ക് നേരെയാണ് ആക്രമണമുണ്ടായത്. കൈയ്യേറ്റത്തിനിടെ വസ്ത്രങ്ങൾ വലിച്ചുകീറുകയും ചെയ്തു. പഞ്ചായത്ത് ഓഫീസിന് മുന്നിൽ വെച്ചായിരുന്നു ആക്രമണം. ഓഫീസിലേക്ക് പോവുകയായിരുന്ന ഇവരെ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. കൈയ്യിലുണ്ടായിരുന്ന ബാഗ് പിടിച്ചു വാങ്ങി. പ്രസിഡന്റ് സ്ഥാനത്തേക്ക് ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് സൗമ്യ മത്സരിച്ചത്.
തിരഞ്ഞെടുപ്പ് സമയത്ത് ധാരണ പ്രകാരം ഒരു വർഷമായിരുന്നു പ്രസിഡന്റ് പദവിയില്‍ സൗമ്യയുടെ കാലാവധിയെന്ന് പാർട്ടി വൃത്തങ്ങൾ പറഞ്ഞു. എന്നാൽ, രാജിവെക്കാത്തതിനാൽ ഇന്നലെ എൽഡിഎഫ് അംഗങ്ങൾ തന്നെ ഇവർക്കെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. എന്നാൽ, ക്വാറം തികയാത്തതിനാൽ പ്രമേയം ചർച്ചയ്ക്ക് എടുത്തില്ല. സൗമ്യയെ ആക്രമിക്കാൻ സാധ്യതയുണ്ടാകാമെന്ന സാഹചര്യത്തിൽ ഇവർക്ക് പോലീസ് സംരക്ഷണം നൽകിയിരുന്നു.
പഞ്ചായത്തിലെ ജീപ്പ് ഒരുസംഘം കഴിഞ്ഞദിവസം തല്ലിത്തകര്‍ത്തിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെ പഞ്ചായത്തിലേക്ക് എത്തിയപ്പോഴായിരുന്നു ആക്രമണം. അവിശ്വാസത്തിന് പിന്നാലെ ഇവര്‍ കോണ്‍ഗ്രസിന് ഒപ്പം ചേര്‍ന്നിരുന്നു. അതുകൊണ്ട് എല്‍ഡിഎഫ് അംഗങ്ങളാണ് ആക്രമിച്ചതെന്ന് സൗമ്യ ആരോപിച്ചു. പൊലീസില്‍ പരാതി നല്കി.