കാബൂള്‍: അഫ്ഗാനിസ്ഥാനിലെ വിനാശകരമായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം വർദ്ധിച്ചതോടെ, പ്രതിസന്ധിയിലായ രാജ്യത്തിന് പരിക്കേറ്റവരെ ചികിത്സിക്കാൻ മതിയായ മരുന്നുകളും ഉപകരണങ്ങളും ഇല്ലെന്ന് പറഞ്ഞ് താലിബാൻ അന്താരാഷ്ട്ര സമൂഹത്തോട് സഹായം അഭ്യർത്ഥിച്ചു.
1,150 പേരെങ്കിലും മരിച്ചതായി കണക്കാക്കപ്പെട്ടിട്ടുണ്ട്. മലകളാല്‍ ചുറ്റപ്പെട്ട രാജ്യത്തിന്റെ പർവതപ്രദേശമായ തെക്കുകിഴക്കൻ മേഖലയിൽ തിരച്ചിലുകള്‍ക്കും രക്ഷാപ്രവർത്തനങ്ങൾക്കും തടസ്സങ്ങൾ നേരിടുന്നതിനാൽ മരിച്ചവരുടെ എണ്ണം ഇനിയും വർദ്ധിക്കുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
ഖോസ്റ്റ് പ്രവിശ്യയിലെ ഒരു ജില്ലയിൽ മാത്രം, ഭൂകമ്പത്തിൽ 25 പേർ കൊല്ലപ്പെടുകയും 95 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പ്രാദേശിക ഉദ്യോഗസ്ഥർ പറഞ്ഞു.
ബുധനാഴ്ചത്തെ ഭൂകമ്പത്തിൽ രണ്ടായിരത്തിലധികം പേർക്ക് പരിക്കേറ്റതായും പതിനായിരത്തിലധികം വീടുകൾ പൂർണമായോ ഭാഗികമായോ തകർന്നതായും ഇടക്കാല സർക്കാരിന്റെ ദുരന്തനിവാരണ മന്ത്രാലയത്തിന്റെ വക്താവ് മുഹമ്മദ് നാസിം ഹഖാനി മാധ്യമങ്ങളോട് പറഞ്ഞു.
ആരോഗ്യ മന്ത്രാലയത്തില്‍ ആവശ്യത്തിന് മരുന്നുകളില്ല, ഞങ്ങൾക്ക് വൈദ്യസഹായവും മറ്റും ആവശ്യമാണ്. ഇതൊരു ദുരന്തമാണെന്നും അദ്ദേഹം പറഞ്ഞു.
ബുധനാഴ്ച പുലർച്ചെയാണ് 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്.
കാബൂളിലെ കെയർടേക്കർ സർക്കാർ അന്താരാഷ്ട്ര സമൂഹത്തോടും ആഗോള ജീവകാരുണ്യ സംഘടനകളോടും ഭൂകമ്പത്തിൽ നാശനഷ്ടമുണ്ടായവരെ സഹായിക്കണമെന്ന് അഭ്യർത്ഥിച്ചു.
രാജ്യത്തിന്റെ സ്വത്തുക്കൾ വിട്ടുകിട്ടാനുള്ള അമേരിക്കയോടുള്ള അഫ്ഗാനിസ്ഥാന്റെ ആഹ്വാനവും താലിബാൻ അടിയന്തരമായി പുതുക്കിയിട്ടുണ്ട്. രാജ്യത്തിന്റെ സെൻട്രൽ ബാങ്കിൽ നിന്ന് ഏകദേശം 7 ബില്യൺ ഡോളർ അഫ്ഗാൻ ഫണ്ടുകൾ അമേരിക്കയിൽ മരവിപ്പിച്ചിട്ടുണ്ട്.
ഫെബ്രുവരിയിലാണ് യു എസ് പ്രസിഡന്റ് ജോ ബൈഡൻ ഒരു എക്സിക്യൂട്ടീവ് ഉത്തരവിലൂടെ അഫ്ഗാൻ സ്വത്തുക്കൾ പിടിച്ചെടുക്കുകയും പകുതി അഫ്ഗാനിസ്ഥാന് മാനുഷിക സഹായത്തിനായി നിയുക്തമാക്കിയ ഫണ്ടിലേക്ക് മാറ്റുകയും ചെയ്തത്. എന്നാല്‍, അഫ്ഗാൻ ഫണ്ടിന്റെ ബാക്കി പകുതി മോചിപ്പിക്കാത്തത് 9/11 ആക്രമണത്തിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇരകളുടെ കുടുംബത്തിന്റെ കേസ് നിലനില്‍ക്കുന്നതുകൊണ്ടാണെന്നാണ് ബൈഡന്റെ വാദം.
അഫ്ഗാനിസ്ഥാന്റെ സമ്പദ്‌വ്യവസ്ഥ തകർച്ചയുടെ വക്കിലായിരിക്കുമ്പോഴും പണപ്പെരുപ്പം കുതിച്ചുയരുമ്പോഴും ദശലക്ഷക്കണക്കിന് അഫ്ഗാനികൾ പട്ടിണിയുടെ വക്കിൽ ആയിരിക്കുമ്പോഴും മരവിപ്പ് തുടരുകയാണ്. എന്നാല്‍, മാനുഷിക പ്രതിസന്ധികളോടുള്ള വാഷിംഗ്ടണിന്റെ നിസ്സംഗത എല്ലാവർക്കും അറിയാവുന്നതാണ്.
2002-ൽ വടക്കൻ അഫ്ഗാനിസ്ഥാനിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ ആയിരത്തോളം പേർ കൊല്ലപ്പെട്ടതിനുശേഷം ഹിന്ദുകുഷ് പർവതനിരകളുടെ മടിത്തട്ടിലുള്ള അഫ്ഗാനിസ്ഥാനിൽ ഉണ്ടായ ഏറ്റവും മാരകമായ ഭൂകമ്പമാണിത്.
അതിനുമുമ്പ്, 1998-ൽ, വടക്കുകിഴക്കൻ അഫ്ഗാനിസ്ഥാനിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പവും തുടർന്നുണ്ടായ ഭൂചലനവും കുറഞ്ഞത് 4,500 പേരുടെ മരണത്തിന് കാരണമായി.