കോട്ടയം: സുപ്രീം കോടതി വിധിച്ച ഒരു കിലോമീറ്റര്‍ ബഫര്‍ സോണ്‍ നിര്‍ദ്ദേശത്തിനെതിരെയുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കങ്ങളില്‍ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ 2019 ഒക്‌ടോബറിലെ മന്ത്രിസഭാതീരുമാനം അടിയന്തരമായി റദ്ദ് ചെയ്യണമെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് പാരിസ്ഥിതിക ദുരന്തങ്ങള്‍ ഉണ്ടാകുന്നത് കണക്കിലെടുത്ത് സംരക്ഷിത വനമേഖലകളോടും ദേശീയ ഉദ്യാനങ്ങളോടും ചേര്‍ന്നുകിടക്കുന്ന മനുഷ്യവാസകേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള സംരക്ഷിത പ്രദേശങ്ങള്‍ക്ക് ചുറ്റും ഒരു കിലോമീറ്റര്‍ വരെ ഇക്കോ സെന്‍സിറ്റീവ് മേഖലയായി നിശ്ചയിച്ചുകൊണ്ട് കരട് വിജ്ഞാപന നിര്‍ദ്ദേശങ്ങളില്‍ മാറ്റം വരുത്താന്‍ മന്ത്രിസഭയെടുത്ത തീരുമാനം നിലനില്‍ക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ നടത്തുന്ന നീക്കങ്ങള്‍ ഗുണം ചെയ്യില്ല. ഈ തീരുമാനം ഉയര്‍ത്തിപ്പിടിച്ച് പരിസ്ഥിതിമൗലികവാദ സംഘടനകള്‍ കോടതിയെ സമീപിക്കാനുള്ള നീക്കങ്ങള്‍ അണിയറയിലുണ്ട്. എന്നാല്‍ ഈ മന്ത്രിസഭാതീരുമാനം കൊച്ചിനഗരത്തിലെ മംഗളവനത്തിലും നടപ്പാക്കിയാല്‍ വന്‍കിട നഗരവാസികള്‍ക്കുണ്ടാകുന്ന ഭവിഷ്യത്തുകള്‍ തിരിച്ചറിഞ്ഞതുകൊണ്ടാണ് പൂജ്യം മുതല്‍ ഒരു കിലോമീറ്റര്‍ വരെ ബഫര്‍സോണ്‍ എന്ന് പിന്നീട് തിരുത്തിയതും കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് കൈമാറിയതും.
ബഫര്‍ സോണിന്റെ പേരില്‍ ഇരുമുന്നണികളും തെരുവില്‍ സൃഷ്ടിക്കുന്ന അക്രമ കലാപത്തിനു പിന്നില്‍ രാഷ്ട്രീയ മുതലെടുപ്പും ജനകീയ വിഷയങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടവുമാണ്. മലയോരജനതയെ സംരക്ഷിക്കാന്‍ വേണ്ടിയല്ല ഇത്തരം രാഷ്ട്രീയ തട്ടിപ്പുനാടകങ്ങള്‍. 2011ല്‍ ബഫര്‍ സോണ്‍ 10 കിലോമീറ്ററായി നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് ഉത്തരവിറക്കിയത് കോണ്‍ഗ്രസ് നേതൃത്വ യുപിഎ സര്‍ക്കാരാണ്. പശ്ചിമഘട്ടത്തെയൊന്നാകെ പരിസ്ഥിതിലോലമാക്കാന്‍ അധികാരനാളുകളില്‍ ശ്രമിച്ചവരാണ് ഇപ്പോള്‍ പ്രതിപക്ഷത്തായിരിക്കുമ്പോള്‍ ബഫര്‍ സോണിനെതിരെ സമരം ചെയ്യുന്നത്. 2011 ലെ നിര്‍ദ്ദേശത്തിന് മറുപടി കൊടുക്കാന്‍ മുന്‍ യുഡിഎഫ് സര്‍ക്കാര്‍ തുനിഞ്ഞില്ല. 2019 ലാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ പൂജ്യം മുതല്‍ ഒരു കിലോമീറ്റര്‍ വരെ ബഫര്‍ സോണ്‍ എന്ന നിര്‍ദ്ദേശം സമര്‍പ്പിച്ചത്. ഇരുമുന്നണികളും ബഫര്‍സോണ്‍ വന്യമൃഗസങ്കേതങ്ങളുടെയും വനത്തിന്റെയും അതിര്‍ത്തിക്കുള്ളിലെന്ന ഉറച്ച തീരുമാനം സ്വീകരിക്കണമെന്നും കാര്‍ബണ്‍ ഫണ്ടിനുവേണ്ടി വനംവകുപ്പ് ഉന്നതര്‍ രാജ്യാന്തര ഏജന്‍സികളുമായി ചേര്‍ന്ന് നടത്തുന്ന കൂട്ടുകച്ചവടത്തിന്റെ രേഖകള്‍ ഇന്‍ഫാം പുറത്തുവിടുമെന്നും വി.സി, സെബാസ്റ്റ്യന്‍ പറഞ്ഞു.