പിറ്റേന്ന് കാലത്ത് രണ്ട് തവിട്ടു നിറമുള്ള കുതിരകള്‍ കെട്ടിവലിക്കുന്ന ഒരു വില്ലുവണ്ടി ജിയോവാനിയുടെ വീടിന്റെ പുമുഖത്തുള്ള ഉദ്യാനത്തിലേക്കു കടന്നുവന്നു. അതില്‍ നിന്ന് ഗാംഭീര്യം തുടിക്കുന്ന ഒരു മദ്ധ്യവയസ്ക്കന്‍ ഇറങ്ങിവന്നു. ഏതാണ്ട് മുപ്പതുമുപ്പത്തിയഞ്ചു വയസ്സു തോന്നിക്കുന്ന ഒരു മാന്യന്‍. അദ്ദേഹം നീളം കൂടിയ ഓവര്‍കോട്ട് ധരിച്ച്, വെളുത്ത ഉടുപ്പില്‍ കറുത്ത ബോ കെട്ടി പൊക്കമുള്ള കറുത്ത തുകല്‍ത്തൊപ്പി ധരിച്ചിരുന്നു.
ലുഡ്‌വിക്കോ ബുവോണാററ്റി സിമോനി! അദ്ദേഹത്തെ ജിയോവാനി ഹസ്തദാനം നല്‍കി ആദരിച്ചു. ജിയോവാനിക്കു പിന്നാലെ സാന്റീനായും ഇറങ്ങി വന്നു. ലുഡ്‌വിക്കോ സാന്റീനയുടെ കരം ചുംബിച്ച് സ്നേഹവും ആദരവും പ്രകടിപ്പിച്ചു.
സാന്റീനാ വിളിച്ചു: മൈക്ക്, നിന്റെ അപ്പന്‍ നിന്നെ കാണാനെത്തിയിരിക്കുന്നു. മൈക്കെലാഞ്ജലോ വീടിനുള്ളില്‍നിന്ന് ആഹ്ലാദത്തോടെ ഇറങ്ങി വന്നു. ലുഡ്‌വിക്കോ സ്നേഹപൂര്‍വ്വം അവന്റെ നെറുകയില്‍ ചുംബിച്ചു. എങ്കിലും അയാള്‍ഗൗരവം വിട്ടില്ല. ജിയോവാനി ഓര്‍ത്തു, അല്ലെങ്കിലും ലുഡ്‌വിക്കോ ബുവോണാററ്റി അങ്ങനെതന്നെ എപ്പോഴും. ഗൗരവക്കാരന്‍! ഒരിക്കലും ചിരിക്കുകയോ, പുഞ്ചിരിക്കുകയോ ചെയ്യാത്ത പ്രകൃതക്കാരന്‍. അദ്ദേഹം അങ്ങനെയിരിക്കുന്നതു നല്ലതു തന്നെ. ഫ്ലോറന്‍സിലെ ഒരു ബഹുമാന്യന്‍. ഫ്ലോറന്‍സില്‍പ്പെട്ട കരപസി പട്ടണത്തിലെ മേയര്‍. പ്രധാന ജഡ്ജ്. അവരുടെ അപ്പനപ്പൂപ്പന്മാരായി ഇടപ്രഭുക്കള്‍. ഫ്ലോറന്‍സിലെ ഭരണാധികാരി, മെഡീസി പ്രഭുക്കന്മാരായി അടുപ്പമുള്ളവര്‍. എന്നാലിപ്പോള്‍ ലുഡ്‌വിക്കോയുടെ ഈ വരവ് അപ്രതീക്ഷിതമായതിന് എന്തു കാരണമെന്നു ചിന്തിക്കവേ ലുഡ്‌വിക്കോ പറഞ്ഞു:
ഞാന്‍ മൈക്കിനെ തിരികെ കൊണ്ടുപോകാന്‍ വന്നതാണ്.
സാന്റീനാ ഉദ്വേഗത്തോടെ ചോദിച്ചു: എന്തേ, ഇപ്പോള്‍?
ലുഡ്‌വിക്കോ ശാന്തതയില്‍ പ്രതിവചിച്ചു: അതേ, ഇന്നലെ രാത്രി മൈക്കിന്റെ അമ്മ, ഫ്രാന്‍സിസ്‌ക മരിച്ചു. തന്നെയുമല്ല അടുത്ത വര്‍ഷം മൈക്കിന് ഏഴു വയസ്സു തികയുമല്ലോ. അപ്പോള്‍ അവനെ ഗ്രാമര്‍ സ്കൂളില്‍ അയക്കാമെന്ന് കരുതുന്നു. അതുകൊണ്ട് ഇനിയും എന്റെ മക്കള്‍ എന്റെ കൂടെ നില്‍ക്കട്ടെ എന്ന് വിചാരിക്കുന്നു. എനിക്കു വീട്ടില്‍ രണ്ടു പെണ്‍വാല്യ ക്കാരുണ്ട്. എന്റെ മക്കളെ ഇനിയും അവര്‍ നോക്കട്ടെ.
സാന്റീനാ ഫ്രാന്‍സിസ്ക്കായുടെ മരണത്തില്‍ ഖേദമറിയിച്ചു: അങ്ങയുടെ ദുഃഖത്തില്‍ ഞങ്ങളും പങ്കുചേരുന്നു. ഒരു അജ്ഞാതരോഗം എന്നും ഒരു വെല്ലുവിളിയാണ്. ഭിഷഗ്വരന്മാര്‍ നിസ്സഹായരാണ്. അങ്ങയുടെ ഭാര്യയുടെ ആത്മശാന്തിക്കായി ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.
മൈക്കിളുമായി ലുഡ്‌വിക്കോ സ്വദേശമായ കാപ്രസിയിലേക്ക് പോയി. അവന്റെ വീട് നിശബ്ദമായിരുന്നു. അവന്റെ അമ്മ മരിച്ചിരിക്കുന്നു. മരണത്തെപ്പറ്റി മൈക്കിള്‍ ചിന്തിച്ചു തുടങ്ങിയിരുന്നതേയുള്ളൂ. അവന് അത് അത്ര തന്നെ ധാരണയില്ല. എങ്കിലും നിത്യമായ വേര്‍പാടാണെന്ന് ഒരു ധാരണ പള്ളികളില്‍ നിന്നോ മറ്റോ ഒക്കെ കേട്ടിട്ടുണ്ട്. എന്തായാലും ദുഃഖംതന്നെ. അടക്കിയ സ്വരത്തില്‍ ബന്ധുക്കള്‍ തേങ്ങിക്കരയുന്നുണ്ട്. ഇതുവരെ അമ്മയുടെ സാമീപ്യവും സ്നേഹവുമറിയാന്‍ അവനോ സഹോദരങ്ങള്‍ക്കോ കഴിഞ്ഞിട്ടില്ല. ഒരു കാരൃത്തില്‍ മൈക്കിള്‍ ആശ്വാസം കണ്ടെത്തി. പിരിഞ്ഞു പല ഇടങ്ങളിലായി ആയമാരുടെ സംരക്ഷണത്തിലായിരുന്ന സഹോദരന്മാര്‍ ഒന്നിക്കുന്നു. മുത്ത സഹോദരന്‍ ബുവോണറററ്റി ഇടയ്ക്കിടെ തേങ്ങിക്കരയുന്നു. ഇളയവന്‍ ജിയോവാന്‍സിമോണ അമ്മയുടെ തലയ്ക്കല്‍ കത്തിച്ചു വെച്ച മെഴുകുതിരിക്കാലില്‍ പറ്റിപ്പിടിക്കുന്ന ഷഡ്പദങ്ങളെ നോക്കി അത്ഭുതം കൂറി നില്‍ക്കുന്നു. ഇളയ രണ്ടു വയസ്സുകാരന്‍ ജിസമിന്‍ഡോ അവിടവിടെ പിച്ചനടക്കുകയും ഇടയ്ക്കിടെ വീഴുകയും ചെയ്തുകൊണ്ടിരിക്കുന്നു.
കാലം വീണ്ടും കറങ്ങി. മൈക്കും സഹോദരന്മാരും വളരുകയായിരുന്നു. ആയിടെ പല മാറ്റങ്ങളും സംഭവിച്ചു. പച്ച പരിഷ്ക്കാരിയായ ഒരു സ്ത്രീയെ ലുഡ്‌വിക്കോ വീണ്ടും വിവാഹം ചെയ്തു. ഒരു പ്രഭ്വുനി, ലുക്രേസ്യാ! ധാരാളം സമ്പത്തുമായി വന്ന ഒരു സുന്ദരി. വിശേഷപ്പെട്ട കല്ലുകള്‍ കോര്‍ത്ത മാല അവര്‍ ധരിച്ചിരുന്നു. കാതില്‍ കല്ലുകള്‍ പതിപ്പിച്ച കര്‍ണ്ണാഭരണം. തലയില്‍ പട്ടില്‍ തുന്നിയ വിശേഷപ്പെട്ട തൊപ്പി. നടപ്പിലും എടുപ്പിലും അവര്‍ക്ക് പ്രത്യേക ചന്തമുണ്ടായിരുന്നു. അപ്പനോട് അധികാരസ്വരത്തിലായിരുന്നു അവരുടെ സംഭാഷണം തന്നെ. ലുക്രേസ്യായുടെ വരവ് മൈക്കിന് ഇഷ്ടമായില്ല. മരണപ്പെട്ടു പോയ സ്വന്തം അമ്മയുടെ സ്ഥാനത്ത് ആ അഹങ്കാരിയായ സ്ത്രീയെ പ്രതിഷ്ഠിക്കാന്‍ അവന്‍ താല്‍പര്യപ്പെട്ടില്ല. അവന്‍ എപ്പോഴും കേട്ടുകൊണ്ടിരുന്നത് ലുക്രേസ്യായുടെ പരുഷമായ വാക്കുകളാണ്.
ലുഡ്‌വിക്കോ നിങ്ങളുടെ മക്കള്‍ ആയമാര്‍ താലോലിച്ച് വഷളാക്കപ്പെട്ടവരാണ്. അവരെ നല്ല ശിക്ഷണത്തില്‍ വളര്‍ത്തണം. ഒരമ്മയുടെ സ്നേഹം കാംക്ഷിച്ച മൈക്ക് വീണ്ടും വ്യാകുലനായി. നിങ്ങളുടെ മൂത്ത രണ്ടു മക്കളെ ബനഡിക്ടന്‍ സന്യാസിമാര്‍ നടത്തുന്ന കത്തീഡ്രലിനോട് ചേര്‍ന്ന ഗ്രാമര്‍ സ്‌കുളിലയയ്ക്കണം. അവര്‍ അവിടെ തന്നെ ബോര്‍ഡിങ്ങില്‍നിന്ന് നല്ല ശിക്ഷണത്തിലും ദൈവഭയത്തിലും വളരട്ടെ. താഴെയുള്ള കുട്ടികള്‍ സ്‌കൂളില്‍ പോകും വരെ ഞാന്‍ നല്ല ശിക്ഷണത്തില്‍ വളര്‍ത്താം. എന്നാല്‍ ലുഡ്‌വിക്കോ അതനുസരിക്കുകയല്ലാതെ മറുത്തൊന്നും ലുക്രേസ്യയോടു പറയാന്‍ തയ്യാറായില്ല. ലുക്രേസ്യാ ധാരാളം സമ്പത്തുമായി വന്ന പ്രഭുവനിത എന്ന നിലയില്‍ ലുഡ്‌വിക്കോ അവരുടെ ആജ്ഞാനുവര്‍ത്തിയായി. അപ്രകാരം ബുവോണാററ്റിയും മൈക്കെലാഞ്ജലോയും ഡോമിനിക്കന്‍ ഗ്രാമര്‍ സ്കൂളിലെ അന്തേവാസികളായി. കടുത്ത ശിക്ഷണത്തില്‍ പഠനം ആരംഭിച്ചു. നേരം പുലരും മുമ്പ് ഉണര്‍ന്ന് പള്ളിയില്‍ പോകണം. അതു കഴിഞ്ഞ് പ്രഭാത ഭക്ഷണം. സൂര്യന്‍ ഉദിക്കുമ്പോള്‍ത്തന്നെ പഠനം ആരംഭിക്കും. മദ്ധ്യാഹ്നത്തില്‍ ഡിന്നര്‍. അതുകഴിഞ്ഞ് ഒരു ഉച്ചയുറക്കം. അതിനു ശേഷം സൂര്യന്‍ പടിഞ്ഞാട്ടു ചായുമ്പോള്‍ പലതരം കളികള്‍. പിന്നീട് കുളി കഴിഞ്ഞ് അത്താഴം. അതിനുശേഷം ഗൃഹപഠനങ്ങള്‍ ചെയ്യണം. പത്തു മണിക്ക് കത്തീഡ്രല്‍ പള്ളിയിലെ വലിയ മണികള്‍ മുഴുങ്ങുമ്പോള്‍ ഉറങ്ങണം.
കാലങ്ങള്‍ കടന്നുപോയപ്പോള്‍ മൈക്കെലാഞ്ജലോ തന്റെ സ്വന്തം വീക്ഷണങ്ങള്‍ക്ക് രൂപം കൊടുത്തു. കുറേയൊക്കെ പഠിച്ചു. ലാറ്റിന്‍, ഗ്രീക്ക്, കാറ്റിക്കിസം, നവോത്ഥാനം. ഫ്ളോറന്‍സിന്റെ ചരിത്രം അവിടത്തെ ഭരണാധിപന്മാരായ പ്രഭുക്കള്‍, സഞ്ചാര ചരിത്രം, പ്രശസ്തരായ കപ്പലോട്ടക്കാര്‍ ഗോഥിക് ഭവന നിര്‍മ്മാണ വാസ്തുശില്പം, പച്ചമരുന്നുകളുടെ ചരിത്രം, പ്രശസ്ത ചിത്രകാരന്മാര്‍, ശില്പികള്‍, ഭിഷഗ്വരന്മാര്‍, പോപ്പുമാര്‍, രാജാക്കന്മാര്‍, കവികളായ ഹോമര്‍, സാഫോ, തത്ത്വചിന്തകർ, ബുദ്ധിജീവികള്‍, സോക്രട്ടീസ്, പ്ലേറ്റോ, അരിസ്റ്റോട്ടില്‍, പിത്താഗോറസ്, വാനശാസ്ത്രം, മാത്തമാറ്റിക്സ്,
പൗര ധര്‍മ്മം എന്നിവയൊക്കെ.
പതിമൂന്ന് വയസ്സെത്തിയപ്പോള്‍ മൈക്കെലാഞ്ജലോയ്ക്ക് പഠനത്തില്‍ താല്പര്യം കുറഞ്ഞു. കുറെയൊക്കെ പഠിച്ചു. ഇനി എന്തു പഠിക്കാന്‍! ഉന്നതകുലജാതന്മാര്‍ ഏറെ പഠിക്കും. ചിലരൊക്കെ ബ്രഹ്മചാരികളാകും. സന്യാസിമാര്‍, കര്‍ദിനാള്‍, പോപ്പ് ഇങ്ങനെ ഇതിലൊന്നിലും മൈക്കിളിന്റെ മനസ്സ് സന്തോഷം കണ്ടെത്തിയില്ല. എന്താണ് സന്തോഷം! സ്വന്തം ഇച്ഛകളെ പൂര്‍ണ്ണമാക്കാന്‍ കഴിയുന്നതെന്തും. പണ്ടും, ഇന്നും ഒരേയൊരു മോഹം പുവിട്ടു തളിര്‍ക്കുന്നു. ഈ അടുത്തയിടയാണ് അത്തരമൊരു മോഹത്തിന്റെ ശക്തമായ ചുഴിയിലേക്കിറങ്ങിപ്പോയത്.
ഫ്ളോറന്‍സിലെ സാന്താക്രൂസ് ദേവാലയത്തിനു മുമ്പില്‍ നിന്നപ്പോള്‍ മഹാ ശില്പിയായിരുന്ന ഡൊണാറ്റല്ലോ തീര്‍ത്ത ആള്‍ രൂപ വലിപ്പത്തിലുള്ള ക്രൂശിത രൂപം! വ്യത്യസ്തമായ കുരിശു രൂപം. ആരും ഒരുനിമിഷം നിര്‍ന്നിമേഷരായി നിന്നുപോകും. അത്തരമൊന്ന് ഒരിക്കലും കണ്ടിട്ടില്ല. യേശുവിന്റെ കുരിശുമരണവ്യഥകള്‍ ആ ശില്പത്തില്‍ നിറഞ്ഞു നില്‍ക്കുന്നു. വെണ്ണക്കല്ലില്‍ കൊത്തി, ചെത്തി മിനുക്കിയ സിഡാര്‍ മരക്കുരിശില്‍ തുങ്ങിയ രൂപം, മുള്‍മുടി ധരിച്ച് രക്തക്കറകളോടെ വലതുതോളിലേക്ക് തലചായ്ച്ച ക്രൂശിത രൂപം! ദുഃഖത്തിന്റെയും പീഡനത്തിന്റെയും സഹനത്തിന്റെയും രൂപഭേദഭാവങ്ങള്‍ മൈക്കിള്‍ ആ രൂപത്തില്‍ ദര്‍ശിച്ചു. ഇങ്ങനെ ഒരു ശില്പം പൂര്‍ണ്ണതയിലേക്ക് എത്തിച്ചേരാന്‍ കഴിയുന്ന ഒരു ശില്പിയാകാന്‍ കഴിയുക. അതില്‍പ്പരം എന്തു സായുജ്യം! എന്നാല്‍ അപ്പന്‍ ഒരു യാഥാസ്ഥിതികനാണ്. സ്വന്തം ഇഷ്ടങ്ങളെ മാത്രം മാനിക്കുന്ന ഒരു മുന്‍കോപക്കാരന്‍. രണ്ടാനമ്മ ലുക്രേസ്യയെ മാത്രമേ അപ്പന്‍ അനുസരിക്കൂ. അവരുടെയൊക്കെ ചിന്തയില്‍ ശില്പിക്ക് എന്തു സ്ഥാനം. വെറും കല്ലുവെട്ടുകാരന്‍! ഒരിക്കല്‍ വീട്ടില്‍ അവധിക്കെത്തിയപ്പോള്‍ അപ്പന്‍ വെറുതെ ചോദിച്ചു;
നിന്റെ പഠനം കഴിഞ്ഞ് നിനക്കെന്താകാനാണ് ആഗ്രഹം?
ഒരു ശില്പിയാകാന്‍!
വെറുമൊരു കല്ലുവെട്ടുകാരനാകാനോ, അതു സാദ്ധ്യമല്ല! കുറഞ്ഞ പക്ഷം എന്നെപ്പോലെ, മജിസ്ട്രേട്ട് അല്ലെങ്കില്‍ മേയര്‍, അതുമല്ലെങ്കില്‍ നമ്മുടെ അപ്പനപ്പുപ്പന്മാരെപോലെ കമ്പിളി കയറ്റി അയയ്ക്കുന്ന ഒരു വലിയ വ്യാപാരിയാകുക.
അടുത്തു നിന്ന ലുക്രേസ്യാ പറഞ്ഞു;
ഇതിലൊക്കെ നല്ലത് ഒരു കര്‍ദിനാള്‍ ആകുകയാണ്. ഭാഗ്യമുണ്ടെങ്കില്‍ പോപ്പ് വരെയാകാം. ഇന്ന് ലോകത്ത് അതില്‍പ്പരം പ്രശസ്തിയുള്ള ഏതു പദവിയുണ്ട്. എന്റെ ആങ്ങളയുടെ മകന്‍ ഉന്നത പഠനത്തിനുശേഷം കര്‍ദിനാളായി അവരോധിക്കപ്പെട്ടിട്ടുണ്ട്. ഇരുപത്തിരണ്ടാം വയസ്സില്‍. ഒരു രാജാവിനുപോലും ഇല്ലാത്ത പദവി! അതുമതി. അതാണ് എനിക്കു താല്പര്യം!
ലുഡ്‌വിക്കോ നെറ്റി ചുളിച്ചു
അപ്പോള്‍ ബ്രഹ്മചാരി ആയിരിക്കണമല്ലോ!
അതിനെന്താ, നമ്മള്‍ അങ്ങനെ തീരുമാനിക്കണം. നിങ്ങള്‍ക്ക് മുന്ന് ആണ്‍മക്കള്‍ കൂടിയുണ്ടല്ലോ. അവര്‍ വിവാഹം കഴിച്ചാല്‍ വംശവര്‍ദ്ധനവ് ഉണ്ടായി കുടുംബ പാരമ്പര്യം നിലനിര്‍ത്താമല്ലേോ. ഞാന്‍ മൈക്കിളിനെ നിർദ്ദേശിക്കുന്നതിന് ഒരു കാരണം കൂടിയുണ്ട്. അവന്‍ ഒരല്പം അധിക പ്രസംഗി ആണെങ്കില്‍ത്തന്നെ ഒരു പോപ്പിന്റെ സ്ഥാനത്തേക്ക് സാമര്‍ത്ഥ്യത്തോടെ കടന്നുവരാന്‍ അവനേ കഴിയു. നിങ്ങളുടെ മറ്റു മൂന്നു മക്കള്‍ തണുപ്പന്മാരാണ്. ആര്‍ക്കും കീഴ്പ്പെടുന്നവര്‍, വാചാലത ഇല്ലാതെ പച്ചപ്പാവങ്ങള്‍, അവര്‍ ഉയരങ്ങളിലെത്തില്ല.
മൈക്കിന്റെ മനസ്സ് ചിത്രകലയിലും ശില്പകലയിലും ഉറച്ചുനിന്നു. ആയിടെ അവനൊരു ആത്മസുഹൃത്തിനെ കിട്ടി. ഗ്രാമര്‍ സ്‌കുളില്‍ പഠിച്ചു കൊണ്ടിരുന്ന ഒരു സീനിയര്‍ വിദ്യാര്‍ത്ഥി. ഒന്നിച്ച് കത്തീഡ്രലില്‍ കോറസ്സില്‍ പാടുന്നവര്‍. അവനേക്കാള്‍ അഞ്ചു വയസ്സുകൂടി മൂപ്പെത്തിയ ഫ്രാന്‍സിസ്‌കോ ഗ്രനാസി. അതിനൊരു നിമിത്തമുണ്ടായി. ഗ്രനാസിക്കൊരു ഗേള്‍ഫ്രണ്ട് ഉണ്ടായിരുന്നു. സുന്ദരിയായ വാലന്റീനാ! അവള്‍ക്ക് ചുരുണ്ട സ്വര്‍ണ്ണമുടിയും ആഴമുള്ള നീലക്കടലിലേതുപോലെ വശ്യമായ നീലക്കണ്ണുകളും ഉണ്ടായിരുന്നു.
അവള്‍ വല്ലപ്പോഴും ഗ്രനാസിയെ കാണാന്‍ എത്തിയിരുന്നു. അവളുടെ വശ്യമായ സൗന്ദര്യം നിറക്കൂട്ടിലേക്ക് ഒന്ന് ഒപ്പിയെടുക്കാന്‍ മൈക്കിനു മോഹമുണ്ടായി. അവന്‍ അവളൂടെ ചിത്രം ചായക്കൂട്ടുകളില്‍ വരച്ചെടുത്ത് ഒരിക്കല്‍ ഗ്രനാസിക്ക് സമ്മാനിച്ചു.
ഗ്രനാസി അത്ഭൂതംകൂറി അവനോട് ചോദിച്ചു;
അത്ഭുതമായിരിക്കുന്നു! മൈക്കിള്‍ ഇതു നീതന്നെ വരച്ചതാണോ? എത്ര മനോഹരമായിരിക്കുന്നു. സ്വര്‍ണ്ണമുടിയും പവിഴ അധരങ്ങളും നീലക്കണ്ണുകളും ഒരു യഥാര്‍ത്ഥ ചിത്രകാരനു മാത്രമേ ഇത്ര തന്മയത്വമായി വരയ്ക്കാനാകൂ. ചിത്രമെഴുത്തു പഠിച്ചുകൊണ്ടിരിക്കുന്ന എന്നെക്കാള്‍ നന്നായി നിനക്കു വരയ്ക്കാന്‍ കഴിയുന്നു. നിന്റെയുള്ളില്‍ ആര്‍ത്തിയോടെ പുറത്തേക്കു വരാന്‍ വെമ്പുന്ന ഒരു വലിയ ചിര്രകാരനെ ഞാന്‍ ദര്‍ശിക്കുന്നു. ആകട്ടെ, പ്രസിദ്ധനായ ഡോമിനിക്കോ ഗിലാന്‍ഡയെ ഞാന്‍ നിനക്ക് പരിചയപ്പെടുത്താം. അവിടെ അദ്ദേഹത്തിന്റെ സ്റ്റുഡിയോയിലാണ് ഞാന്‍ ചിത്രരചന പഠിക്കുന്നത്. ഞാന്‍ ഏറെനാളായി അവിടെ പഠിക്കാന്‍ തുടങ്ങിയിട്ട്. അതേ, നിന്റെ പ്രായത്തില്‍. എന്നിട്ടു കൂടി ചിത്രകല പഠിച്ചിട്ടില്ലാത്ത നിന്നെപ്പോലെ വരയ്‌ക്കാന്‍ എനിക്കു കഴിയുന്നില്ല.
മൈക്കിള്‍ ഒരാലോചനയ്ക്കുശേഷം പറഞ്ഞു:
എന്തായാലും എനിക്കു ചിത്ര രചന പഠിക്കണം. പക്ഷേ…
എന്തു പക്ഷേ, തീര്‍ച്ചയായും നീ പഠിക്കണം. വേണ്ട എല്ലാ ഒത്താശകളും ഞാന്‍ ചെയ്യാം!
ഗ്രനാസി, നിനക്ക് മനസ്സിലാവില്ല എന്റെ സ്ഥിതി!
എന്തു സ്ഥിതി?
എന്റെ അപ്പനും രണ്ടാനമ്മയും യാഥാസ്ഥിതികരാണ്. അവര്‍ ആഗ്രഹിക്കുന്നത് വലിയ നിലയും വിലയുമുള്ള ജോലികളാണ്. പ്രഭുക്കള്‍ക്ക് അനുയോജ്യമായവിധം ചിത്രരചനയും ശില്പകലയും അവരുടെ നോട്ടത്തില്‍ വെറും കല്ലുവെട്ടുകാരന്റെയും ഭവനം നിര്‍മ്മാണക്കാരുടെയും താണതരം ജോലിപോലെയാണ്.
എന്തു വിഡ്ഡിത്തമാണ് നിന്റെ മാതാപിതാക്കള്‍ ചിന്തിക്കുന്നത്! അപ്പോള്‍ ഡൊണാറ്റെല്ലോയും വെറാച്ചിയോയും ഇപ്പോള്‍ ജീവിച്ചിരിക്കുന്ന ഡാവിന്‍ചിയുമൊക്കെ പ്രഭു കുടുംബങ്ങളില്‍നിന്നു വന്ന് ചിത്രകാരന്മാരും ശില്പികളുമൊക്കെയായി പ്രസിദ്ധരായവരല്ലേ! അവര്‍ പ്രശസ്തിയുടെ കൊടുമുടിയില്‍ എത്തും വരെ ഒരുപക്ഷേ, അവരുടെ മാതാപിതാക്കളോട് കലഹിച്ചിരിക്കണം. എന്നാല്‍ പ്രശസ്തിയിലെത്തിയപ്പോള്‍ അവരുടെ മാതാപിതാക്കള്‍ അവരെ വാനോളം പുകഴ്ത്തിയിരിക്കണം. അതുപോലെ നീയും കലഹിക്കണം! നിനക്കുവേണ്ടി ഞാന്‍ നിന്റെ അപ്പനോട് സംസാരിക്കുന്നുണ്ട്.
(…. തുടരും)