ആരൊക്കെ എന്തെല്ലാം തരത്തിലുള്ള മുടന്തന്‍ ന്യായങ്ങള്‍ ഉന്നയിച്ചു മുന്‍കാല കേരള സഭയേയും, സമീപകാല കേരള സഭാ രൂപീകരണങ്ങളേയും സമ്മേളനമാമാങ്കങ്ങളേയും ന്യായികരിക്കാന്‍ ശ്രമിച്ചാലും അതെല്ലാം വെറും നിരര്‍ത്ഥകവും ഉണ്ടയില്ലാ വെടികളുമാണെന്ന് ഒരു കൊച്ചുകുട്ടിക്കുപോലും എളുപ്പം മനസ്സിലാക്കാന്‍ സാധിക്കും. ഈ വിഷയത്തേയും അനുബന്ധ സംഭവപരമ്പരകളേയും പറ്റി ഒരു നിഷ്പക്ഷ വിഹഗവിശകലനം നടത്തുകയാണീ ലേഖനത്തിലൂടെ.
എന്താണ് ലോക കേരള സഭയുടെ അടിസ്ഥാന ഉദ്ദേശലക്ഷ്യങ്ങള്‍? ഈ സഭ ഇന്ത്യന്‍ ഭരണഘടനക്കു വിധേയമാണോ? ഭരണഘടനയുടെ അംഗീകാരമുണ്ടോ. ലോകകേരള നിയമസഭ എന്നാണല്ലോ ഈ ഉഡായിപ്പ് സംവിധാനത്തിന് നാമകരണം ചെയ്തിരിക്കുന്നത്. ഈ സഭയ്ക്ക് നിയമനിര്‍മ്മാണം നടത്താന്‍ അംഗീകാരമുണ്ടോ? അധികാരമുണ്ടോ? നിയമനിര്‍മ്മാണം നടത്താനുള്ള വിവിധങ്ങളായ ക്രൈറ്റീരിയ എന്തൊക്കെയാണ്. നിയമനിര്‍മ്മാണം നടത്തിയാല്‍ ആ നിയമം പ്രാവര്‍ത്തികമാക്കേണ്ടത് ആരുടെ ഉത്തരവാദിത്തമാണ്? ഇതൊന്നും നിര്‍വചി്ക്കാതെ, ഉത്തരം നല്‍കാതെ ഇപ്പോള്‍ കേരളം ഭരിക്കുന്ന എല്‍.ഡി.എഫ് ഗവണ്മെന്‍റ് അവരുടെ സ്വദേശത്തും വിദേശത്തുമുള്ള ഏതാനും സ്തുതിപാഠകരെ, എപ്പോഴും പബ്ലിസിറ്റിക്കും, ഫോട്ടോ അവസരത്തിനും തക്കം പാര്‍ത്തു നടക്കുന്ന പാര്‍ട്ടിക്കാരും, പാര്‍ട്ടിക്കാരല്ലാത്തവരുമായ പിന്നെ അവസരം കിട്ടിയാല്‍ ഓന്തിന്‍റെ മാതിരി നിറവും അഭിപ്രായങ്ങളും മാറുന്നവരും, പ്രവാസി പ്രശ്നങ്ങളെ പറ്റി ഒരു പിടിയുമില്ലാത്തവരും എന്നാല്‍ അധികാരികളുടെ മേലെ പിടിയുള്ളവരും ഒക്കെയായി ഒറ്റയടിക്കു ലോകകേരള സഭാംഗമായി നോമിനേഷന്‍ കൊടുക്കുന്ന പ്രക്രിയയെയാണ് നമ്മള്‍ തട്ടിക്കൂട്ട് അല്ലെങ്കില്‍ ഉഡായിപ്പ് രീതി എന്ന് വ്യാഖ്യാനിക്കുന്നത്.
അടച്ച് എല്ലാവരും അങ്ങനെയാണെന്ന് അര്‍ത്ഥമാക്കരുത്. ചിലര് അര്‍ഹരായേക്കാം. എന്നാല്‍ ഈ നോമിനേഷനില്‍ അനര്‍ഹരാണു അധികവും അതുപോലെ അര്‍ഹരായവര്‍ തഴയപ്പെട്ടിരിക്കുന്നു. എന്തായാലും യാതൊരു തരത്തിലും നിയമസാധ്യതയില്ലാത്ത ഈ നിയമനം, നോമിനേഷന്‍ കൊടുത്തവരും അതു വാങ്ങി താന്‍ ലോകകേരള സഭ അംഗമായ എം.പി ആണ് എം.എല്‍.എ ആണ് എന്നൊക്കെ പറഞ്ഞു പൊങ്ങിക്കുതിച്ച് ഗീര്‍വാണമടിച്ച് പത്രമാധ്യമങ്ങളില്‍ നിറഞ്ഞു നിന്നവരും നില്‍ക്കുന്നവരും ആ നിയമസാധ്യതയൊ, നാട്ടിലെ ജനത്തിനോ, പ്രവാസി്ക്കോ കാര്യമായ ഒരു ഗുണവുമില്ലാതെ ലോകകേരള സഭയില്‍ പോയി കേരളത്തിലെ സാധാരണക്കാരുടെ ടാക്സ് പണത്തില്‍ പ്രത്യക്ഷമായിട്ടല്ലെങ്കിലും പരോക്ഷമായി കൈയ്യിട്ടു വാരിയവരാണ് ഇതിന്‍റെ നടത്തിപ്പുകാരും പങ്കെടുത്തവരും എന്ന കാര്യത്തില്‍ സംശയമില്ല. ഈ വിഷയത്തെപറ്റി വിദേശമലയാളികളോടും, സ്വദേശ മലയാളികളോടും, അഭിപ്രായങ്ങള്‍ ആരാഞ്ഞപ്പോള്‍ ഏതാണ്ട് 99 ശതമാനവും ഇത്തരം അഭിപ്രായങ്ങള്‍ തന്നെയാണ് രേഖപ്പെടുത്തിയത്. പാര്‍ട്ടിക്കാരും പിണിയാളുകളും ഏറാന്‍മൂളികളും മാത്രമാണ് ഇതു വേണ്ടതാണ്. ഭയങ്കര ലോക കേരള സഭ, ഭൂലോക വിജയം എന്നൊക്കെ എപ്പോഴും ഒരുളുപ്പുമില്ലാതെ ഗര്‍ജിച്ച് പറഞ്ഞു കൊണ്ടിരിക്കുന്നത്. വിട്ടേക്കുക ഇത്തരം ഗര്‍ജനങ്ങള്‍ക്കെതിരെ അധികം പ്രതികരിച്ചിട്ടു കാര്യമില്ല.
പാവം നികുതിദായകരുടെ നെഞ്ചത്തടിച്ചു കൊണ്ടുള്ള ഇത്തരം ധൂര്‍ത്തിനെ പ്രവാസിക്ക് അല്പം ഭക്ഷണം കൊടുത്തു, താമസസൗകര്യം കൊടുത്തു, യാത്ര കൂലി കൊടുത്തു, അതില്‍ എന്തു ധൂര്‍ത്തിരിക്കുന്നു എന്നു പറഞ്ഞ് ഈ ഭീമമായ ചെലവിനെ ലഘൂകരിക്കരുത്. കഴിഞ്ഞ കാലങ്ങളില്‍ നടത്തിയ ലോകകേരള സഭ മാമാങ്കങ്ങളില്‍ നടത്തിയ ധൂര്‍ത്തിന്‍റെ കണക്കുകള്‍ എത്രയെന്ന് വെളിപ്പെടുത്തിയിട്ടുണ്ടോ? പ്രാറ്റിക്കലി, ഫിസിക്കലി കേരളത്തിനോ പ്രവാസിക്കോ ഇത്തരം പൊതുവായ കേരള ലോകസഭ സമ്മേളനം കൊണ്ട് എന്ത് നേട്ടമുണ്ടായി? നേട്ടങ്ങള്‍ സത്യസന്ധമായി നെഞ്ചത്തു കൈവെച്ച് ഒന്നു വിശദീകരിക്കുക. നേട്ടം വെറും ‘സീറോ’ അല്ലെ? പ്രാഞ്ചികള്‍ക്ക് ഒന്നു മിന്നാന്‍ വിലസാന്‍ അവസരം മാത്രം നേട്ടം. ഇപ്രാവശ്യത്തെ കേരള സഭാ സമ്മേളനത്തില്‍ ഗുണങ്ങള്‍ നേട്ടങ്ങള്‍ ലഘുവായി വിവരിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ സഭാസ്പീക്കര്‍ അല്ലെങ്കില്‍ മോഡറേറ്റര്‍ പരസ്പരം മൈക്രോഫോണ്‍ കൈമാറി തട്ടിക്കളിക്കുന്നത് ടി.വിയില്‍ എല്ലാവരും കണ്ടതാണ്. മൈക്കു തട്ടിക്കളിച്ച് വാക്കുകളില്ലാതെ മുക്കി മുക്കി ഏതാണ്ട് മുടന്തന്‍ ഉഡായിപ്പു വാചകങ്ങള്‍ ഏതോ നോര്‍ക്ക പ്രതിനിധി പറയുന്നതു കേട്ടു. പിന്നെ എപ്പോഴും എന്നപോലെ പ്രവാസികളെ ഒന്നു സുഖിപ്പിക്കാന്‍ വേണ്ടി പ്രവാസികള്‍ നാടിന്‍റെ നട്ടെല്ലാണ്. പ്രവാസികള്‍ അയക്കുന്ന പണം കൊണ്ടാണ് കേരളീയര്‍ അന്നം ഭക്ഷിക്കുന്നത് എന്നൊക്കെയുള്ള. ‘സുഖ പല്ലവികള്‍’ ഇവിടെയും മുഴങ്ങി കേള്‍ക്കാമായിരുന്നു. ഈ പ്രവാസി പുകഴ്ത്തല്‍, പല്ലവിയും അനുപല്ലവിയും ആവര്‍ത്തിച്ചു പാടുന്നവര്‍ തന്നെ മാറി നിന്ന് പ്രത്യക്ഷമായും പരോക്ഷമായും പ്രവാസീ ദ്രോഹ പദ്ധതികളുമായി അവര്‍ക്കെതിരെ പാലം വലിക്കുകയും ചെയ്യും. എന്നിട്ടും പ്രവാസി പഠിക്കുകയില്ല. ഈ സമ്മേളനത്തില്‍ പോയി കുത്തിയിരുന്നുകൊണ്ട് അധികപക്ഷ കേരള ലോകസഭാ പ്രതിനിധികള്‍ അവിടത്തെ മന്ത്രിമാരെയും, ഉദ്യോഗസ്ഥരെയും പ്രവാസിക്കു തന്നെ പാരപണിയുന്ന സംവിധാനങ്ങളെയും തല്‍ക്കാല കൈയ്യടിക്കു വേണ്ടിയും ഒറ്റക്കും പെട്ടക്കും ഗ്രൂപ്പടിസ്ഥാനത്തിലും ഫോട്ടോചാന്‍സു കിട്ടാന്‍ വേണ്ടിയും പൊക്കി പൊക്കി അവരെ മെല്ലെ മെല്ലെ ചൊറിഞ്ഞ് തടവികൊണ്ട് ഓശാന പാടും. കേരളത്തിലെ ഈ മന്ത്രിപുംഗവരും, ഉദ്യോഗസ്ഥരും പ്രമാണിമാരും വിദേശത്ത് എത്തിയാല്‍ ആദിഥ്യമര്യാദയുടെ പേരില്‍ എയര്‍പോര്‍ട്ടില്‍ പോയി അവരെ പൊക്കി ആനന്ദിപ്പിച്ച് തോളിലും തലയിലും വച്ചുകൊണ്ട് അവര്‍ക്കു വേദിയില്‍ എന്തും പറയാന്‍ അവസരം കൊടുത്ത് അടിമകളെപ്പോലെ പ്രവര്‍ത്തിക്കുന്ന മലയാളി സംഘടനാ പ്രവര്‍ത്തകരേയും നേതാക്കളെയും ധാരാളം കണ്ടിട്ടുണ്ട്. ഫൊക്കാനാ, ഫോമാ, വേള്‍ഡ് മലയാളി സമ്മേളനങ്ങള്‍ ഉദ്ഘാടനം ചെയ്യാന്‍ മുഖ്യപ്രഭാഷണങ്ങള്‍ നടത്താന്‍ നാട്ടിലെ ഇത്തരം മുന്തിയ സ്ഥാനീയരും, സിനിമാതാരങ്ങളും മതമേധാവികളും വേണം എന്നത് അവരുടെ പബ്ലിക് അനൗണ്‍സുമെന്‍റുകളിലും വാള്‍പോസ്റ്ററുകളിലും കാണാം.
കഴിഞ്ഞ തിരുവനന്തപുരം കേരള ലോകസഭാ സമ്മേളനവേദിയില്‍ കേരളസഭയുടേയും, നോര്‍ക്കയുടെയും നേട്ടമായി പ്രദര്‍ശിപ്പിച്ച ഒരു വീഡിയോ ആല്‍ബത്തില്‍ കണ്ടു. യുക്രെയിന്‍ യുദ്ധാരംഭത്തില്‍ അവിടെ കുടുങ്ങിയ മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ രക്ഷപ്പെടുത്തി കൊണ്ടുവന്നത് കേരള ലോകസഭയും കേരള നോര്‍ക്കയും കൂടിയാണെന്ന്? എത്ര ബാലിശമായ അവകാശവാദം. എട്ടുകാലി മമ്മൂഞ്ഞുകള്‍. സത്യത്തില്‍ യുക്രെയിനും, അവരുടെ സമീപരാജ്യങ്ങളും ഇന്ത്യന്‍ കേന്ദ്രഗവണ്‍മെന്‍റിന്‍റെ വിദേശകാര്യ വകുപ്പും ചേര്‍ന്നല്ലെ അവരെ രക്ഷപ്പെടുത്തികൊണ്ടുവന്നത്?
ലോക കേരള സഭ ഉദ്ഘാടനം നടത്തേണ്ടിയിരുന്ന മുഖ്യമന്ത്രി തിരുവനന്തപുരത്ത് ഉണ്ടായിരുന്നിട്ടും എത്തിയില്ല. പതിവുപോലെ അതിനും എന്തെങ്കിലും മുടന്തന്‍ ന്യായങ്ങള്‍ കണ്ടേക്കാം. സ്വപ്ന സുരേഷ് ഉന്നയിച്ച സ്വര്‍ണ്ണകള്ളക്കടത്ത് ആരോപണത്തിന്‍റെ അടിസ്ഥാനത്തില്‍ അന്നവിടെ കൂടിയ സഭയില്‍ ആരെങ്കിലും എഴുന്നേറ്റു നിന്നു പ്രതിക്ഷേധിച്ചാലോ എന്നു ഭയന്നിട്ടായിരിയ്ക്കാം ഉദ്ഘാടിക്കാനായി മുഖ്യന്‍ എത്താതിരുന്നത്. ഏതാണ്ട് രണ്ട് ആഴ്ചയ്ക്ക് മുമ്പ് മുഖ്യമന്ത്രി കണ്ണൂരില്‍ നിന്ന് വിമാനത്തില്‍ കയറി വിമാനം ഇറങ്ങാറായപ്പോഴൊ അല്ലെങ്കില്‍ തിരുവനന്തപുരത്തു വന്ന് കണ്ണൂര്‍ നിന്നുള്ള ആ വിമാനത്തില്‍ നിന്നിറങ്ങിയപ്പോഴൊ രണ്ടു യൂത്തു കോണ്‍ഗ്രസുകാര്‍ ഈ സ്വര്‍ണ്ണക്കടത്ത് ആരോപിതനെതിരെ പ്രതിഷേധം പ്രതിഷേധം എന്നു രണ്ടു മുദ്രാവാക്യം വിളിച്ചപ്പോഴേക്കും ദേ കേരളാ മുഖ്യനെ വിമാനത്തില്‍ വച്ച് കൊല്ലാന്‍ വരുന്നു എന്നും പറഞ്ഞ് മുഖ്യന്‍റെ പോലീസു തന്നെ ഈ യൂത്തന്മാരെ കേസ് ചാര്‍ജ് ചെയ്ത് അറസ്റ്റു ചെയ്തതാണ്. എന്നാല്‍ ഈ യൂത്തു കോണ്‍ഗ്രസുകാരെ വിമാനത്തില്‍ വച്ചുതന്നെ തള്ളി തൊഴിച്ച് നിലത്തിട്ട മുഖ്യന്‍റെ ഏറാന്‍ മൂളിയായ ഇ.പി ജയരാജനെതിരെ ഒരു കേസുമില്ല. ഒരു നടപടിയുമില്ല. ഇതാണ് കാട്ടുനീതി അല്ലെ? ഏതായാലും അത്തരം പ്രതിഷേധക്കാര്‍ക്ക് ഇനിയും ഒരവസരം കൊടുക്കേണ്ടതില്ലാ എന്നു കരുതിയായിരിക്കണം സമാപന സമ്മേളനം പോലും വേദിയിലെത്താതെ വെര്‍ച്വലായി മുഖ്യമന്ത്രി നിര്‍വഹിച്ചത്. എന്നാലും, ഊരിപിടിച്ച വാളുകള്‍ക്ക് നടുവിലൂടെ നടന്നിട്ടുള്ള നമ്മുടെ വീരധീരശൂരപരാക്രമി നൂറുകണക്കിന് തോക്കു പിടിച്ച പോലീസിനെ അകമ്പടി നിര്‍ത്തികൊണ്ട് പ്രതിപക്ഷത്തിനെതിരെ അട്ടഹസിക്കും “ആരും വിരട്ടാന്‍ നോക്കണ്ടാ- ഇങ്ങോട്ടു വേണ്ടാ. എല്ലാറ്റിനേയും പാഠം പഠിപ്പിക്കും” എന്ന്. ഈ ധീരതയ്ക്ക് സ്വദേശികളും, വിദേശികളുമായ മലയാളികള്‍ കയ്യടിച്ചേ പറ്റൂ. ലേഖനത്തിന്‍റെ ആരംഭത്തില്‍ സൂചിപ്പിച്ചപോലെ അനുബന്ധ വിഷയങ്ങളും ഒന്നു കോര്‍ത്തിണക്കി പരാമര്‍ശിച്ചു എന്നു മാത്രം.
പ്രവാസികളുടെ ക്ഷേമത്തിന് നിലവിലുള്ള സംവിധാനങ്ങള്‍ നിയമാനുസൃതമായി ഒട്ടും ബ്യൂറോക്രാറ്റിക് ബ്ലോക്കില്ലാതെ, കറപ്ഷനില്ലാതെ പ്രവര്‍ത്തിച്ചാല്‍ മാത്രം മതി. അതിനായി വേറെ ഒത്തിരി ഒത്തിരി വകുപ്പുകളും, വകുപ്പുമേധാവികളേയും കടമ്പകളേയും ജാലകങ്ങളേയും സൃഷ്ടിച്ച് കൂടുതല്‍ കൊഴപ്പത്തിലാക്കാതിരുന്നാല്‍ മതി. കൂടുതല്‍ വകുപ്പും ഉദ്യോഗസ്ഥരും അതിലേക്കുണ്ടായാല്‍ അവര്‍ ഓരോരുത്തരുടെയും, കാലു പിടിക്കണം. ഓരോരുത്തര്‍ക്കും കൈക്കൂലി കൊടുക്കണം. ഓരോരുത്തരുടെയും മേശമേല്‍ ഒന്നു കൂടി ഒച്ചിഴയുന്നപോലെ ഫയല്‍ നീങ്ങും. പിന്നെ പുതിയ ഉദ്യോഗസ്ഥ, വകുപ്പ് സൃഷ്ടികള്‍കൊണ്ട് കൊറച്ച് പാര്‍ട്ടിക്കാര്‍ക്കും ആശ്രിതര്‍ക്കും ജോലിയും ശമ്പളവും കിമ്പളവും കിട്ടുമായിരിക്കും. അപ്രകാരം ഓരോ ചെറിയതും വലുതുമായ വകുപ്പുകാര്യങ്ങളാല്‍ പാവപ്പെട്ട നികുതി ദായകരുടെ ഭാരം കൂടിക്കൊണ്ടിരിക്കും.
പിന്നെ പേരെടുത്തു പറയാതെ എഴുതട്ടെ. ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും വാരിക്കോരി കൊടുക്കുന്ന പ്രവാസി കച്ചവടമുതലാളി വമ്പډാര്‍ മാത്രമായിരിക്കരുത് പ്രവാസി പ്രതിനിധികള്‍. വരുമാനം കുറഞ്ഞവരും പാവപ്പെട്ടവരുമായ വന്‍ഭൂരിപക്ഷമായ പ്രവാസികളുമുണ്ടായിരിക്കണം അംഗീകാരമുള്ള പ്രവാസി ക്ഷേമ ബോര്‍ഡുകളിലും, നോര്‍ക്ക സമിതിയിലും. നാട്ടിലെ സര്‍ക്കാര്‍ വകുപ്പുകളുടെ നിരന്തരമായ തടസ്സങ്ങളും പീഡനങ്ങളും കൊണ്ട് ആത്മഹത്യ ചെയ്ത പാവപ്പെട്ട പ്രവാസി ചെറുകിട സംരംഭകരുടെ കഥകള്‍ നമ്മള്‍ കേട്ടിട്ടില്ലേ?
കുറച്ച് വര്‍ഷങ്ങള്‍ക്ക് കേന്ദ്രത്തില്‍ കേരളീയനായ ഒരു പ്രവാസ വകുപ്പ് മന്ത്രി ഉണ്ടായിരുന്നില്ലെ? ആ വകുപ്പിനേകൊണ്ടും അയാളെ കൊണ്ടും പ്രവാസിക്ക് കോട്ടമല്ലാതെ ഒരു നേട്ടവും ഉണ്ടായിട്ടില്ല. ആ വലിയ വകുപ്പും അതിലെ സ്റ്റാഫും എടുത്തു കളഞ്ഞതോടെ ആ ദുര്‍വ്യയം ഒഴിവായി. ഇപ്പോള്‍ ആ വകുപ്പ് വിദേശകാര്യമന്ത്രാലയം കൈകാര്യം ചെയ്യുന്നു. ഇപ്പോഴത്തെ കേന്ദ്രഭരണത്തെ പുകഴ്ത്തുകയാണെന്നു കരുതരുത്. റിലീജിയസ് ഫണ്ടമെന്‍റലിസത്തിന്‍റെ അടിസ്ഥാനത്തില്‍ ഭരണം പിടിച്ചടക്കിയ ഇപ്പോഴത്തെ കേന്ദ്രഗവണ്‍മെന്‍റിന്‍റെ പല നയങ്ങളും അവികലവും പ്രവാസി വിരുദ്ധവുമാണ്. കേരള ഭരണവും കേന്ദ്രഭരണവും നീതിരഹിത ഭരണത്തിലൂടെ ജനങ്ങളെ ഓരോ അര്‍ത്ഥത്തിലും പീഢിപ്പിക്കുന്നു. കേന്ദ്രവും കേരളവും ഭരിക്കുന്നത് പ്രത്യയശാസ്ത്രപരമായി രണ്ടു കക്ഷികളാണെങ്കില്‍ തന്നെയും അവര്‍ വെളിയില്‍ പരസ്പരം ചെളിവാരി എറിയുമെങ്കിലും അവരിരുവരും പരസ്പര ധാരണയിലാണ്. അവര്‍ പരസ്പരം സംരക്ഷിക്കുന്നു. പരസ്പരം അന്തര്‍ധാരയുണ്ട്. കേന്ദ്രത്തിലേയും കേരളത്തിലെയും മുഖ്യപ്രതിപക്ഷങ്ങള്‍ തമ്മിലുള്ള ഏകോപനമില്ലാത്തതും ഒരു പ്രശ്നമാണ്. അവരും ശക്തമായി എതിര്‍ത്തിരുന്നെങ്കില്‍ സംഘടിച്ചിരുന്നെങ്കില്‍ ഇത്തരം ഉഡായിപ്പ് കേരള ലോകസഭ എന്നൊന്നും ഉണ്ടാകുകയില്ലായിരുന്നു.
പ്രതിപക്ഷത്തിനും സ്വയം സിംഹാസനാരോപിതരായ ജനാധിപത്യമല്ലാത്ത ചില ഓവര്‍സീസ് തട്ടിക്കൂട്ടു സംഘടനകളുണ്ടല്ലോ. അവര്‍ക്കുംകുറച്ച് കേരള ലോക അസംബ്ലി അല്ലെങ്കില്‍ പാര്‍ലമെന്‍ററി സ്ഥാനം വച്ചു നീട്ടി അല്ലെങ്കില്‍ മണപ്പിച്ചു. അതോടെ അവരും എല്‍.ഡി.എഫ് വലയില്‍ വീണു. മദോډത്തരായി. ഇനി നാട്ടില്‍ അവരുടെ പാര്‍ട്ടി അധികാരത്തില്‍ വന്നാലും അവരും ഇ ഡ്യൂക്കിലി ലോകകേരള സഭ തുടരുമായിരിക്കും. അപ്പോള്‍ മാറി നിന്ന് എല്‍.ഡി.എഫുകാര്‍ അതിനെ എതിര്‍ത്തു എന്നിരിക്കും. ഏതായാലും ഏതു പാര്‍ട്ടി, ഏതു മുന്നണി, ഏതു തമ്മില്‍ ഭേദം തൊമ്മന്‍ അധികാരത്തില്‍ വന്നാലും ഇത്തരം ഉഡായിപ്പു തട്ടിക്കൂട്ടു പൊങ്ങള്‍ ലോകകേരള സഭകളെ ബഹിഷ്കരിക്കുക. അല്ലെങ്കില്‍ നിയമാനുസൃതമായി ജനാധിപത്യ പ്രക്രിയയിലൂടെ തെരഞ്ഞെടുക്കുക, നിയമിക്കുക. തസ്തികകള്‍ കൂടുതലാക്കുക വഴി പാഴ്ചെലവുകളും നികുതികളും കാലതാമസവും ആരുടെ മേലും അടിച്ചേല്‍പ്പിക്കുകയും ചെയ്യരുത്.
+++++
വാൽക്കഷണം
എന്നാൽ, ഇപ്രാവശ്യത്തെ കേരള ലോകസഭയിലെ മിന്നി ജ്വലിച്ച സൂപ്പർ താരം മാർപാപ്പയുടെ രാജ്യത്ത് നിന്നെത്തിയ വിദേശമലയാളി അനിതാ പുല്ലേൽ എന്ന മഹിളാ മണി ആയിരുന്നു. മോൺസൺ മാവുങ്കൽ പുരാവസ്തു തട്ടിപ്പുകേസിൽ ആരോപിതയായ അനിതാ പുല്ലേൽ, പുല്ലുപോലെ സമ്മേളനത്തിന് അകത്തളത്തിൽ എത്തി. അതായിരുന്നു ഈ മാമാങ്കത്തിൽ ഏറ്റവും ചൂടേറിയ ബ്രേക്കിംഗ് ന്യൂസ്. ഒന്ന് ഓർത്താൽ ഇതിൽ എന്തിരിക്കുന്നു? സ്വർണക്കടത്തു കള്ളക്കടത്ത് തുടങ്ങിയ കുറ്റങ്ങൾ ആരോപിതരായവർ വേദിയിലും വീതിയിലും, മുൻ സ്പീക്കർ, മുഖ്യൻ അടക്കം അതിനകത്ത് വിരാജിക്കുമ്പോൾ ഈ പാവം അനിത പുല്ലേലിനെ മാത്രം ബലിയാടാകുന്നത് എന്തുകൊണ്ടാണ്?
“എന്തിനാണമ്മാവാ എന്നെ തല്ലുന്നത്, ഞാന്‍ നേരെയാവില്ല” എന്നൊരു പഴഞ്ചൊല്ലുണ്ട്. ആ പഴഞ്ചൊല്ലിനെപ്പോലും ലജ്ജിപ്പിക്കും വിധമാണ് ഈ കേരള “ഭൂലോക സഭ”… ആ സഭയിലേക്കാണ് അമേരിക്കയിലെ ചില പ്രാഞ്ചിയേട്ടന്മാര്‍ ശരം വിട്ട കണക്കെ പാഞ്ഞത്. അവരെന്തോ മല മറിക്കാന്‍ പോണ പോലെയാണ് വാര്‍ത്തകള്‍ പടച്ചുവിട്ടത്. അമേരിക്കയിലെ ഒട്ടുമിക്ക സംഘടനകളില്‍ നുഴഞ്ഞു കയറി – അതോ വലിഞ്ഞു കയറിയതോ – പ്രവര്‍ത്തിച്ച് പ്രവര്‍ത്തിച്ച് ഒരു പരുവമാക്കിയവന്മാരാണ് ലോക സഭയിലേക്ക് കെട്ടിയെഴുന്നള്ളിച്ചു പോയത്….. നാണമില്ലാത്തവന്റെ ആസനത്തില്‍ ആല് മുളച്ചാല്‍ അവനത് തണല്‍…. ശരിയാണ് അമേരിക്കയില്‍ നിന്ന് പോയവരുടെയൊക്കെ ആസനത്തില്‍ ആല് മുളച്ചിരിക്കുന്നു എന്ന് ഇപ്പോള്‍ ബോധ്യമായി.. ഇത്രയും കടുകട്ടിയായി വിഷയം അവതരിപ്പിച്ച ശ്രീ ജോര്‍ജ്ജിന് അഭിനന്ദനങ്ങള്‍
ഹഹഹ…. ഇത് കലക്കി…. ഉഡായിപ്പ് മന്ത്രിസഭയ്ക്ക് ഉഡായിപ്പ് ലോക സഭ… അമേരിക്കയില്‍ നിന്ന് കുറെ ഉഡായിപ്പന്മാര്‍ ഇപ്പ ശരിയാക്കിത്തരാം എന്നു പറഞ്ഞ് പറന്നു…. അവിടെ ചെന്നിട്ടോ? ഒന്നും ചെയ്യാനില്ല, അല്ലെങ്കില്‍ ചെയ്യാന്‍ അവന്മാര്‍ സമ്മതിക്കത്തില്ല… സത്യത്തില്‍ ഇവിടെ നിന്ന് പോയവരൊക്കെ ആരെ ഉദ്ധരിക്കാനാ പോയതെന്ന് ചോദിച്ചാല്‍ സ്വയം ഉദ്ധരിക്കാന്‍ തന്നെ എന്ന് ഉത്തരം… പത്ര മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തയാണ് അതിലേറെ കഷ്ടം….
“എന്താടോ വാര്യരേ താന്‍ നന്നാവാത്തെ” എന്ന മോഹന്‍ലാല്‍ ഡയലോഗ് പോലെ അമെരിക്കന്‍ നേതാക്കളോട് ഒരു ചോദ്യം…. “എന്താടോ നിങ്ങളൊന്നും നന്നാവാത്തെ….”
ഗൾഫിലെ പ്രമുഖ വ്യവസായികളിൽ പലരും സിപിഎമ്മുമായി അടുത്ത ബന്ധം പുലർത്തുന്നവരാണ്. മുഖ്യമന്ത്രിയുടേതുൾപ്പെടെയുള്ള സി.പി.എം നേതാക്കളുടെ മക്കൾക്ക് അവരുടെ കമ്പനികളിൽ ഉയർന്ന മാനേജർ പദവികളും മറ്റും നല്‍കിയിട്ടുണ്ടെന്ന് ആര്‍ക്കാണറിഞ്ഞുകൂടാത്തത്. ഗൾഫിലും പുറത്തും സാമ്പത്തിക ക്രമക്കേടുകളിൽ ഏർപ്പെടുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകനെ ഇവരിൽ ഒരാൾ പലപ്പോഴും ജാമ്യത്തിൽ ഇറക്കാന്‍ ശ്രമിച്ചത് പരസ്യമായ രഹസ്യമാണ്. പിണറായി വിജയന്റെ ആവശ്യപ്രകാരം കേരളത്തിലെ എൻഡിഎ കൺവീനറായിരുന്ന തുഷാർ വെള്ളാപ്പള്ളിയെ രക്ഷിക്കാൻ വ്യവസായികളിലൊരാൾ എത്തിയിരുന്നതും മറക്കാവുന്നതല്ല.
ഗള്‍ഫിലെ വ്യവസായികളില്‍ പലരും സിപിഎം ഖജനാവിലേക്ക് വൻതോതിൽ സംഭാവന നൽകുന്നുണ്ട്. അവർക്ക് സംസ്ഥാനത്ത് അവരുടെ ‘വിഹിതം’ മറ്റൊരു കഥയാണ്; ഐതിഹാസികമായ കോവളം കൊട്ടാരവും (ഹാൽസിയോൺ കാസിൽ) അതിന്റെ 4.13 ഹെക്ടർ സ്ഥലവും 2017 ജൂണിൽ എൻആർഐ വ്യവസായി ബി. രവി പിള്ളയുടെ ആർപി ഗ്രൂപ്പിന് കൈമാറിയതാണ് ഏറ്റവും അവിസ്മരണീയമായ കാര്യം. മുഖ്യമന്ത്രി പിണറായി വിജയനുമായി അടുപ്പമുള്ളയാളാണ് പിള്ള.
ഇപ്രാവശ്യവും ലോക കേരള സഭ പ്രതിപക്ഷം (യുഡിഎഫ്) ബഹിഷ്ക്കരിച്ചു. അതിന്റെ കാരണം പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പത്ര സമ്മേളനം നടത്തി വിശദീകരിക്കുകയും ചെയ്തു. തങ്ങള്‍ സഭ ബഹിഷ്ക്കരിക്കുകയാണെന്നും, അതിന്റെ കാരണം വിശദമായി മറ്റൊരു ഗള്‍ഫ് വ്യവസായിയും ലോക കേരള സഭയിലെ ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ എം എ യൂസഫലിയോട് പറഞ്ഞതായും സതീശന്‍ വെളിപ്പെടുത്തി. പക്ഷെ, യൂസഫലി സഭയുടെ വേദിയില്‍ പറഞ്ഞതോ മറ്റൊന്ന്…!! പ്രതിപക്ഷം സഭ ബഹിഷ്ക്കരിച്ചത് ശരിയല്ല എന്ന ധ്വനിയില്‍ അദ്ദേഹം സംസാരിച്ചെങ്കിലും, ഒരിക്കല്‍ പോലും ഭരണകക്ഷിയായ സിപിഎമ്മിനെയോ മുഖ്യമന്ത്രി പിണറായി വിജയനെയോ കുറ്റം പറയാന്‍ അദ്ദേഹം മെനക്കെട്ടില്ല. വി ഡി സതീശന്‍ പറഞ്ഞ കാര്യങ്ങള്‍ ഒന്ന് സൂചിപ്പിച്ചിരുന്നെങ്കില്‍ പിണറായി സര്‍ക്കാരിന്റെ യു ഡി എഫിനോടുള്ള ധാര്‍ഷ്ട്യ മനോഭാവത്തിന് അല്പമെങ്കിലും അയവു വന്നേനേ..
മോൺസൺ മാവുങ്കാൽ കേസിലുള്‍പ്പെട്ട് ബ്ലാക്ക് ലിസ്റ്റ് ചെയ്ത അനിത പുല്ലയില്‍ ലോക കേരള സഭയിലെത്തിയെന്ന് കേള്‍ക്കുമ്പോഴാണ് നേരെ ചൊവ്വേ വന്നവര്‍ അപ്രസക്തരാകുന്നത്. പത്രങ്ങളില്‍ ഫോട്ടോ പ്രദര്‍ശനം നടത്തി സഭയില്‍ എത്തിയവരും അനിതയും തമ്മില്‍ എന്തു വ്യത്യാസം. സഭാ ടിവിക്ക് സാങ്കേതിക സഹായം നൽകുന്ന സ്വകാര്യ കമ്പനിയുടെ സഹായത്തോടെയാണത്രേ അവര്‍ ലോക സഭയിലെത്തിയത്. കമ്പനി ജീവനക്കാർക്കൊപ്പമാണ് അവര്‍ യോഗത്തിനെത്തിയത്. അവരോടൊപ്പം രണ്ട് ജീവനക്കാരും ഉണ്ടായിരുന്നു. ഇവരുടെ തിരിച്ചറിയൽ രേഖകൾ പരിശോധിച്ച സുരക്ഷാ ഉദ്യോഗസ്ഥർ അവരെ അകത്തേക്ക് കടത്തിവിട്ടത്രേ…! തലസ്ഥാന നഗരിയിലും നിയമസഭയിലും മന്ത്രിമന്ദിരങ്ങളിലുമൊക്കെ ഇത്തരത്തില്‍ സരിതമാരും സ്വപനമാരും അനിതമാരും വിലസി നടക്കുന്നത് അത്ര നല്ല പ്രവണതയല്ല. തന്നെയുമല്ല, ഈ നാരീമരിണകള്‍ ഭരണ-പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് കീറാമുട്ടികളായി മാറുമെന്നതില്‍ സംശയമേ വേണ്ട.