ഒക്കലഹോമ: ഒക്കലഹോമ ഗവര്‍ണര്‍ പ്രൈമറി തെരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക് പാര്‍ട്ടിയില്‍ നിന്നും മത്സരിച്ച ഒക്കലഹോമ പബ്ലിക്ക് എഡുക്കേഷന്‍ സൂപ്രണ്ട് ജോയ് ഹോപ്മിസ്റ്റര്‍ക്ക് തിളക്കമാര്‍ന്ന വിജയം.തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിന് തൊട്ടുമുമ്പാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി വിട്ടു ഡമോക്രാറ്റിക് പാര്‍ട്ടിയില്‍ ഇവര്‍ ചേര്‍ന്നത്.
ഹോപ്മിസ്റ്ററുടെ എതിരാളിയും, ദീര്‍ഘകാല പ്രോഗ്രസ്സീവ് ആക്റ്റിവിസ്റ്റുമായ കോന്നി ജോണ്‍സനെതിരേ പോള്‍ ചെയ്ത വോട്ടുകളില്‍ 60 ശതമാനവും നേടിയാണ് പരാജയപ്പെടുത്തിയത്.
നവംബറില്‍ നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ നിലവിലുള്ള ഗവര്‍ണര്‍ (റിപ്പബ്ലിക്കന്‍) കെവിന്‍ സ്റ്റിറ്റിനെയാണ് ഹോപ്മിസ്റ്റര്‍ നേരിടുക.
റിപ്പബ്ലിക്കന്‍ പ്രൈമറിയില്‍ കെവിന്‍ സ്റ്റിറ്റ് ഒക്കലഹോമ ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് വെറ്ററന്‍സ് അഫയേഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജോയല്‍ കിന്‍റസ്റ്റല്‍ ഉള്‍പ്പെടെ മൂന്നുപേരെ അനായാസം പരാജയപ്പെടുത്തിയാണ് വിജയിച്ചത്. ഒക്കലഹോമയിലെ രണ്ടു ശക്തരായ നേതാക്കളാണ് നവംബറില്‍ ഗവര്‍ണര്‍ മത്സരത്തില്‍ ഏറ്റുമുട്ടുന്നത്.