വാഷിംഗ്‌ടൺ ഡി. സി: ഫൊക്കാന തെരഞ്ഞടുപ്പ് പടിവാതിക്കൽ എത്തിനിൽക്കേ വ്യക്തിഹത്യയുമായി പ്രചാരം നടത്തുന്ന എതിർ സ്ഥാനാർത്ഥിയുടെ രീതി അന്തസ്സിനു ചേർന്നതല്ലെന്ന് ഫൊക്കാന പ്രസിഡണ്ട് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ഡോ. ബാബു സ്റ്റീഫൻ. താൻ ഒരു ഡെലിഗേറ്റിനെയും പണം കൊടുത്ത് വാങ്ങിയിട്ടില്ലെന്നു വ്യകത്മാക്കിയ ബാബു സ്റ്റീഫൻ ഫൊക്കാന കൺവെൻഷന്റെ റോയൽ പേട്രൺ ആവുക മാത്രമാണ് താൻ ചെയ്തിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
” തെരഞ്ഞെടുപ്പിന്റെ ഭാഗമായി പലയിടങ്ങളിലും മീറ്റിംഗുകൾ സംഘടിപ്പിച്ചു. രാജ്യത്തിൻറെ പല ഭാഗങ്ങളിലുമുള്ള ഡെലിഗേറ്റുമാരുമായി നേരിൽ കാണാനാണ് യോഗം വിളിച്ചത്. ആരുടെയും വീട്ടിൽ പോയി ശല്യം ചെയ്തിട്ടില്ല. തനിക്കു മുൻപേ പോയി എല്ലാ ഡെലിഗേറ്റുമാരോടും തന്നെക്കുറിച്ച് വ്യക്തിഹത്യ നടത്തിയ എതിർ സ്ഥാനാർത്ഥിയുടെ വാക്കു കേട്ട് മുൻവിധിയോടെയാണ് പലരും യോഗത്തിനെത്തിയത്. എന്നാൽ തന്റെ പ്രസംഗം കേട്ടു കഴിഞ്ഞപ്പോൾ ഡെലിഗേറ്റുമാർക്കും മറ്റു നേതാക്കന്മാർക്കുമുണ്ടായിരുന്ന മുൻവിധി മാറി,” അദ്ദേഹം വ്യക്തമാക്കി.
ഒരു യോഗത്തിലും എതിർ സ്ഥാനാർത്ഥിയെ മോശമായി ചിത്രീകരിക്കുന്ന ഒരു വാക്കുപോലും ഇന്നു വരെ പറഞ്ഞിട്ടില്ല. അതു ബാബു സ്റ്റീഫന്റെ ശൈലിയല്ല. ആരുടെയും കുറ്റങ്ങൾ ചൂണ്ടിക്കാട്ടി ഡെലിഗേറ്റുമാരെ സ്വാധീനിക്കേണ്ട ആവശ്യം തനിക്കില്ല. എന്റെ കഴിവുകളും ആശയങ്ങളും ഇഷ്ട്ടപ്പെട്ടിട്ടാണ് ഡെലിഗേറ്റുമാർ അവരുടെ ധാരണകൾ തിരുത്തിക്കുറിച്ചത്. അവരിൽ ചിലർ പറഞ്ഞതിങ്ങനെയാണ് ” ഞങ്ങൾ താങ്കളുടെ എതിർ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യാനിരുന്നതാണ്. എന്നാൽ ഇന്ന് താങ്കളെ ശ്രവിച്ചപ്പോൾ, ഫൊക്കാനയിൽ താങ്കൾ ജയിച്ചാൽ നടപ്പിലാക്കാനിരിക്കുന്ന മാറ്റങ്ങളും ആശയങ്ങളും സ്വപ്നങ്ങളും കേട്ടപ്പോൾ നേരത്തെയുണ്ടായിരുന്ന തെറ്റിദ്ധാരണകൾ എല്ലാം മാറി. താങ്കൾക്ക് ഫൊക്കാനയെ ഉയരങ്ങളിലേക്ക് എത്തിക്കാൻ കഴിയുമെന്ന ആത്മവിശ്വാസം ഞങ്ങൾക്കുണ്ട്.” – ഇതായിരുന്നു മീറ്റിംഗുകളിൽ സംബന്ധിച്ച ഭൂരിഭാഗം പേരും സ്വകര്യ സംഭാഷങ്ങളിൽ വ്യക്തമാക്കിയത്.
ഫൊക്കാന പ്രസിഡണ്ട് സ്ഥാനാർത്ഥിയാകുന്നവർ ആ വർഷത്തെ കൺവെൻഷന് സ്‌പോൺസർഷിപ്പ് നൽകുന്ന ഒരു പതിവുണ്ട്. കൺവെൻഷൻ പേട്രൺ ആകണമെന്നത് തന്റെ തീരുമാനമായിരുന്നില്ല. ഫൊക്കാനയുടെ ഇപ്പോഴത്തെ ഭാരവാഹികൾ അഭ്യർത്ഥിച്ചതുകൊണ്ടാണ് താൻ സ്‌പോൺസർഷിപ്പ് എടുത്തത്. 55,000 ഡോളർ നൽകുക എന്നത് എന്നെ സംബന്ധിച്ച് വലിയ കാര്യമല്ല. കഴിഞ്ഞ തവണ ന്യൂജേഴ്‌സിയിൽ നടക്കാനിരുന്ന കൺവെൻഷനും താൻ റോയൽ പേട്രൺ സ്‌പോൺസർഷിപ്പ് എടുത്തിരുന്നു. കൺവെൻഷൻ റദ്ധാക്കിയതുകൊണ്ട് ഭാരവാഹികൾ പണം മടക്കി നൽകി.
കൺവെൻഷന് സ്‌പോൺസർഷിപ്പ് നൽകിയതിന് ഫൊക്കാന ഭാരവാഹികൾ തനിക്ക് ഏറെ ആദരവും നന്ദിയും അർപ്പിച്ചിട്ടുണ്ട്. കൺവെൻഷനിൽ പങ്കെടുക്കാൻ വെറും 750 ഡോളറിന്റെ സിംഗിൾ രെജിസ്ട്രേഷൻ മാത്രമെടുത്തതല്ലാതെ ഒരു ചില്ലിക്കാശുപോലും കൊടുക്കാതെ ഇത്തരക്കാർ എങ്ങനെയാണ് ജയിച്ചാൽ അടുത്ത കൺവെൻഷൻ നടത്തുക.? അദ്ദേഹം ചോദിക്കുന്നു.
ഡെലിഗേറ്റുമാരോട് താൻ വിഭാവനം ചെയ്ത പദ്ധതികൾ വിവരിച്ചു. അവർക്കത് ഇഷ്ട്ടമായി. അവർക്ക് എന്നോടും എന്റെ നേതൃത്വത്തോടും ഇഷ്ട്ടമായെന്നാണ് താൻ വിശ്വസിക്കുന്നത്. അതുകൊണ്ട് തന്നെ എല്ലാ വേദിയിലും പറഞ്ഞത് ഒരേ ഒരു കാര്യമാണ് ” നിങ്ങൾക്ക് എന്റെ ആശയങ്ങളും സ്വപ്നങ്ങളും ഇഷ്ട്ടമായെങ്കിൽ എന്നെ വിജയിപ്പിക്കുക. മറിച്ചാണെങ്കിലും കുഴപ്പമില്ല.”- അദ്ദേഹം ആവർത്തിച്ചു വ്യക്തമാക്കുന്നു.
താൻ പ്രതിപക്ഷ ബഹുമാനമുള്ള ഒരു നേതാവാണ്. കഴിഞ്ഞ ദിവസം പത്ര സമ്മേളനം നടത്തിയപ്പോൾ എതിർ സ്ഥാനാർത്ഥിയുടെ കരം പിടിച്ചാണ് മാധ്യമ പ്രവത്തകരെ അഭിസംബോധന ചെയ്തത്. ” ഞങ്ങളെ രണ്ടു പേരെയും സപ്പോർട്ട് ചെയ്യണം “- ഇതായിരുന്നു തന്റെ വാക്കുകൾ. എന്നാൽ ആ മര്യാദ പോലും കാട്ടാതെ എതിർ സ്ഥാനാർഥി പറഞ്ഞ വാക്കുകൾ ഇതായിരുന്നു. ” കഴിഞ്ഞ തവണ അനുരഞ്ജനത്തിന്റെ ഭാഗമായി എന്നെ ഇത്തവണ പ്രസിഡണ്ട് ആക്കാമെന്നു ഫൊക്കാന നേതാക്കന്മാർ വാക്കു നൽകിയതാണ്. ആ വാക്ക് പാലിക്കണം” ഇതായിരുന്നു അവരുടെ അഭ്യർത്ഥന.
എന്താണ് ആ വാക്കുകളുടെ അർത്ഥം. എന്തിനായിരുന്നു അനുരഞ്ജനം. ഓരോ തവണ പ്രസിഡണ്ട് സ്ഥാനാർത്ഥിയായി നിന്ന് തോറ്റപ്പോഴും ഫൊക്കാനയ്‌ക്കെതിരെ കേസ് നൽകി. പിന്നീട് കേസിൽ നിന്ന് പിന്മാറി അനുരജ്ഞമെന്നു പറഞ്ഞു തിരികെ കയറി. ഒരാൾ മാത്രം കേസിൽ നിന്നു പിന്മാറിയാൽ കേസ് ഇല്ലാതാകുമോ. കഴിഞ്ഞ രണ്ടു ഭരണസമിതിക്കെതിരെയും ഇവർ നൽകിയ കേസ് അവരുടെ പേരിൽ തന്നെ ഇപ്പോഴും നിലനിക്കുന്നുണ്ട്. ഓരോ കേസിന്റയും നടത്തിപ്പിന് ഫൊക്കാനയ്ക്ക് കുറഞ്ഞത് ഒരു ലക്ഷം ഡോളറെങ്കിലും ചെലവായിട്ടുണ്ട്. ഇതൊക്കെ മറ്റുള്ളവർ അധ്വാനിച്ചുണ്ടാക്കിയ പണമാണ്. മറ്റു പല നല്ല കാര്യങ്ങൾക്ക് വേണ്ടി ഗുണകരമാകേണ്ട പണമാണ് വെറുതെ പാഴാക്കി കളഞ്ഞത്.
ഞാൻ കേസിൽ നിന്നു പിന്മാറി .ഇനി കേസിന്റെ ബാധ്യത നിങ്ങൾ ഏറ്റെടുത്തോ. എനിക്ക് പ്രസിഡണ്ട് ആകണം…. എന്തൊരു ചിന്താഗതിയാണിത്?
“എന്തായാലും ഒരു കാര്യം ഉറപ്പിക്കാം. ഡോ. ബാബു സ്റ്റീഫൻസ് ഒരു വാക്കേ ഉള്ളു. ജയിച്ചാൽ ഫൊക്കാനയെ മറ്റൊരു തലത്തിലേക്ക് നയിക്കും. തോറ്റാൽ ഞാൻ ഇവിടെത്തന്നെയുണ്ടാകും. തെരഞ്ഞെടുപ്പിൽ തോറ്റെന്നു കരുതി ഡിപ്രെഷൻ അടിക്കാമോ ആരെയും കോടതി കയറ്റാനോ ബാബു സ്റ്റീഫൻ ഉണ്ടാകില്ല. ജയിച്ചാൽ നിങ്ങൾ എന്നെ സ്വീകരിച്ചു; തോറ്റാൽ നിങ്ങൾ എന്നെ തിരസ്‌ക്കരിച്ചു. അത്ര മാത്രമേ താൻ ഈ തെരഞ്ഞടുപ്പിനെ കാണുന്നുള്ളൂ,” അദ്ദേഹം വ്യകത്മാക്കി.