തിരുവനന്തപുരം: സോളാർ തട്ടിപ്പ് കേസിലെ പ്രതി നൽകിയ പീഡന പരാതിയില്‍ അറസ്റ്റിലായ മുൻ എം.എൽ.എ പി.സി ജോർജിന് ഉപാധികളോടെ ജാമ്യം അനുവദിച്ചു. വാദം കേട്ട ശേഷം ഒന്നാം ക്ലാസ് III മജിസ്‌ട്രേറ്റാണ് ജാമ്യം അനുവദിച്ചത്.
പ്രോസിക്യൂഷൻ ഉന്നയിച്ച വാദങ്ങൾ കോടതി അംഗീകരിച്ചില്ല. മതവിദ്വേഷ പ്രസംഗം ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയാണ്. ജാമ്യം ലഭിച്ചാൽ സാക്ഷികളെ സ്വാധീനിക്കും. കോടതി അനുവദിച്ച ജാമ്യ വ്യവസ്ഥകൾ പ്രതികൾ ലംഘിച്ചതായും പ്രോസിക്യൂഷൻ വാദിച്ചു. നിലവിൽ ഒമ്പത് കേസുകളിൽ പ്രതിയാണ് പി സി ജോർജ്.
പരാതിക്കാരിക്ക് വിശ്വാസ്യതയില്ലെന്ന് പ്രതിഭാഗം വാദിച്ചു. മുൻ മുഖ്യമന്ത്രിക്കെതിരെയാണ് ഇവർ ബലാത്സംഗ പരാതി നൽകിയത്. രാഷ്ട്രീയമായി കെട്ടിച്ചമച്ച കേസാണിത്. പി.സി. ജോർജ്ജ് ഹൃദ്രോഗിയും ഉയർന്ന രക്തസമ്മർദ്ദവുമുള്ള ആളാണ്. അതുകൊണ്ട് തന്നെ ജയിലിലടക്കേണ്ടതില്ലെന്ന് പ്രതിഭാഗം വാദിച്ചു.
ജോർജിന് പരാതിയുണ്ടോയെന്ന് കോടതി ചോദിച്ചു. ക്രൈംബ്രാഞ്ച് കേസുമായി ബന്ധപ്പെട്ടാണ് വിളിപ്പിച്ചത്. ഇത്തരമൊരു പരാതി ഉണ്ടെന്ന് താൻ അറിയുകയോ തന്നെ അറിയിക്കുകയോ ചെയ്തിട്ടില്ല. നിയമ സഹായമുള്‍പ്പടെയുള്ള നടപടികൾക്ക് സമയം കിട്ടിയില്ല. തനിക്ക് നിരവധി ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും ജോർജ് കോടതിയെ അറിയിച്ചു.