കൊച്ചി: താനും കുടുംബവും ഏത് നിമിഷവും കൊല്ലപ്പെട്ടേക്കാമെന്ന് സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് പറഞ്ഞു. തന്റെ ജീവൻ അപകടത്തിലാണ്. തനിക്ക് നിരന്തരം ഭീഷണി സന്ദേശങ്ങൾ വരുന്നുണ്ടെന്നും മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നത് അവസാനിപ്പിക്കണമെന്നാണ് അവരുടെ ആവശ്യം എന്നും സ്വപ്ന പറഞ്ഞു.
‘താനും കുടുംബവും ഏത് നിമിഷവും കൊല്ലപ്പെടാൻ സാധ്യതയുണ്ട്. പേരും വിലാസവും പറഞ്ഞാണ് ഫോണില്‍ ഭീഷണിപ്പെടുത്തുന്നത്. ഇക്കാര്യത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്.’ ആദ്യ ഫോൺ കോൾ എടുത്തത് മകനായിരുന്നു. ആ വിളിയിൽ കെ.ടി. ജലീൽ പറഞ്ഞതുകൊണ്ടാണ് വിളിക്കുന്നതെന്ന് പെരിന്തൽമണ്ണ സ്വദേശി നൗഫല്‍ എന്നയാള്‍ പറഞ്ഞത്.
മരട് അനീഷിന്റെ പേരിലും ഭീഷണി സന്ദേശം വന്നിട്ടുണ്ടെന്നും സ്വപ്‌ന പറഞ്ഞു. ഇഡിയുടെ അന്വേഷണം തടസപ്പെടുത്താനാണ് ഈ ഭീഷണിയെന്നാണ് മനസിലാകുന്നത്. ഗൂഢാലോചന കേസില്‍ ക്രൈം ബ്രാഞ്ച് വിളിപ്പിച്ചെങ്കിലും പോകാന്‍ സാധിച്ചിട്ടില്ല. ക്രൈം ബ്രാഞ്ചിന്റെ അന്വേഷണത്തോട് സഹകരിക്കും.
ഇഡി അന്വേഷണം നടക്കുന്നതിനാലാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഹാജരാകാന്‍ സാധിക്കാത്തത്. ഇഡി അന്വേഷണം തടസപ്പെടുത്താനാണ് ക്രൈം ബ്രാഞ്ച് ശ്രമിക്കുന്നതെന്നും സ്വപ്‌ന ആരോപിച്ചു. ഭീഷണി സന്ദേശങ്ങള്‍ക്ക് തെളിവായി ഫോണ്‍ കോളുകളുടെ റെക്കോഡിംഗുകളും സ്വപ്‌ന പുറത്ത് വിട്ടു.