വയനാട്: രാഹുൽ ഗാന്ധിയുടെ ഓഫീസിന് നേരെയുണ്ടായ ആക്രമണത്തെ തുടർന്ന് എസ്എഫ്‌ഐയുടെ വയനാട് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടു. എസ്എഫ്ഐ സംസ്ഥാന കമ്മിറ്റിയാണ് പിരിച്ചു വിട്ടത്. പകരം ഏഴംഗ അഡ് ഹോക്ക് കമ്മിറ്റി രൂപീകരിച്ച് ചുമതല നൽകി. ആക്രമണവുമായി ബന്ധപ്പെട്ട് മൂന്ന് വനിതാ പ്രവര്‍ത്തകരുള്‍പ്പടെ ഇതുവരെ 30 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
പ്രതികള്‍ക്കെതിരെ പോലീസ് ഉദ്യോഗസ്ഥരെ മര്‍ദിച്ചതിനും പൊതുമുതല്‍ നശിപ്പിച്ചതിനും ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് ജോയല്‍ ജോസഫ്, സെക്രട്ടറി ജിഷ്ണു ഷാജി എന്നിവരെ ഉള്‍പ്പെടെയാണ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കല്‍പ്പറ്റയിലെ രാഹുല്‍ ഗാന്ധിയുടെ എംപി ഓഫിസിലേക്ക് കഴിഞ്ഞ മാസം 24ന് ആണ് എസ്എഫ്‌ഐ ആക്രമണം ഉണ്ടായത്.
ബഫർ സോൺ പ്രശ്നത്തില്‍ രാഹുൽ ഗാന്ധി ഇടപെട്ടില്ലെന്നാരോപിച്ചായിരുന്നു എസ്‌എഫ്‌ഐ പ്രവർത്തകർ ഓഫീസിലേക്ക് തള്ളിക്കയറി സാധനങ്ങൾ അടിച്ചു തകർത്തത്. എംപി ഓഫീസിന്റെ ഷട്ടറുകള്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തകര്‍ത്തു. ജനല്‍ വഴി കയറിയ ചില പ്രവര്‍ത്തകര്‍ വാതിലുകളും തകര്‍ത്തു. ഫയലുകള്‍ വലിച്ചെറിഞ്ഞു. കസേരയില്‍ വാഴയും വച്ചശേഷമാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധം അവസാനിപ്പിച്ചത്.