പാലക്കാട്: ആശുപത്രിയിൽ നവജാത ശിശു മരണപ്പെട്ടതിനു പിന്നാലെ അമ്മയും മരിച്ച സംഭവം അമിത രക്തസ്രാവമാണ് കാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. പാലക്കാട് തങ്കം ആശുപത്രിയിലാണ് സംഭവം. ചിറ്റൂർ തത്തമംഗലം സ്വദേശി ഐശ്വര്യ (25) യാണ് പ്രസവത്തെത്തുടര്‍ന്ന് മരണപ്പെട്ടത്. ചികിത്സാ പിഴവിന് മൂന്ന് ഡോക്ടർമാർക്കെതിരെ പൊലീസ് കേസെടുത്തു. നവജാത ശിശുവിന്റെ കഴുത്തിൽ പൊക്കിൾക്കൊടി ചുറ്റി വലിഞ്ഞുമുറുകിയ നിലയിലായിരുന്നു എന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടില്‍ പറയുന്നു. ഡോക്ടർമാരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി.
ആറ് ദിവസം മുമ്പാണ് യുവതിയെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആദ്യം സിസേറിയൻ വേണ്ടിവരുമെന്ന് ഡോക്ടർമാർ പറഞ്ഞു. സ്‌കാൻ റിപ്പോർട്ടിൽ കുട്ടിക്ക് സ്ഥാനചലനമുണ്ടെന്നും ശരീരഭാരം കൂടുന്നുണ്ടെന്നും അതിനാൽ സാധാരണ പ്രസവം നടക്കില്ലെന്നും ഡോക്ടർമാർ അറിയിച്ചു. എന്നാൽ, പിന്നീട് സാധാരണ പ്രസവം മതി എന്നും പറഞ്ഞതായി ബന്ധുക്കള്‍ പറയുന്നു. കുട്ടിയെ പുറത്തെടുക്കാൻ ഒരു വാക്വം ഉപയോഗിച്ചു. ഇതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം. കുട്ടിയുടെ കഴുത്തിൽ പൊക്കിൾക്കൊടി ചുറ്റിയിരുന്നതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
വാക്വം ഉപയോഗിച്ച് നടത്തിയ ശ്രമത്തിനിടെയുണ്ടായ ബുദ്ധിമുട്ടുകളൊക്കെ നവജാത ശിശുവിന്റെ ശരീരത്തിലുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. കുട്ടി മരിച്ച് 24 മണിക്കൂറിനകം അമ്മ ഐശ്വര്യയും മരിക്കുകയായിരുന്നു. അമിത രക്തസ്രാവമാണ് മരണത്തിന് ഇടയാക്കിയത്. ബന്ധുക്കള്‍ വലിയ പ്രതിഷേധവുമായി എത്തിയത് ആശുപത്രി പരിസരത്ത് സംഘര്‍ഷാന്തരീക്ഷം സൃഷ്ടിച്ചു. ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്യണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. മുതിര്‍ന്ന ഡോക്ടര്‍മാരായിരുന്നു ആദ്യം നോക്കിയിരുന്നതെങ്കിലും പ്രസവസമയത്ത് ജൂനിയര്‍ ഡോക്ടര്‍മാര്‍ മാത്രമാണുണ്ടായിരുന്നതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
അതിനാല്‍ ഡോക്ടര്‍മാക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്നും ബന്ധുക്കള്‍ ആവശ്യമുന്നയിച്ചു. പൊലീസ് ഇവരെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. തുടര്‍ന്ന് ഡോക്ടര്‍മാരായ പ്രിയദര്‍ശിനി, അജിത്, നിള എന്നിവര്‍ക്കെതിരെ ചികിത്സാ പിഴവിന് കേസ് എടുക്കാന്‍ പൊലീസ് നിര്‍ബന്ധിതമായി. മെഡിക്കൽ ബോർഡ് യോഗം ചേർന്ന് ചികിത്സാ പിഴവ് കണ്ടെത്തിയാൽ മാത്രമേ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാൻ കഴിയൂ എന്നാണ് അധികൃതര്‍ പറയുന്നത്. ആർഡിഒയുടെ ഉറപ്പിനെ തുടർന്ന് ബന്ധുക്കൾ ആശുപത്രി പരിസരം വിട്ടു.