(ഹാള്‍ട്ടണ്‍ സിറ്റി (ഡാളസ്): ശനിയാഴ്ച വൈകീട്ട് 7 മണിയോടെ ഹാള്‍ട്ടണ്‍ സിറ്റിക്കു സമീപമുള്ള വീട്ടില്‍ പതിയിരുന്നാക്രമിച്ചതിനെ തുടര്‍ന്ന് ഗണ്‍മാന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെടുകയും മൂന്ന് പോലീസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ജൂലായ് 3 ഞായറാഴ്ച സാര്‍ജന്റ് റിക്ക് അലക്‌സാണ്ടര്‍ അറിയിച്ചു. വെടിയേറ്റ പോലീസുകാരുടെ പരിക്ക് ഗുരുതരമല്ല. വീട്ടിലുണ്ടായിരുന്ന പ്രായമായ ഒരു സ്ത്രീയാണ് 911 വിളിച്ചു പോലീസിനെ വിവരം അറിയിച്ചത്.
സംഭവ സ്ഥലത്ത് എത്തിയ പോലീസ് കോളിന്‍ ഡേവിസി(33)ന്റെ മൃതദ്ദേഹം വീടിനു പുറത്തും, ആംബര്‍ സായിയുടെ(32) മൃതദേഹം വീട്ടിനകത്തും കണ്ടെത്തി . വെടിയേറ്റ പോലീസ് ഉദ്യോഗസ്ഥരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
രണ്ടു പേരെ കൊലപ്പെടുത്തിയശേഷം പ്രതി 28 വയസ്സുള്ള എഡ് വേര്‍ഡ് ഫ്രീമാന്‍ വീടിനകത്ത് പ്രതിരോധം തീര്‍ത്ത പോലീസിന് നേരെ നിറയൊഴിച്ചു. പോലീസ് തിരിച്ചും വെടിവെച്ചു. നിരവധി വെടിയൊച്ച കേട്ടതായി സമീപവാസികള്‍ പറഞ്ഞു. ഒടുവില്‍ അക്രമി സ്വയം വെടിവെച്ചു ജീവനൊടുക്കുകയായിരുന്നു. ഇയാളുടെ കൈവശം മിലിട്ടറിക്കാര്‍ ഉപയോഗിക്കുന്ന റൈഫിളും, ഒരു ഹാന്‍ഡ് ഗണ്ണും ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു.
ഹാള്‍ട്ടണ്‍ സിറ്റിയിലെ ക്രൈസ്റ്റ് ദി കിംഗ് ലൂതറന്‍ ചര്‍ച്ചിനു സമീപമായിരുന്നു വെടിവെപ്പുണ്ടായത്. ഗണ്‍മാന്‍ എഡ് വേര്‍ഡ് 2014 മുതല്‍ യു.എസ്. ആര്‍മി ഇന്‍ഫാന്‍ട്രി ടീം ലീഡറാണെന്ന് സ്ഥിരീകരികാത്ത റിപ്പോര്‍ട്ടില്‍ പറയുന്നു. ഹൂമൊന്‍ വെടിവെപ്പു നടത്തുന്നതിനുള്ള കാരണത്തെ കുറിച്ചു പോലീസ് നിശ്ശബ്ദത പാലിച്ചു.