സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെച്ചൊല്ലി സര്‍ക്കാര്‍ നിരന്തരം എച്ച്ആർഡിഎസിനെ വേട്ടയാടുകയാണെന്ന് ആരോപിച്ച് അവരെ ജോലിയില്‍ നിന്ന് പുറത്താക്കി. സ്വപ്‌നയ്‌ക്കെതിരായ അന്വേഷണങ്ങൾ സ്ഥാപനത്തിന്റെ നിലനില്പിനെ ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. സർക്കാർ എച്ച്ആർഡിഎസിനെ നിരന്തരം വേട്ടയാടുകയും ജീവനക്കാരെ അനാവശ്യമായി ചോദ്യം ചെയ്യുകയും ചെയ്യുന്നുവെന്ന് പ്രോജക്ട് ഡയറക്ടർ ജോയ് മാത്യു വിശദീകരിച്ചു. എന്നാൽ, സ്വപ്നയുടെ സൗജന്യ സേവനം തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ സ്വപ്‌നയെ വനിതാ ശാക്തീകരണ ഉപദേശക സമിതി ചെയർപേഴ്‌സണായി എച്ച്ആർഡിഎസ് തിരഞ്ഞെടുത്തു.
സ്വര്‍ണക്കടത്ത് കേസ് പ്രതിയെ എച്ച്ആര്‍ഡിഎസ് ചെല്ലും ചെലവും നല്‍കി പരിപാലിക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ നിയമസഭയിലെ വാക്കുകള്‍ പരാതിയായി എച്ച്ആര്‍ഡിഎസ് സ്വമേധയാ സ്വീകരിച്ചാണ് നടപടി. സ്വപ്‌നയുടെ അഭിപ്രായംകൂടി ചോദിച്ചശേഷമാണ് തീരുമാനമെടുത്തതെന്നും എച്ച്ആര്‍ഡിഎസ് അറിയിച്ചു. കഴിഞ്ഞ നാലുമാസമായി സ്വപ്‌ന സുരേഷ് എച്ച്ആര്‍ഡിഎസില്‍ ജോലി ചെയ്തുവരികയായിരുന്നു.
കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി വര്‍ക് ഫ്രം ഹോം സംവിധാനത്തില്‍ വീട്ടിലിരുന്നായിരുന്നു സ്വപ്‌ന സ്ഥാപനത്തിനായി പ്രവര്‍ത്തിച്ചത്. പാലക്കാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ എന്‍ജിഒ ആണ് എച്ച്ആര്‍ഡിഎസ്. സിഎസ്ആര്‍ ഡയറക്ടറായി ഫെബ്രുവരിയിലായിരുന്നു നിയമനം നല്‍കിയത്.