ബിഹാർ യുവതിയുടെ കുഞ്ഞിന്റെ പിതൃത്വം ബിനോയ് കോടിയേരി അംഗീകരിച്ചു; കോടതിയില്‍ ഹര്‍ജി നല്‍കി

മുംബൈ: കുട്ടിയെ വളർത്താൻ ‘സമവായത്തിലെത്തിയതായി’ കാണിച്ച് ബിഹാര്‍ സ്വദേശിനി യുവതിയും ബിനോയിയും സംയുക്ത ഹർജി കോടതിയില്‍ സമര്‍പ്പിച്ചു. കുട്ടിയുടെ ഭാവി കണക്കിലെടുത്താണ് കേസ് പിൻവലിക്കാൻ തീരുമാനിച്ചതെന്ന് ഇവർ വ്യക്തമാക്കി.

എന്നാൽ, ഒരു ക്രിമിനൽ കേസ് കോടതിക്ക് പുറത്ത് തീർപ്പാക്കാനാകില്ലെന്ന് ജസ്റ്റിസ് നിതിൻ ജംദാർ, ജസ്റ്റിസ് എൻആർ ബോർകർ എന്നിവരുടെ ബെഞ്ച് പറഞ്ഞു. ബിനോയ് ബലാത്സംഗക്കേസിൽ പ്രതിയാണെന്ന് ഹരജിക്കാരെ ഓർമിപ്പിച്ചു.

കുട്ടിയുടെ പിതാവ് ബിനോയ് ആണെന്നാണ് ഏറ്റവും പുതിയ ഹർജിയിൽ പറയുന്നത്. ഇരുവരും വിവാഹിതരായോയെന്ന് കോടതി ചോദിച്ചപ്പോൾ ബിനോയിയുടെ അഭിഭാഷകൻ വിവാഹിതരായിട്ടില്ലെന്നും യുവതിയുടെ അഭിഭാഷകൻ വിവാഹിതരാണെന്നും പറഞ്ഞു. അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറും യുവതിയുടെ അഭിഭാഷകനെ പിന്തുണച്ചു.

കേസ് ഒത്തുതീർപ്പാക്കാനുള്ള ഹർജി പരിഗണിക്കുന്നതിന് മുമ്പ് വിവാഹത്തെക്കുറിച്ചുള്ള ആശയക്കുഴപ്പം ആദ്യം പരിഹരിക്കണമെന്ന് കോടതി പറഞ്ഞു.

ബലാത്സംഗക്കേസ് കെട്ടിച്ചമച്ചതാണെന്ന് ബിനോയ് നേരത്തെ പറഞ്ഞിരുന്നു. കോടതിയിൽ സമർപ്പിച്ച ഡിഎൻഎ റിപ്പോർട്ട് ഇനിയും പുറത്തുവന്നിട്ടില്ല.

ഡിഎന്‍എ പരിശോധന നടത്തി കുട്ടിയുടെ പിതൃത്വം ആരാണെന്നത് തെളിയിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. പിന്നാലെ ഡിഎന്‍എ പരിശോധന നടത്തുകയും ചെയ്തു. രണ്ടു വര്‍ഷത്തോളമായി ഇതിന്റെ ഫലം ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. സീല്‍ ചെയ്ത കവറില്‍ രജിസ്ട്രാറുടെ പക്കലാണ് ഫലമുള്ളത്. ഇത് പരിശോധിക്കുന്നത് അടക്കമുള്ള കാര്യങ്ങളില്‍ നിയമനടപടികള്‍ മന്ദഗതിയില്‍ പോകുന്നതിനിടെയാണ് കേസ് ഒത്തുതീര്‍പ്പാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി യുവതിയും ബിനോയ് കോടിയേരിയും ഒപ്പിട്ട അപേക്ഷ കോടതിയില്‍ നല്‍കിയത്.

കുട്ടിയുടെ ഭാവി പരിഗണിച്ചാണ് ഒത്തുതീര്‍പ്പിലേക്ക് പോകുന്നതെന്ന് ഇരുകക്ഷികളും അറിയിച്ചു. ക്രിമിനല്‍ കേസ് ആയതിനാല്‍ ഇതിന്റെ വശങ്ങള്‍ പരിശോധിച്ചശേഷമേ തീരുമാനമെടുക്കാനാകൂ എന്ന് വ്യക്തമാക്കി കോടതി അപേക്ഷ മാറ്റിവച്ചു. ജീവനാംശം നല്‍കി കേസ് ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമങ്ങള്‍ നേരത്തേ തന്നെ നടക്കുന്നുണ്ടായിരുന്നു. ഒത്തുതീര്‍പ്പ് വ്യവസ്ഥകളില്‍ ഇപ്പോള്‍ പരസ്യ പ്രതികരണത്തിനില്ലെന്ന് ബിനോയ് പ്രതികരിച്ചു.

Print Friendly, PDF & Email

Leave a Comment

More News